ബംഗളൂരു: കേരളം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 'മലയാള ഭാഷാ ബില്‍ 2025' നെതിരായ കര്‍ണാടക മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ഭരണഘടനാ മൂല്യങ്ങളില്‍ ഉറച്ച് നിന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കന്നഡ, തമിഴ് സംസാരിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യക്തവുമായ നിബന്ധനകള്‍ ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ബില്ലിനെ കുറിച്ചുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് വിശദമായ മറുപടിയും മുഖ്യമന്ത്രി ട്വീറ്റില്‍ നല്‍കുന്നുണ്ട്. കേരത്തിന്റെ ഭാഷാ ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിര്‍മ്മാണം എത്രയും വേഗം പിന്‍വലിക്കണമെന്നുമായിരുന്നു സിദ്ധരാമയ്യ ഉന്നയിച്ച ആവശ്യങ്ങള്‍.
മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആശങ്കകള്‍ വസ്തുതകള്‍ക്കപ്പുറത്താണ്. സമത്വത്തിലും സാഹോദര്യത്തിലും ഉറച്ച സമഗ്രവികസനമാണ് കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. നിയമ നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല. ഭാഷാ സ്വാതന്ത്ര്യം പൂര്‍ണ്ണമായും സംരക്ഷിക്കുകയും ചെയ്യുന്നു. വിജ്ഞാപനത്തില്‍ പറയുന്ന പ്രദേശങ്ങളില്‍, സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവികള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവയുമായുള്ള ഔദ്യോഗിക കത്തിടപാടുകള്‍ക്കായി തമിഴ്, കന്നഡ സംസാരിക്കുന്നവര്‍ക്ക് അവരുടെ മാതൃഭാഷ തുടര്‍ന്നും ഉപയോഗിക്കാം, അതേ ഭാഷകളില്‍ മറുപടികള്‍ നല്‍കും.
മലയാളം മാതൃഭാഷയല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതി അനുസരിച്ച് സ്‌കൂളുകളില്‍ ലഭ്യമായ ഭാഷകള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ ഉള്ള വിദ്യാര്‍ത്ഥികള്‍, ഒന്‍പത്, പത്ത്, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ മലയാളം പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നില്ല. 1963 ലെ ഔദ്യോഗിക ഭാഷാ നിയമവുമായും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 346 ഉം 347 ഉം അനുസരിച്ചാണ് കേരളത്തിന്റെ ഭാഷാ നയം. രാജ്യത്തിന്റെ വൈവിധ്യമാണ് നിമത്തിന്റെ അടിസ്ഥാനം, ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. ഓരോ പൗരന്റെയും ഭാഷാപരമായ സ്വത്വം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകരാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates