കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത പങ്കാളിത്തമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടു കാണുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ ഫൈനല്‍ ആയിട്ടാണ് ബിജെപി കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു.
വികസിത കേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. നല്ല ഭരണം, നല്ല കാഴ്ചപ്പാട്, നല്ല പദ്ധതി, അതു നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇവയാണ് ബിജെപിയുടേത്. എല്ലാം ശരിയാക്കാം എന്നു പറഞ്ഞവര്‍ എന്താണ് ചെയ്തതെന്ന് നാട്ടില്‍ നോക്കിയാല്‍ അറിയാനാകും. ജനങ്ങള്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ പുതിയ മാറ്റം ഉറപ്പു തരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഭരണഘടനയെ ആദരിച്ചും ബഹുമാനിച്ചുമാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. എല്ലാ മതങ്ങളെയും സമുദായങ്ങളെയും വിശ്വാസങ്ങളെയും ബിജെപി ബഹുമാനിക്കുന്നു. ഇവിടെ ഭരണഘടന കയ്യില്‍ വെച്ചു നടക്കുന്നു എന്നു പറയുന്ന ചില പാര്‍ട്ടികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ടിക്കറ്റ് കൊടുക്കുന്നു. ഭരണഘടനയ്‌ക്കെതിരെ നില്‍ക്കുന്ന ചില വര്‍ഗീയശക്തികള്‍ക്കൊപ്പം രാഷ്ട്രീയം കളിക്കുമ്പോള്‍ ബിജെപി അതിനെ നൂറുശതമാനം എതിര്‍ക്കും. അത് അവര്‍ ഏതു മതത്തില്‍പ്പെട്ടവരാണ് എന്നു നോക്കിയല്ല. ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുക തന്നെ ചെയ്യും. അതോടൊപ്പം ജനങ്ങളെ വിഡ്ഡികളാക്കാന്‍ നടക്കുന്ന പാര്‍ട്ടികളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യത്ത് എസ്‌ഐആര്‍ ആദ്യമായിട്ട് നടക്കുന്നതൊന്നുമല്ലല്ലോ. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. ആ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരമല്ലേ എസ്‌ഐആര്‍ എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപിക്കെതിരെ മുസ്ലിം സമുദായത്തിന് മേല്‍ തെറ്റിദ്ധാരണ കെട്ടിവെച്ചിരിക്കുകയാണ്. മുസ്ലിം സമുദായത്തിലുള്ളവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ബിജെപി ആര്‍ക്കുമെതിരെയല്ല.
കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിമാരില്ലാത്തതു സംബന്ധിച്ച ചോദ്യത്തിന് രാജീവ് ചന്ദ്രശേഖറുടെ മറുപടി ഇപ്രകാരമായിരുന്നു. മുമ്പ് എത്ര മുസ്ലിം നേതാക്കളുണ്ടായിരുന്നു. എന്നാല്‍ ഒരു വിശ്വാസം ഇപ്പോഴും ബില്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഞങ്ങളാരെയും ഒന്നും ചെയ്തിട്ടില്ല. മുസ്ലിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ടു തരുന്നില്ല, എന്തിനാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നത് എന്നു ഞാന്‍ ചോദിച്ചാലോ? . കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ ആര്‍ക്കെങ്കിലും ഗുണം കിട്ടുമോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates