Toddy Shop arrest AI Generated for representative purpose
Kerala

40 വർഷത്തെ ഒളിജീവിതം, പുതിയ പേര്, പുതിയ കുടുംബം; ഒടുവിൽ കള്ളുഷാപ്പിലെ വീരവാദത്തിൽ കുടുങ്ങി കൊലക്കേസ് പ്രതി

സഹോദരീഭർത്താവിനെ കഴുത്തറുത്ത് കൊന്ന ശേഷം മുങ്ങിയത് 25-ാം വയസ്സിൽ; രാജനായി ജീവിച്ച മോഹനൻ പിള്ളയെ പിടികൂടി പൂയപ്പള്ളി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊല്ലം: നാൽപ്പത് വർഷം മുൻപ് സഹോദരീഭർത്താവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം നാടുവിട്ട് പുതിയ പേരിൽ കുടുംബമായി ജീവിച്ചുപോന്ന പ്രതിയെ പൂയപ്പള്ളി പൊലീസ് അതിസാഹസികമായി പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ വേലായുധൻ പിള്ളയുടെ മകൻ മോഹനൻ പിള്ളയാണ് (64) പതിറ്റാണ്ടുകൾക്ക് ശേഷം നിയമത്തിന് മുന്നിൽ കുടുങ്ങിയത്. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ഈ അപ്രതീക്ഷിത അറസ്റ്റ്.

1987 ജനുവരി 11-ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ചന്ദ്രശേഖരൻ പിള്ള മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കമാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ പ്രകോപിതനായ മോഹനൻ പിള്ള വെട്ടുകത്തികൊണ്ട് ചന്ദ്രശേഖരൻ പിള്ളയുടെ കഴുത്തിൽ മൂന്നോളം തവണ ആഴത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ നാട്ടിൽ നിന്നും മുങ്ങിയത്. കൃത്യം നടക്കുമ്പോൾ പ്രതിക്ക് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം.

വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക്; പുതിയ പേരിൽ രണ്ടാം ജീവിതം

കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് ആദ്യം തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് അവിടെനിന്നും രക്ഷപ്പെട്ട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം പണിക്കായി എത്തിപ്പെട്ടു. അവിടെവെച്ച് തന്റെ ഭൂതകാലവും യഥാർത്ഥ സ്വത്വവും പൂർണ്ണമായും മറച്ചുവെച്ച ഇയാൾ, 'കേശവന്റെ മകൻ രാജൻ' എന്ന വ്യാജ പേര് സ്വീകരിച്ചു.

തുടർന്ന് കല്ലറ കാലയിൽ വീട്ടിൽ വെച്ച് അവിടെയുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ആർക്കും സംശയം തോന്നാത്ത രീതിയിൽ പുതിയൊരു കുടുംബമായി താമസിക്കുകയുമായിരുന്നു. ഇയാൾക്ക് നിലവിൽ 35-ഉം 37-ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്. അച്ഛന്റെ ഭൂതകാലത്തെക്കുറിച്ച് ഈ കുടുംബത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.

വർഷങ്ങളായി പൊലീസ് ഫയലുകളിൽ പിടിക്കിട്ടാപ്പുള്ളിയായി കിടന്നിരുന്ന കേസിൽ വിചിത്രമായ ചില സംഭവങ്ങളാണ് വഴിത്തിരിവായത്

അടുത്തിടെ അസുഖം ബാധിച്ചതിനെ തുടർന്ന് പ്രതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ച് യാദൃച്ഛികമായി വെളിയം സ്വദേശിയായ ഒരാളെ കാണാനിടയായ പ്രതി, ഭയം മറന്ന് നാട്ടിലെ ചില വിവരങ്ങൾ ഇയാളോട് തിരക്കി. ഈ വിവരം രഹസ്യവിവരമായി പൂയപ്പള്ളി പൊലീസിന്റെ ചെവിയിലുമെത്തി.

പൊലീസിന്റെ അടിയന്തര ഇടപെടലിൽ പ്രതിയുടെ അകന്ന ബന്ധുക്കളിൽ നിന്നും മെഡിക്കൽ കോളേജിൽ വെച്ച് സംസാരിച്ചയാളിൽ നിന്നും സുപ്രധാന സൂചനകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കോട്ടയം കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും അവിടുത്തെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും പ്രാദേശിക സോഴ്സുകളും വഴി നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

നിലവിൽ താമസിക്കുന്ന വീടിനടുത്തുള്ള ഒരു കള്ളുഷാപ്പിൽ ജോലി ചെയ്തുവരികയായിരുന്ന പ്രതി, കഴിഞ്ഞ ദിവസം മദ്യലഹരിയിൽ അവിടെവെച്ച് മറ്റുള്ളവരുമായി വഴക്കുണ്ടാക്കി. തർക്കത്തിനിടയിൽ "കേസൊന്നും തനിക്ക് പുത്തരിയല്ല" എന്ന് ഇയാൾ അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞു. പൊലീസിന്റെ നിർദ്ദേശപ്രകാരം പ്രതിയെ നിരീക്ഷിച്ചുവന്ന ഒരു വ്യക്തി ഈ വിവരം ഉടൻ തന്നെ രഹസ്യമായി പൂയപ്പള്ളി പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യംചെയ്യലിൽ തകർന്ന് മോഹനൻ പിള്ള

വിവരം ലഭിച്ചയുടൻ പൂയപ്പള്ളി പൊലീസ് സംഘം കള്ളുഷാപ്പിലെത്തി സംശയം തോന്നിയ ആളെ കസ്റ്റഡിയിലെടുത്തു. 40 വർഷത്തോളമായി 'രാജൻ' എന്ന പേരിൽ ജീവിക്കുന്നതിനാലും പ്രായം മൂലമുണ്ടായ രൂപമാറ്റം കാരണവും ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയുക അസാധ്യമായിരുന്നു. എന്നാൽ പൊലീസിന്റെ അനുഭവസമ്പന്നമായ ചോദ്യം ചെയ്യലിന് മുന്നിൽ പ്രതിക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ താൻ വർഷങ്ങൾക്ക് മുൻപ് കൊലപാതകം നടത്തി ഒളിവിൽ പോയ മോഹനൻ പിള്ള തന്നെയെന്ന് ഇയാൾ പൊലീസിന് മുന്നിൽ സമ്മതിച്ചു.

അറസ്റ്റിലായ പ്രതിയെ സഹോദരി സരസമ്മയും മറ്റ് ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ, കൊട്ടാരക്കര ഡിവൈഎസ്പി ബിനുകുമാർ എന്നിവരുടെ കർശന നിർദ്ദേശാനുസരണം പൂയപ്പള്ളി എസ്.എച്ച്.ഓ പി. ഷാജിമോൻ, എസ്.ഐമാരായ രജനീഷ് എം, ബാലാജി എസ്. കുറുപ്പ്, സി.പി.ഓമാരായ റിജു, വിപിൻ, സജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

In a dramatic development, the Pooyappally police in Kollam have arrested a 64-year-old murder accused, Mohanan Pillai, who had been absconding for nearly 40 years after hacking his brother-in-law to death in 1987.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെഡിക്കൽ കോളജുകളിലെ 'തറയിലെ കിടത്തിച്ചികിത്സ' അവസാനിപ്പിക്കുന്നു; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല

'ഡ്രൈവിങ് ലൈസന്‍സ്' ചെയ്യില്ലെന്ന് മമ്മൂക്ക, അന്ന് വിഷമിച്ചു, പക്ഷെ പിന്നീട് കാരണം മനസിലായി; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍

ബാബര്‍ അസം വീണ്ടും പാക് ക്യാപ്റ്റന്‍; വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനെ നയിക്കും

'ഞാൻ ശ്വേതയ്ക്ക് ഒപ്പം; ഒന്നുമില്ലാതെ കോടതി വെറുതേ ഭരിച്ചോളാൻ പറയില്ലല്ലോ'