തൃശൂര്‍: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. പൊതുദര്‍ശനത്തിനായി മൃതദേഹം ഇരിങാലക്കുട ടൗണ്‍ഹാളില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ കമലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രിയനടനെ അവസാനമായി ഒന്നുകാണാന്‍ നൂറ് കണക്കിനാളുകളാണ് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തിയത്.
രാവിലെ പതിനൊന്നരവരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടുപോയയത്. ഇരിങാലക്കുടയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വീടായ 'പാര്‍പ്പിട'ത്തിലെത്തിക്കും. വൈകീട്ട് അഞ്ച് മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, മുകേഷ്, കുഞ്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബാബുരാജ്, സംവിധായന്‍ ലാല്‍ ജോസ്, മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, പി പ്രസാദ്, സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ 8 മുതല്‍ 11.30 വരെയായിരുന്നു ഇവിടെ പൊതുദര്‍ശനം. ഇന്നസന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നര്‍മം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തരയ്ക്ക് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. 700ലധികം സിനിമകളില്‍ അഭിനയിച്ച ഇന്നസെന്റിന് 1989ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പതിനെട്ടുവര്‍ഷം ചലച്ചിത്രഅഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 2014ല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി പാര്‍ലമെന്റില്‍ എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates