എംബി രാജേഷ് File
Kerala

'വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നില്ല, മുഖ്യമന്ത്രിയുടേത് വസ്തുതാവിരുദ്ധ പരാമര്‍ശം'

ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത പാനീയങ്ങളുടെ വില്‍പ്പനയ്ക്ക് മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും എംബി രാജേഷ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പാലക്കാട്: വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനായി മുഖ്യമന്ത്രി വിഡി സതീശന്‍ വസ്തുതാവിരുദ്ധ പ്രസ്താവന നടത്തിയെന്ന് സിപിഎം നേതാവ് എംബി രാജേഷ്. എംവി ഗോവിന്ദന്‍ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്താണ് ഈ നിര്‍ദേശം രൂപം കൊണ്ടതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം രാജേഷ് തള്ളി. വസ്തുതാപരമായി തെറ്റായ പരാമര്‍ശമാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹം പരാമര്‍ശിച്ച ഫയലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം മാറ്റുന്നതിനെക്കുറിച്ചാണ് പറഞ്ഞിരുന്നത്. നികുതി കുറയ്ക്കാനുള്ള ഒരു നിര്‍ദേശവും അതിലില്ല. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായിരുന്നുവെന്നും പാലക്കാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എക്സൈസ് മന്ത്രിയായ എംബി രാജേഷ് പറഞ്ഞു.

2022-23ലെ മദ്യനയത്തില്‍ മദ്യത്തെ വൈന്‍, ലിക്കര്‍, ലോ-ആല്‍ക്കഹോള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും മന്ത്രിസഭയുടെ അംഗീകാരവും ചട്ടഭേദഗതികളും നടത്തി സുതാര്യമായ രീതിയിലാണ് അത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരം നികുതി ഇളവ് നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാരണം അത് നടപ്പാക്കാനായില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. 2023ല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത പാനീയങ്ങളുടെ വില്‍പ്പനയ്ക്ക് മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും ലോ-ആല്‍ക്കഹോള്‍ പാനീയങ്ങളുടെ നികുതി ഇളവുമായി ബന്ധപ്പെട്ട് മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുതിയ നികുതിഘടന പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി രഹസ്യനീക്കം നടത്തി. നികുതി നിര്‍ദേശവുമായി ബന്ധപ്പെട്ട ഫയല്‍ മേയ് 21ന് മുഖ്യമന്ത്രിയുടെ കൈവശമെത്തി. 24 ദിവസം അദ്ദേഹത്തിന്റെ കൈവശം തുടരുകയും ജൂണ്‍ 14ന് അനുമതി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും ഇത് ചര്‍ച്ച ചെയ്യാന്‍ മതിയായ സമയം ഉണ്ടായിരുന്നില്ലേ? ആരും അറിയാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിന് പിന്നിലെ താല്‍പര്യം എന്തായിരുന്നു? ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനാകും. പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും നേതാക്കള്‍ പോലും ഈ നീക്കത്തെക്കുറിച്ച് അറിയുമായിരുന്നില്ല -രാജേഷ് പറഞ്ഞു.

ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് നിരവധി പുതിയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെന്ന യുഡിഎഫ് ആരോപണവും രാജേഷ് തള്ളി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ 748 ബാറുകള്‍ ഉണ്ടായിരുന്നുവെന്നും ബാര്‍ കോഴ വിവാദത്തെ തുടര്‍ന്ന് അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ 28 ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബാറുകള്‍ ഒഴികെ മറ്റെല്ലാവരുടെയും ലൈസന്‍സ് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ സംസ്ഥാനത്ത് 813 ബിയര്‍-വൈന്‍ പാര്‍ലറുകളും 306 ബെവ്‌കോ ഔട്ട്‌ലെറ്റുകളും ഉണ്ടായിരുന്നു. ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ഉണ്ടായിരുന്ന ഹോട്ടലുകള്‍ പിന്നീട് ത്രീ സ്റ്റാര്‍ പദവി നേടിയതിനെ തുടര്‍ന്ന് ബാര്‍ ലൈസന്‍സ് അനുവദിച്ചു.

ഇപ്പോള്‍ സംസ്ഥാനത്ത് 896 ബാര്‍ ഹോട്ടലുകളുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മദ്യനയം ശരിയായിരുന്നെങ്കില്‍ സതീശന്‍ ഈ ബാറുകളെല്ലാം അടച്ചുപൂട്ടണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റഴിക്കപ്പെട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2012-13ലാണ് അന്ന് 344.33 ലക്ഷം കെയ്‌സ് മദ്യം വിറ്റഴിച്ചു. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് വാര്‍ഷിക ശരാശരി ഐഎംഎഫ്എല്‍ വില്‍പ്പന 341.264 ലക്ഷം കെയ്‌സുകളായിരുന്നു. 2016-2021 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 322.182 ലക്ഷം കെയ്‌സുകളും രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 315.26 ലക്ഷം കെയ്‌സുകളായിരുന്നു. മുഖ്യമന്ത്രി വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കണം. സൈബര്‍ പോരാളികളുടെ നിലവാരത്തിലേക്ക് താഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീര്യ കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒരു മദ്യ നിര്‍മാണ കമ്പനിക്ക് നേട്ടമുണ്ടാക്കാനാണ് ഈ നീക്കമെന്നുമാണ് പാര്‍ട്ടിയുടെ ആരോപണം. നിര്‍ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും മദ്യനയത്തില്‍ യുഡിഎഫ് തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സിപിഎം വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയമസഭയോടുള്ള അനാദരവാണെന്നും സിപിഎം വിമര്‍ശിച്ചു.

Liquor tax row: CPI(M) accuses Kerala CM of making ''incorrect'' statements, seeks clarification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

നെയ്മർ മെസിയെക്കുറിച്ച് പറഞ്ഞത്! വൈറലായി വാക്കുകൾ (വിഡിയോ)

'ആറ്റിൻ കരയോരത്തെ.. വൈബ് അടിക്കുന്നുണ്ടല്ലോ! ഈ ക്രിസ്മസ് ഏട്ടൻ ഇങ്ങ് എടുക്കുവാ'; 'അതിമനോഹരം' റിലീസ് തീയതി പുറത്ത്

കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം

'എന്റെ ശരീരം എന്റെ അവകാശം, അവന്റെ കണ്ണ് അവന്റെ അവകാശം'; ഫെമിനിസത്തെക്കുറിച്ച് വിവാ​ദ പരാമർശം നടത്തി ​ഗായിക, വിമർശനം