കൊച്ചി: ആറു ദശാബ്ദത്തോളം നീണ്ട കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് കാവ് ഉന്നതിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരമായി ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചു. എറണാകുളം കലക്ട്രേറ്റില്‍ രാത്രി വൈകിയും നടന്ന അവസാന വട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവച്ചത്. മലയിടുംതുരുത്ത് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ സമവായത്തില്‍ എത്തിച്ചേര്‍ന്ന കാര്യം സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയെ അറിയിക്കും.
കരാര്‍ പ്രകാരം, കുടിയൊഴിപ്പിക്കപ്പെടുന്ന പര്യത്ത്കാവിലെ ഏഴു ദലിത് കുടുംബങ്ങള്‍ക്ക് നിലവില്‍ താമസിക്കുന്ന ഭൂമിയുടെ പിന്‍ഭാഗത്തായി 5 സെന്റ് വീതം ഭൂവുടമകളായ ശങ്കരന്‍ നായരുടെ കുടുംബം വിട്ടു നല്‍കും. ഈ സ്ഥലത്തേക്ക് റോഡിന് ആവശ്യമായ സ്ഥലവും ഉടമകള്‍ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ 1000 ചതുരശ്ര അടിയില്‍ കുറയാത്ത വീടുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും.
വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെ പര്യത്ത്കാവ് ഉന്നതിയിലെ വീട്ടുകാര്‍ക്ക് നിലവിലെ അവരുടെ വീടുകളില്‍ തന്നെ കഴിയാം. നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചെടുക്കാനും കുടുംബങ്ങള്‍ക്ക് അവകാശമുണ്ട്. വീടുകളുടെ നിര്‍മാണം അടക്കം എല്ലാ നടപടിക്രമങ്ങളുടെയും ഉത്തരവാദിത്തം മൂവാറ്റുപുഴ ആര്‍ഡിഒ, ഡിവൈഎസ്പി എന്നിവര്‍ക്കാണ്.
കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുടരുന്ന സമരങ്ങളും മറ്റുമായി കോടതിയുടെ പരിഗണനയിലുള്ള എല്ലാ സിവില്‍, ക്രിമിനല്‍ കേസുകളും പരസ്പരം പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രി റോജി എം ജോണ്‍, എംഎല്‍എ വിപി സജീന്ദ്രന്‍, കലക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ നാലുതവണ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയാണ് സമവായത്തിലെത്തിയത്. കരാറില്‍ റോജി എം ജോണും സജീന്ദ്രനുമാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്.
തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപെട്ട കാളു കുറുമ്പൻ അന്യായമായി കയ്യേറിയെന്ന് ആരോപിച്ച് 58 വർഷം മുമ്പാണ് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ നിയമപോരാട്ടം തുടങ്ങിയത്. ശങ്കരൻ നായരും കാളു കുറുമ്പനും മരിച്ചിട്ടും നിയമപോരാട്ടം അവസാനിച്ചില്ല. ശങ്കരൻ നായരുടെ പെൺമക്കളുടെ മക്കൾ കേസ് ഏറ്റെടുത്ത് മുന്നോട്ടുപോവുകയായിരുന്നു. മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ പോരാട്ടം നീണ്ടു. സുപ്രീംകോടതിയും ശങ്കരൻ നായർക്ക് അനുകൂലമായി വിധിച്ചു. ഇതേത്തുടർന്ന് ഭൂമി അളന്നുതിരിക്കാൻ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates