കെടി ജലീല്‍ facebook
Kerala

'യുവതുര്‍ക്കികള്‍ ശവതുര്‍ക്കികളാവുകയാണോ? സുധീരന്റെ ഈമാനെങ്കിലും വേണ്ടേ ലീഗേ?'

ഇഡിയെ ഭയന്നാണോ ലീഗ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ജലീല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: പിഎംഎവൈ, പിഎം ശ്രീ, മദ്യനികുതി വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മന്ത്രിമാര്‍ സ്വീകരിക്കുന്ന മൃദുസമീപനത്തെ വിമര്‍ശിച്ച് മുന്‍മന്ത്രി കെടി ജലീല്‍ രംഗത്ത്. മതേതര വാദികളെ വേദനിപ്പിക്കുന്ന നിലപാടാണ് കെഎം ഷാജിയും ഷംസുദ്ധീനും സ്വീകരിക്കുന്നത്. പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീട്ടില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന വ്യവസ്ഥ അംഗീകരിക്കുന്ന ഷാജിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ മരവിപ്പിച്ച പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനുള്ള മന്ത്രി ഷംസുദ്ദീന്റെ നീക്കത്തെയും ജലീല്‍ എതിര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ജലീലിന്റെ പ്രതികരണം.

പാവപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നില്‍ മോദിയുടെ ഫോട്ടോ വെക്കാന്‍ മലയാളികള്‍ ഗതികെട്ടവരല്ലെന്നും അത്രയും നിര്‍ബന്ധമാണെങ്കില്‍ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും 'ചന്ദ്രിക' പത്രത്തിന്റെ ബോര്‍ഡിന് മുകളിലും മോദിയുടെ പടം പതിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഇഡിയെ ഭയന്നാണോ ലീഗ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. പിഎം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ തന്നെ അത് നടപ്പിലാക്കുന്നത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായുള്ള വല്ല 'ഡീലിന്റെയും' ഭാഗമാണോ എന്ന് അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാതിരിക്കാനാണോ ഈ ഒത്തുതീര്‍പ്പുകളെന്നും അദ്ദേഹം ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഖാഇദെമില്ലത്തിന്റെ 'ഈമാന്‍' വേണ്ട,

സുധീരന്റെതെങ്കിലും വേണ്ടേ ലീഗേ?

കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എ.വൈ ഭവന പദ്ധതിയില്‍ മന്ത്രി ഷാജിയും പി.എം ശ്രീയില്‍ മന്ത്രി ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള്‍ അഭിമാന ബോധമുള്ളവരെയും മതേതരവാദികളെയും വല്ലാതെ വേദനിപ്പിച്ചു. ഇരുവരും എന്റെ പഴയ സഹപ്രവര്‍ത്തകരാണ്. അവര്‍ക്കെന്താണ് പറ്റിയത്? യുവതുര്‍ക്കികള്‍ ശവതുര്‍ക്കികളാവുകയാണോ? ഡോ: മുനീര്‍ പ്രസിഡണ്ടും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ ഷാജി ട്രഷററും, ഷംസുദ്ദീന്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പറുമായിരുന്നു. ഞങ്ങളുടെ കമ്മിറ്റിയില്‍ ആദ്യം മുനീറും രണ്ടാമത് ഞാനും മൂന്നാമത് ഷാജിയും ഷംസുവും സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായി. ഏറെ അഭിമാനം തോന്നിയ നിമിഷങ്ങള്‍.

കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ 2 ലക്ഷം രൂപയും നല്‍കി പണിയുന്ന വീടിന്റെ മുന്നില്‍ നരേന്ദ്രമോദിയുടെ ഫോട്ടോ വെക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വ്യവസ്ഥ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായം അങ്ങേയറ്റം പ്രതിഷേധാര്‍ഹണ്. പിണറായി സര്‍ക്കാര്‍ ആ വ്യവസ്ഥ അംഗീകരിച്ചുള്ള പണം വേണ്ടെന്നുവെച്ച് 4 ലക്ഷം രൂപ വീതം വീടൊന്നിന് കടമെടുത്ത് അതിന്റെ പലിശ സര്‍ക്കാരും വര്‍ഷങ്ങള്‍ എടുത്ത് മുതല്‍ സംഖ്യ തദ്ദേശ സ്ഥാപനങ്ങളും നല്‍കി 5 ലക്ഷം വീടുകളാണ് 10 കൊല്ലം കൊണ്ട് പണി കഴിപ്പിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത്. അടച്ചുറപ്പുള്ള ഭവനങ്ങളില്‍ അവര്‍ പാര്‍ത്തത് അങ്ങിനെയാണ്. ആ അഞ്ചു ലക്ഷം വീടുകളുടെ മുന്നില്‍ ഒരു ബോര്‍ഡും ഫോട്ടോയും വെക്കാന്‍ പിണറായി ഉത്തരവിട്ടില്ലെന്ന് മാത്രമല്ല ഒരു ഭരണ കര്‍ത്താവിന്റെയും ചിത്രം പതിക്കരുതെന്ന് കട്ടായം പറയുകയും ചെയ്തു. ഓരോ വീടും അവരവര്‍ക്ക് സ്വന്തമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ വീട്ടുകാര്‍ക്ക് വേണ്ടപ്പെട്ട അവരുടെ കാരണവന്‍മാരുടെ ഫോട്ടോകളാണ് ഓരോരുത്തരും തങ്ങള്‍ക്കു കിട്ടിയ വീടുകളുടെ മുന്‍വശത്ത് തൂക്കിയത്.

പാത്തുമ്മയുടെയും കുട്ട്യാലിയുടെയും സൈനബാത്തയുടെയും ജാനകിയുടെയും കൃഷ്ണന്റെയും ചക്കിയുടെയും ത്രേസ്യാമ്മയുടെയും ചാക്കോച്ചന്റെയും തോമാച്ചന്റെയും വീടുകള്‍ക്ക് മുമ്പില്‍ മോദിയുടെ പടം വെക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ മാത്രം ഗതികെട്ടവരല്ല മലയാളികളെന്ന് തദ്ദേശ മന്ത്രി മനസ്സിലാക്കണം. മന്ത്രിക്കെന്ന പോലെ എല്ലാവര്‍ക്കും അഭിമാനമുണ്ട്. ലീഗ് ജനങ്ങളില്‍ നിന്ന് പണം പിരിച്ചു നല്‍കുന്ന വീടിന് പച്ച നിറം അടിക്കുന്ന പോലെയോ 'ബയ്തുറഹ്മ' ബോര്‍ഡ് തൂക്കുന്നത് പോലെയോ അല്ല വീടിന് കാവി നിറം അടിക്കലും മോദിയുടെ ഫോട്ടോ സഹിതമുള്ള സ്റ്റിക്കര്‍ ഒട്ടിക്കുന്നതും.

ED പ്പേടിയാണ് ലീഗിനെ ഇത് പറയിപ്പിക്കുന്നതെങ്കില്‍ 'ചന്ദ്രിക' പത്രത്തിന്റെ ബോര്‍ഡിനു മുകളിലും കള്ളപ്പണ ഇടപാടില്‍ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടിനു മുന്നിലും മോദിയുടെ ഫോട്ടോ പതിച്ച് സായൂജ്യമടഞ്ഞാല്‍ പോരെ? എന്തിന് പാവപ്പെട്ടവന്റെ മുഖത്ത് ചാണകം വാരി എറിയണം? ഇടതുപക്ഷ സര്‍ക്കാര്‍ ആദ്യം ഒപ്പിടുകയും അപകടം തിരിച്ചറിഞ്ഞപ്പോ മരവിപ്പിക്കുകയും ചെയ്ത പി.എം ശ്രീ കേരളത്തില്‍ നടപ്പിലാക്കാന്‍ കച്ചകെട്ടി ഇങ്ങിയിരിക്കുകയാണ് എന്റെ പയ സഹപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍. UDF വന്നാല്‍ പി.എം ശ്രീ അറബിക്കടലില്‍ എറിയുമെന്നാണ് ലീഗ് ഭരണം കിട്ടാന്‍ വേണ്ടി പറഞ്ഞത്. LDF മരവിപ്പിച്ച പി.എം ശ്രീ ലീഗിന്റെ മന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ച് നടപ്പിലാക്കും എന്ന് വെല്ലുവിളിച്ചത് ബി.ജെ.പി പ്രസിഡണ്ട് സുരേന്ദ്രനാണ്. ലീഗുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാതിരിക്കാന്‍ ബി.ജെ.പിയുമായി വല്ല 'ഡീലും' സുരേന്ദ്രന്‍ മുഖേന ലീഗ് ഉണ്ടാക്കിയിട്ടുണ്ടോ?

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമാക്കി കുറച്ച് മദ്യപാനം സാര്‍വത്രികമാക്കാന്‍ 5 ലീഗ് മന്ത്രിമാരുള്ള സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ സാദിഖലി തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതുകയല്ല ചെയ്യേണ്ടത്. തന്റെ മൊബൈല്‍ ഫോണില്‍ മുഖ്യമന്ത്രിയെ വിളിച്ച് UDF സര്‍ക്കാരില്‍ ലീഗ് വേണമെങ്കില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് പിന്‍വലിക്കണമെന്നാണ് ദൃഢസ്വരത്തില്‍ പറയേണ്ടത്. അതിന് വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ വിസമ്മതിച്ചാല്‍ കുഞ്ഞാലിക്കുട്ടിയോടും മറ്റു നാല് മന്ത്രിമാരോടും രാജിവെച്ച് ഉടന്‍ പാണക്കാട്ടെത്തണമെന്നാണ് കൊടപ്പനക്കല്‍ തറവാട്ടിലെ പ്രിയപ്പെട്ട തങ്ങള്‍ കല്‍പ്പിക്കേണ്ടത്.

വീര്യം കുറഞ്ഞ മദ്യത്തിനും, മോദിയുടെ ചിത്രം വീടിനു മുന്നില്‍ തൂക്കുന്നതിനും, പി.എം ശ്രീക്കും, 'ഹലാല്‍' സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ലീഗിന്റെ പുറപ്പാടെങ്കില്‍ ബഹുജനങ്ങളെ തെരുവില്‍ അണിനിരത്തി പ്രതിപക്ഷം ആ ''സാക്ഷ്യപത്രങ്ങള്‍' കീറിയെറിയും. ഇടതുപക്ഷെത്തെ ഇതിന്റെയൊക്കെ പേരില്‍ മുസ്ലിം വിരുദ്ധത ആരോപിച്ചിരുന്ന സമുദായ നേതാക്കള്‍ ഏത് ഗുഹയിലാണ് ഒളിച്ചിരിക്കുന്നത്? അവരുടെ നാവുകള്‍ക്ക് ഏതെങ്കിലും 'ഖാളിമാര്‍' പൂട്ടിട്ടിട്ടുണ്ടോ? ഖാഇദെമില്ലത്തിന്റെ 'ഈമാന്‍' (വിശ്വാസം) വേണമെന്ന് ലീഗ് നേതാക്കളോട് പറയുന്നത് അതിരുകടന്ന കയ്യാണെന്ന് അറിയാം. എന്നാല്‍ വി.എം. സുധീരന്റെ 'ഈമാനെങ്കിലും' സമുദായത്തിന്റെ അട്ടിപ്പേറവകാശം സ്വന്തം കീശയിലാണെന്ന് ഉറച്ചു കരുതുന്ന ലീഗു നേതാക്കളേ നിങ്ങള്‍ക്കു വേണ്ടേ?

KT Jaleel criticises Muslim League Ministers' stand on PMAY, PM SHRI and Liquor Tax

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാര്‍ എടുത്ത് പുറത്തേക്കിറങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, പരിശോധന കര്‍ശനമാക്കി ദുബൈ പൊലീസ് (വിഡിയോ)

'അമ്മൂമ്മ ഭയങ്കര പ്രശ്നക്കാരിയാണ്, അമ്മയെ പറയുന്നത് കണ്ടിരിക്കാൻ പറ്റില്ല'; കുടുംബത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അഹാന

പഞ്ചസാരയും പരിപ്പും ഇപ്പോഴും പ്ലാസ്റ്റിക്ക് പാത്രത്തിലാണോ സൂക്ഷിക്കുന്നത്? ഗ്ലാസ് ജാറിലേക്ക് മാറേണ്ടതിനുള്ള 8 കാരണങ്ങൾ

വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റമില്ല? രണ്ടാം ടി20 ഇന്ന്; സാധ്യതാ ഇലവന്‍ ഇങ്ങനെ