തിരുവനന്തപുരം: തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഗംഭീര തുടക്കമായി. ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ച ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍ ആദ്യ സര്‍വീസായി കെഎസ്ആര്‍ടിസി വാടകക്ക് എടുത്ത ട്രക്കില്‍ ആലുവയിലേക്ക് കയറ്റി അയച്ചു. തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കാര്‍ഗോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി ജോണ്‍ കാര്‍ഗോ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതി കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ച് വാഹനങ്ങള്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന കാര്‍ഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയില്‍ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്‌ലീറ്റായി കെഎസ്ആര്‍ടിസി മാറുമെന്നും മന്ത്രി പറഞ്ഞു.
ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ വിജയകരമായി നടപ്പാക്കിവരുന്ന കാര്‍ഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആര്‍ടിസിയും ഈ മേഖലയിലേക്ക് കടന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തില്‍ വിനിയോഗിക്കും. വെറ്റ് ലീസിനെടുത്ത അഞ്ച് ട്രക്കുകളാണ് നിലവില്‍ കാര്‍ഗോ സംവിധാനത്തിനായി ഉപയോഗിക്കുന്നത്. സ്‌കോര്‍പ്പിയോണ്‍ കാര്‍ട്ട് ലോജിസ്റ്റിക്‌സും കാര്‍ഗോ കാര്‍ട്ട് ലോജിസ്റ്റിക്‌സുമാണ് ഈ സേവനത്തിനായി കെഎസ്ആര്‍ടിസിക്ക് പിന്തുണ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ പാട്രിക് അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കര്‍, ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ പി.കെ അജു, കാര്‍ഗോ കാര്‍ട്ട് ലോജിസ്റ്റിക്‌സിന്റെ ഓപ്പറേഷന്‍ ഹെഡ്ഡായ ജയലാല്‍ ജെ.ബിയും വിജയലാല്‍ ജെ.ബിയും, സ്‌കോര്‍പ്പിയോണ്‍ ലോജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍മാരായ ഡി. വിജയന്‍, അഭിലാഷ് വിജയന്‍, അസറ്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഹെഡ് കെ.എസ് ഷിബുകുമാര്‍, ലീഡ് കാര്‍ഗോ ഹെഡ് ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സേവനങ്ങള്‍ക്കായി 99957 07131 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates