Loan apps linked to 15,000 complaints പ്രതീകാത്മക ചിത്രം
Kerala

മൂന്ന് വര്‍ഷത്തിനിടെ ഏഴ് ആത്മഹത്യ, 15,000 പരാതികള്‍; ലോണ്‍ ആപ്പ് ഇരകളില്‍ കൂടുതലും സ്വകാര്യ സ്ഥാപന ജീവനക്കാര്‍

ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്

ഷാന്‍ എഎസ്‌

തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. സ്വന്തം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളെ എങ്ങനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ ഏപ്രില്‍ 10നാണ് ജീവനൊടുക്കിയത്. ഒരു ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍ പണമെടുത്തിരുന്നതായും മരിക്കുന്നതിന് തലേദിവസം ആപ്പ് നടത്തിപ്പുകാരില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പൊലീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 15,000ത്തോളം പേരാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (NCRP) വഴി അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ 284 പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകാനും എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്യാനും തയ്യാറായത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഏഴ് ആത്മഹത്യകളെങ്കിലും ഇത്തരത്തിലുള്ള ലോണ്‍ ആപ്പ് തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 70 കോടി രൂപ ഇരകള്‍ക്ക് നഷ്ടമായി. ഇതില്‍ 28 കോടി രൂപ (40%) മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. നിതിന്റെ കേസ് ഉള്‍പ്പെടെ ചില സംഭവങ്ങളില്‍ അറസ്റ്റ് നടന്നിട്ടുണ്ട്. മറ്റുള്ളവയില്‍ അന്വേഷണം തുടരുകയാണ്.

കുറഞ്ഞ വരുമാനമുള്ളവരെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെയുമാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ 32 ശതമാനം പേരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. 20.18 ശതമാനം വീട്ടമ്മമാരുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യാപാരികള്‍ (9.79%), വിദ്യാര്‍ഥികള്‍ (4.37%) എന്നിവരാണ് ഇവരുടെ വലയില്‍ വീണ മറ്റുള്ളവര്‍.

എപികെ (APK) ഫയലുകള്‍ വഴി നേരിട്ട് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരാണ് കൂടുതല്‍ അപകടത്തിലാകുന്നത്. കോണ്‍ടാക്റ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള സ്വകാര്യ രേഖകളിലേക്ക് ആക്‌സസ് നല്‍കുന്നതോടെ കടം വാങ്ങുന്നവര്‍ തങ്ങളുടെ അന്തസ്സാണ് പണയവസ്തുവായി നല്‍കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് പണമൊന്നും വാങ്ങാതെ അത് ഡിലീറ്റ് ചെയ്തവര്‍ക്ക് പോലും ഭീഷണി കോളുകള്‍ വരുന്നുണ്ട്. കാരണം ഇന്‍സ്റ്റാള്‍ ചെയ്ത സമയത്ത് തന്നെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാകും.

ഫോണിലെ വിവരങ്ങള്‍ എത്രത്തോളം ആപ്പിന് ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ തുക തന്നെ നിശ്ചയിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ അമിതമായ തുക ഇവര്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സൈബര്‍ ബുള്ളിയിങ് നടത്തുകയും വിദേശ നമ്പറുകളില്‍ നിന്നും മറ്റും ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഭീഷണി കോളുകള്‍ വരികയും ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വര്‍ഷം കണ്ണൂരിലെ ചക്കരക്കല്‍ പൊലീസ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ കണ്ടെത്തുകയുണ്ടായി. 40 ജീവനക്കാരുണ്ടായിരുന്ന ഈ തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 1,836 ലോണ്‍ ആപ്പുകളാണ് പൊലീസ് നിരോധിച്ചത്. ഇക്കാലയളവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 5,317 വെബ്‌സൈറ്റുകളാണ് പൂട്ടിച്ചത്.

Loan apps linked to 15,000 complaints, 7 suicides in three years in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

'109 എണ്ണം', വല നിറച്ചും ​ഗോളുകള്‍! ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്ക്...

ത്രിദിന സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇന്ത്യയില്‍, സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും

''ഇന്ത്യൻ പൗരത്വം നൽകാം''; ബിസിസിഐയുടെ ഉന്നതന്റെ ഓഫർ; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

SCROLL FOR NEXT