തിരുവനന്തപുരം: പതിറ്റാണ്ടുകളായി വനിതാ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ റീട്ടെയില്‍ രംഗത്തേയ്ക്ക്. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഊര്‍ജിതമാക്കുന്നതിനും അതുവഴി സംരംഭകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയില്‍ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുക. പ്രാദേശിക തലത്തില്‍ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികള്‍ മുഖേന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടര്‍മാരും ഇതില്‍ പങ്കെടുത്തു. ഏജന്‍സികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വില, മാര്‍ജിന്‍ എന്നിവയില്‍ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക ഉല്‍പന്നങ്ങളും കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. മികച്ച ഗുണമേന്‍മയുള്ള ഈ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന ശൃംഖലയായ ഹോംഷോപ്പ്, വിപണന മേളകള്‍, സരസ് മേളകള്‍, മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്‌ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ എന്നിങ്ങനെ നിരവധിയായ വിപണന മാര്‍ഗങ്ങള്‍ കുടുംബശ്രീയുടേതായിട്ടുണ്ട്. കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ചെറുകിട കച്ചവടക്കാര്‍ മുഖേനയും വിപണനം നടത്തുന്നുണ്ട്.
വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ഉല്‍പാദന രംഗത്തും വിപണന രംഗത്തും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നത്. കുടുംബശ്രീ ഏകികൃത ബ്രാന്‍ഡില്‍ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകള്‍, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാര്‍ മസാല, ചിക്കന്‍ മസാല, വെജ് മസാല, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിപ്സ്, ശര്‍ക്കര വരട്ടി തുടങ്ങിയ ഉല്‍പന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മികച്ച ഉല്‍പന്നങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികള്‍ വഴി വിപണനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.
കൂടാതെ 'കെ ഇനം' എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീയുടെ വിവിധ കാര്‍ഷിക ഭക്ഷ്യവിഭവങ്ങളും റീട്ടെയില്‍ വിപണനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കാര്‍ഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേടിയ നിയമാനുസൃത ലൈസന്‍സുള്ള 184 ഭക്ഷ്യസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് 'കെ-ഇനം' ബ്രാന്‍ഡില്‍ മുപ്പതോളം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി തയ്യാറാക്കിയിട്ടുള്ളത്. സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രികൃത മിശ്രിതങ്ങള്‍. സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളാണിവയെന്നും മന്ത്രി പറഞ്ഞു.
ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം കേരളത്തിന്റെ റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാന്‍ കുടുംബശ്രീക്ക് കഴിയും. ഇതിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉപജീവന പ്രവര്‍ത്തനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates