കല്‍പ്പറ്റ: വയനാട് മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദത്തില്‍ വഴിത്തിരിവ്. വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പരാതിയില്‍ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 135 വിദ്യാര്‍ഥികള്‍ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണമുണ്ടായത്.
അതേസമയം, പ്രിന്‍സിപ്പലിനെതിരെ തങ്ങള്‍ മദ്യപിച്ചെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയതും സംഭവത്തില്‍ നിര്‍ണായകമായി. വിനോദയാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ സംഘം വെള്ളിയാഴ്ച നടത്തിയ വിശദീകരണത്തിലാണ് പ്രിന്‍സിപ്പലിനെതിരെ തങ്ങള്‍ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. യാത്രയ്ക്കിടെ മദ്യലഹരിയില്‍ ബസില്‍ കയറിയത് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഹാജിസ് ഉള്ളാടനാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
എന്നാല്‍, സംഭവമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രിന്‍സിപ്പലിന്റെ രക്തസാമ്പിള്‍ ശേഖരിച്ചതെന്നും അതിനാല്‍ പരിശോധനാഫലം നെഗറ്റീവായതാകാമെന്നും ചില രക്ഷിതാക്കള്‍ ആരോപിച്ചു. വിനോയാത്രക്കിടെ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. പിടിഎ പ്രസിഡന്റ് മദ്യലഹരിയിലായിരുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി രക്ഷിതാക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു. ദൃശ്യങ്ങള്‍ കണ്ടതോടെ ആശങ്കയിലായ രക്ഷിതാക്കള്‍ സംഘം തിരിച്ചെത്തുന്നതിന് മുമ്പുതന്നെ സ്‌കൂളിലെത്തി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പ്രിന്‍സിപ്പലിനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞതോടെ സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കിയത്.
അതേസമയം, തനിക്കെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണന്‍ പറഞ്ഞു. 'എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. വിദ്യാര്‍ഥികളാരും എനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്നിരിക്കെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായി ഏതറ്റം വരെയും പോകും. നേരത്തെയും എന്നെ ഭീഷണിപ്പെടുത്തിയിട്ടുള്ള ചില പിടിഎ അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം,' ഷിബി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates