മലപ്പുറം: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം പക്ഷംപിടിക്കുന്നതിനെതിരെ വിമർശനവുമായി കെടി ജലീലിൻറെ ഫേസ്ബുക്ക് കുറിപ്പ്. അയൽവീട്ടിലെ കാര്യങ്ങളിൽ തലയിട്ട് ലീഗ് കുടുങ്ങിയിരിക്കുകയാണെന്നും, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന വികല നയത്തിന് കനത്ത വില നൽകേണ്ടി വരുമെന്നൂം ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ മാറ്റി എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ ലീഗ് ഇടപെട്ടത് വിജയിച്ചത് മുതൽക്കാണ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ തങ്ങളുടെ ജന്മാവകാശമാണെന്ന മട്ടിൽ ലീഗ് പെരുമാറിത്തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ കോൺഗ്രസ് ഹൈക്കമാൻഡ് എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം നിന്നപ്പോൾ, ലീഗ് ചില വ്യക്തികൾക്കായി ശാഠ്യം പിടിച്ചത് മറ്റു നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അത് സ്വാഭാവികമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കൊച്ചിയിൽ നടന്ന യൂത്ത് ലീഗ് സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കാതിരുന്നതും ജലീൽ തന്റെ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുനവ്വറലി തങ്ങൾ ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്, മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടതിന് പാർട്ടി നൽകേണ്ടിവരുന്ന വിലയാകുമോ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ സംശയം പ്രകടിപ്പിക്കുന്നു.
ജലീലിൻറെ പോസ്റ്റിൻറെ പൂർണ രൂപം
അയൽവീട്ടിലെ കാര്യത്തിൽ തലയിട്ട് കുടുക്കിലായ ലീഗ്!
കോൺഗ്രസ്സിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ പക്ഷം പിടിച്ച മുസ്ലിംലീഗ് നേതൃത്വത്തിൻ്റെ വികല നയത്തിന് കൊടുക്കേണ്ടി വരുന്ന വില ''ഡൽഹിയിലെ അവഗണന" കൊണ്ട് തീരില്ലെന്ന സന്ദേശമാണ്, മന്ത്രിസഭയിലെ "ഒറിജിനൽ രണ്ടാമൻ" (കേരള സ്റ്റേറ്റ് No: 2, നമ്പർ പ്ലേറ്റിലല്ല) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ യൂത്ത്ലീഗ് എറണാങ്കുളം സമ്മേളനത്തിലെ അസാന്നിദ്ധ്യം നൽകുന്നത്. മുൻമുഖ്യമന്ത്രി കെ കരുണാകരനെ മാറ്റി എ.കെ ആൻ്റെണിയെ മുഖ്യമന്ത്രിയാക്കാൻ ലീഗ് ഇടപെട്ടത് വിജയിച്ചത് മുതൽക്കാണ് കോൺഗ്രസിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ തങ്ങളുടെ ജൻമാവകാശമാണെന്ന മട്ടിൽ ലീഗ് പെരുമാറിത്തുടങ്ങിയത്.
യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും കോൺഗ്രസ് ഹൈക്കമാൻ്റ് തീരുമാനിക്കുന്ന പോലെ എന്ന് പറഞ്ഞപ്പോൾ "കൊമ്പുള്ള" ലീഗ് "ഇന്നയാൾ" വേണമെന്ന് ശാഠ്യം പിടിച്ചു. മൽസരാർത്ഥികളായ മറ്റു രണ്ടുപേർ അതോടെ അപമാനിതരായി. അവർ ലീഗിനോട് "കണക്ക്'' തീർക്കാൻ കിട്ടുന്ന അവസരം സമർത്ഥമായി ഉപയോഗിക്കും. അതു മനുഷ്യസഹജമാണ്. മുനവ്വറലി തങ്ങൾ ഉൾപ്പടെയുള്ള യൂത്ത് ലീഗ് നേതാക്കൾക്കെതിരെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിന് പോലീസ് കേസെടുത്തതും അയൽക്കാരൻ്റെ വീട്ടിലെ ഗൃഹനാഥൻ ആരാകണം എന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വിലയാകുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates