തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നലെ വൈകീട്ട് തലസ്ഥാനത്തെത്തിയ മിസ്ത്രി, രാത്രി ഏതാനും മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഇന്ന് അദ്ദേഹം സംസ്ഥാന നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൊഴിലുറപ്പ് ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഭവനു മുന്നില്‍ രാപകല്‍ സമരത്തിലാണ്. ഇന്നു രാവിലെ 10 ന് സമരം സമാപിക്കും. അതിനുശേഷമാകും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുക. കേരളത്തിലെ നിലവിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കുക കൂടിയായിട്ടാണ് മിസ്ത്രിയുടെ സന്ദര്‍ശനം. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും അപ്പുറം യഥാര്‍ത്ഥ സാഹചര്യം വിലയിരുത്തും.
വിജയസാധ്യതക്ക് മാത്രം മുന്‍ഗണന നല്‍കി കര്‍ക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് സൂചന. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് അനുവദിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 16 ന് ( വെള്ളിയാഴ്ച) എത്താനാണ് നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളാണ് ഈ കൂടിക്കാഴ്ചയുടേയും പ്രധാന അജണ്ടയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates