തിരുവനന്തപുരം: വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ, ( Reshma ) പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല തട്ടിപ്പു നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വിവാഹം കഴിച്ചവരില്‍ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ( Marriage Fraud Case ) വിവാഹത്തിന് പലരും താലി മാത്രമാണ് കെട്ടിയത്. വിവാഹം കഴിച്ചവരില്‍ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കല്‍ത്തന്നെയുണ്ടായിരുന്നു. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി യുവതി ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.
സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങള്‍ രേഷ്മ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മ താമസിച്ചിരുന്ന വീട്ടിലെ ഗൃഹനാഥയ്ക്ക് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താകാൻ കാരണമായത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞിട്ടുള്ളത്. സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് 2017-19 കാലഘട്ടത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
2014 ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പ്രണയവിവാഹം ആയിരുന്നെങ്കിലും വൈകാതെ ഇയാൾ ഉപേക്ഷിച്ചുപോയി. പിന്നീട് യുവതി പഠനം തുടർന്നു. 2022-ൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022-ല്‍ ത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. ട്രെയിനിൽ വെച്ചാണ് രേഷ്മ ഇയാളെ പരിചയപ്പെടുന്നത്. 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയെയും വിവാഹം കഴിച്ചു. വിവാഹത്തിനു മുന്‍പുതന്നെ ഇവര്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു ആണ്‍കുഞ്ഞ് ജനിച്ചു.
വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തില്‍ സംശയമാരോപിച്ചു. ഇതേസമയത്ത് വിദേശത്തു നിന്നും പാലക്കാട് സ്വദേശിയായ ഭർത്താവ് തിരികെ നാട്ടിലെത്തി. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാൾ പൊലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടര്‍ന്ന് കോടതി യുവതിയെ മഹിളാമന്ദിരത്തിലാക്കി. ഇവിടെ നിന്നും തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭര്‍ത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടെ ഭര്‍ത്താവ് പിണങ്ങിപ്പോയി. ഇതിനു ശേഷം കേരളത്തിൽ തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്ക് രേഷ്മ തുടക്കമിട്ടത്.
2024-ല്‍ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാര്‍ച്ച് ഒന്നിനും വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളും രേഷ്മയുടെ വിവാഹതട്ടിപ്പിന് ഇരയായിരുന്നു. വിവാഹ ശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. വിവാഹങ്ങള്‍ നടത്തിയത് പണത്തിനു വേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates