Government's online taxi fully operational in Kochi and Thiruvananthapuram മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

കുറഞ്ഞ നിരക്ക്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം, 'കേരള സവാരി 2.0'

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ/ ടാക്സി പ്ലാറ്റ്‌ഫോമായ കേരള സവാരി 2.0 പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ/ ടാക്സി പ്ലാറ്റ്‌ഫോമായ കേരള സവാരി 2.0 പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് കേരള സവാരി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡിസംബറോടെ കേരള സവാരി ഒരു മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്പ് ആയി മാറും. മെട്രോ, വാട്ടര്‍ മെട്രോ, മെട്രോ ഫീഡര്‍ ബസുകള്‍, ഓട്ടോകള്‍, കാബുകള്‍ എന്നിവയെ ഏകോപിപ്പിക്കുന്ന ഈ സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് ശേഷം താമസിയാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പദ്ധതിയുടെ സവിശേഷതകള്‍

കേരള സര്‍ക്കാര്‍, പൊലീസ്, ഗതാഗതം, ഐടി, പ്ലാനിങ് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി യാഥാര്‍ത്ഥ്യമാക്കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ലിമിറ്റഡ് പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. നിലവില്‍, ഐടിഐ പാലക്കാട് കണ്ടെത്തിയ മൂവിങ് ടെക് ആണ് പുതിയ ടെക്നിക്കല്‍ ടീം. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവര്‍ത്തിക്കുന്നത് സബ്സ്‌ക്രിപ്ഷന്‍ രീതിയിലാണ്. സര്‍ക്കാരിന്റെ നിശ്ചിത നിരക്കിലുള്ള ഈ സംവിധാനം ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നു. മെയ് 6 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പദ്ധതിയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

2022 ഓഗസ്റ്റ് 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പൈലറ്റ് പ്രോജക്ടായി 'കേരള സവാരി' ഉദ്ഘാടനം ചെയ്തു.ആദ്യ പൈലറ്റ് പദ്ധതിയിലെ ന്യൂനതകള്‍ പരിഹരിച്ച്, പുതിയ ടീമിന്റെ സഹായത്തോടെ 2025 ഏപ്രില്‍ മുതല്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ട്രയല്‍ റണ്‍ നടത്തുകയുണ്ടായി. ഈ ട്രയല്‍ റണ്‍ തികച്ചും തൃപ്തികരമാണ്. 23,000ത്തോളം വരുന്ന ഡ്രൈവര്‍മാര്‍ 3,60,000 ട്രിപ്പുകള്‍ നടത്തി. ഒമ്പത് കോടി മുപ്പത്തിയാറ് ലക്ഷത്തോളം രൂപയാണ് ഡ്രൈവര്‍മാര്‍ക്ക് വരുമാനമായി ലഭിച്ചത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി പ്രതിദിനം ശരാശരി 1200 യാത്രകളാണ് നടത്തിയത്.

കേരള സവാരി വെറുമൊരു ഓട്ടോ/ടാക്സി ആപ്പ് എന്നതിലുപരി ഒരു മള്‍ട്ടി മൊബിലിറ്റി ആപ്പായി മാറാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മെട്രോ, വാട്ടര്‍ മെട്രോ, ടൂറിസം, തീര്‍ത്ഥാടനം, റെയില്‍വേ, പ്രീ-പേയ്ഡ് ഓട്ടോ കൗണ്ടര്‍ എന്നിവിടങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങുമായി യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന രൂപകല്‍പ്പനയാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കുന്ന മുറയ്ക്ക് ആംബുലന്‍സുകളും ഗുഡ്‌സ് വെഹിക്കിള്‍സുകളും ഈ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കാന്‍ സാധിക്കും. കേരള സവാരി കേവലം ഒരു ആപ്പ് അല്ല, തൊഴിലാളി ക്ഷേമവും പൊതുജനത്തിന് കുറഞ്ഞ നിരക്കില്‍ സുരക്ഷിതമായ യാത്രയും ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.

Low fares; Government's online taxi fully operational in Kochi and Thiruvananthapuram, 'Kerala Savari 2.0'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT