കൊച്ചി: 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിനിടെ കൊച്ചിയില്‍ ബോംബ് ആക്രമണമുണ്ടായോ? അങ്ങനെയൊരു കഥ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പല കൊച്ചിക്കാരുടെയും ഓര്‍മകളില്‍ ആ കഥയും കാലവുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും പുതിയൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയെന്നു തോന്നിപ്പിച്ച ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായി, കൊച്ചിയിലെ ആ ബോംബ് കഥ. എന്താണ് അതിന്‍റെ വാസ്തവം?
കൊച്ചി കായലില്‍ പാകിസ്ഥാന്‍ ബോംബ് ഇട്ടത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോയെന്ന് പ്രസാധകന്‍ സിഐസിസി ജയചന്ദ്രന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പലരും അതിന് മറുപടി നല്‍കി. ചിലര്‍ സംഭവം നടന്നതായാണ് പറയുന്നത്. മറ്റ് ചിലര്‍ അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.
എന്നാല്‍ 1965ല്‍ കൊച്ചിയില്‍ നടന്ന ബോംബ് ആക്രമണത്തിന്റെ പൊതു രേഖകളൊന്നുമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ''അന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ചിലപ്പോള്‍ ഒരു ബോംബ് ആയിരുന്നില്ലായിരിക്കാം. അതിന് പിന്നില്‍ പാകിസ്ഥാനും ആയിരിക്കില്ല. പക്ഷേ, അന്നത്തെ പരിഭ്രാന്തി, ഉച്ചത്തിലുള്ള സൈറണുകള്‍, നഗരത്തിലുടനീളം പായുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍...'', ഇതെല്ലാം ജയചന്ദ്രന്‍ ഓര്‍മിക്കുന്നു.
നാവിക കമാന്‍ഡ്, കൊച്ചി തുറമുഖം, പഴയ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമായ വില്ലിങ്ടണ്‍ ദ്വീപിലെ ഒരു ചതുപ്പില്‍ ഒരു പ്രൊജക്ടൈല്‍ പതിച്ചുവെന്നാണ് ഊഹാപോഹങ്ങളുളള്ളത്. ഈ ബോംബ് കഥ പലര്‍ക്കിടയിലും പ്രചരിച്ചുവെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്‍ എസ് മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഇപ്പോള്‍ വീണ്ടും ഈ നിഗൂഢ ബോംബ് കഥ ചര്‍ച്ചയായിരിക്കുകയാണ്. അക്കാലത്തെ ആയുധങ്ങളുടെ പരിമിതി, പാകിസ്ഥാനും കൊച്ചിയും തമ്മിലുളള ദൂരം, ചരിത്ര രേഖകളുടെ അഭാവം എന്നിവയും ബോംബ് കഥയെ സാധൂകരിക്കുന്നതല്ലെന്ന് ചിലര്‍ പറയുന്നു.
എഴുത്തുകാരന്‍ പ്രൊഫ. എം കെ സാനുവും ഇതേക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. കൊച്ചിയില്‍ ഒരു ബോംബ് വീണതായും അത് പൊട്ടിത്തെറിക്കാതെ നിര്‍വീര്യമായിപ്പോയെന്നും താന്‍ കേട്ടിട്ടുള്ളതായും സാനു മാഷും പറയുന്നു. എന്നാല്‍, അത് കേട്ട് കേള്‍വി മാത്രമാണെന്നും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറയുന്നു.
1965 ല്‍ പാകിസ്ഥാന്‍ ബോംബും രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയില്‍ ഒരു ജാപ്പനീസ് ബോംബും വീണതായി കഥകളുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം കെ ദാസ് പറയുന്നു. എന്നാല്‍ രണ്ടിനും യാതൊരു തെളിവുകളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കൊച്ചി മേയറും ഇന്റാക്(ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ച് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ്) സംസ്ഥാന കണ്‍വീനറുമായ കെ സോഹന്‍ ആ ദിവസങ്ങളെ ഓര്‍ത്തെടുക്കുന്നതിങ്ങനെ, ''അത് ശരിക്കും ഭയാനകമായ ദിവസങ്ങളായിരുന്നു. ദാരിദ്ര്യത്തില്‍ വലഞ്ഞിരുന്ന കാലം. അന്ന് വില്ലിങ്ടണ്‍ ഐലന്റ് പ്രധാനപ്പെട്ട സ്ഥലമായിരുന്നു. ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ധാന്യങ്ങളും തുറമുഖം വഴിയാണ് എത്തിച്ചിരുന്നത്. തുടരെത്തുടരെ വൈദ്യുതി മുടങ്ങിയിരുന്നു. സൈറണുകള്‍ കേള്‍ക്കാമായിരുന്നു. വില്ലിങ്ടണ്‍ ഐലന്റില്‍ ബോംബ് വീണെന്നാണ് എല്ലാവരും കേള്‍ക്കുന്ന വാര്‍ത്ത. എല്ലാവരും ഭയന്നു. പല കുടുംബങ്ങളും പലായനം ചെയ്യാന്‍ തീരുമാനിച്ചു. പലരും പായ്ക്ക് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഓടി'', അദ്ദേഹം പറയുന്നു. എന്നാല്‍ അതൊരു ഭയം മാത്രമായിരുന്നോ എന്നാണ് സംശയം. കാരണം ഒരു സൈനിക ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. അതിന് തെളിവുകളോ രേഖകളോ ഇല്ലെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates