KIIFB CEO KM Abraham Photo | Vincent Pulickal
Kerala

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കിഫ്ബി ഫണ്ട് ചെയ്യുന്ന റോഡുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള സാധ്യത ഭാവിയില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ചെയ്യുന്ന റോഡുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള സാധ്യത ഭാവിയില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11ന് ആരംഭിച്ച് കിഫ്ബി 25 വർഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ മനസു തുറക്കുകയായിരുന്നു കെ എം എബ്രഹാം.

കിഫ്ബി ഫണ്ട് ചെയ്യുന്ന റോഡുകളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നുവെന്നും കെ എം എബ്രഹാം പറഞ്ഞു. അതിനുള്ള സാധ്യതകളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ടോള്‍ പരിഗണനയിലില്ല. ഭാവിയില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ടോള്‍ ഈടാക്കണമെന്ന നിര്‍ദേശം തെരഞ്ഞെടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവേകമുള്ള ഒരു സര്‍ക്കാരും കിഫ്ബി അടച്ചുപൂട്ടാന്‍ തീരുമാനിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഈ നൂറ്റാണ്ടിലെ മണ്ടത്തരമോ ദുരന്തമോ ആയിരിക്കുമെന്ന് കിഫ്ബിയെ കുറിച്ചുള്ള പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായി കെ എം എബ്രഹാം പറഞ്ഞു. 'സാധാരണയായി, അത്തരമൊരു ചിന്ത ഉണ്ടാകില്ല, കാരണം എല്ലാ സര്‍ക്കാരുകളും സംസ്ഥാനത്തിന്റെ പുരോഗതി ആഗ്രഹിക്കുന്നു. കിഫ്ബിയുടെ പിന്നിലെ നിയമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കുക. അത് ഏകകണ്ഠമായാണ് പാസാക്കിയത്. അതിനു പിന്നിലെ വികാരത്തെക്കുറിച്ചും ചിന്തിക്കുക. വിവേകമുള്ള ഒരു സര്‍ക്കാരും ഇത് അടച്ചുപൂട്ടാന്‍ തീരുമാനിക്കില്ല എന്നതാണ് എന്റെ വിശ്വാസം. അങ്ങനെ സംഭവിച്ചാല്‍, അത് ഈ നൂറ്റാണ്ടിലെ മണ്ടത്തരമോ ദുരന്തമോ ആയിരിക്കും.'- കെ എം എബ്രഹാം തുടര്‍ന്നു.

പെട്രോളിയം സെസില്‍ നിന്നും മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗമായും കിഫ്ബിയിലേക്ക് വരുമാനം വരുന്ന തരത്തിലാണ് നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. ആദ്യ വര്‍ഷം മോട്ടോര്‍ വാഹന നികുതിയുടെ 20 ശതമാനം ലഭിച്ചു. ക്രമേണ 50 ശതമാനമായി ഇത് വര്‍ദ്ധിപ്പിച്ചു. സര്‍ക്കാരിന് ആഘാതം താങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണ് ഘട്ടംഘട്ടമായി കൂട്ടിയത്. അതായിരുന്നു ആദ്യത്തെ പരിവര്‍ത്തനം. രണ്ടാമത്തേത് സാമ്പത്തികമായിരുന്നു. കിഫ്ബി കടം വാങ്ങുന്ന ഓരോ രൂപയ്ക്കും വ്യക്തമായും പൂര്‍ണമായും സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നുണ്ടെന്നും കെ എം എബ്രഹാം പറഞ്ഞു.

'ഒരു ശരാശരി മലയാളിക്ക്, 'നവകേരളം' എന്നത് ഒരു പുതിയ പദമല്ല. കുട്ടിക്കാലം മുതല്‍ അത് കേട്ടുവരുന്നു. ആ ലക്ഷ്യം നേടുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ് കിഫ്ബി. അപ്പോള്‍, അധികാരത്തിലിരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് കിഫ്ബിയാണ്. അതാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്. കിഫ്ബി ലക്ഷ്യത്തിലെത്തി എന്ന് പറയാന്‍ കഴിയുന്നതിന് മുന്‍പ് നമുക്ക് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ലക്ഷ്യം നേടുന്നതിനുള്ള യാത്രയിലാണ് കിഫ്ബി'- കെ എം എബ്രഹാം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് ഭരണകാലത്തും കിഫ്ബി പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു എന്നും കെ എം എബ്രഹാം പറഞ്ഞു. 'പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്റെ കീഴില്‍ ഒരു ആന്തരിക കമ്മിറ്റി രൂപീകരിച്ചു. ആധുനിക വിപണികളെ വിലയിരുത്തുന്നതിനെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി. വിപണിയില്‍ നിന്ന് 25,000 കോടി രൂപ വരെ സമാഹരിക്കാമെന്നായിരുന്നു ആശയം. ടോള്‍ റോഡുകള്‍, വ്യാവസായിക പാര്‍ക്കുകള്‍ തുടങ്ങിയ വാണിജ്യപരമായി ലാഭകരമായ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുക എന്നതായിരുന്നു ആശയം. എന്നാല്‍ 2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കുമാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കിഫ്ബിയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചതാണ് യഥാര്‍ഥ പരിവര്‍ത്തനത്തിന് കാരണമായത്'- കെ എം എബ്രഹാം വ്യക്തമാക്കി.

levy toll from KIIFB-funded roads?; KM Abraham explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT