തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ സമരം അക്രമാസക്തമായതിനെച്ചൊല്ലി മന്ത്രി കെഎന്‍ ബാലഗോപാലും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ വാക്‌പോര്. വഴി തടഞ്ഞ് വാഹനവും പൊട്ടിച്ചിട്ട് കപടപ്രചാരണം നടത്തുന്നു എന്ന മന്ത്രിയുടെ പരാമര്‍ശമാണ് വാക്കുതര്‍ക്കത്തിന് കാരണമായത്.
എങ്ങനെ സമരം നടത്തണമെന്ന് സര്‍ക്കാര്‍ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കൊച്ചിയിലെ സമരം എന്തിനെന്ന് ജനം വിലയിരുത്തട്ടെ. സമരത്തിനിടെ ജോജുവിനെ മര്‍ദിച്ചിട്ടില്ല. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൊലീസാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിനിടെ, ജോജുവിനെപ്പോലുള്ള കലാകാരനെ മദ്യപാനി എന്ന് കെപിസിസി പ്രസിഡന്റ് ആക്ഷേപിച്ചത് ശരിയായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ പൊലീസ് തന്നെയാണ് ജോജു സമരക്കാരുടെ ഇടയിലേക്ക് രോഷാകുലനായി നടന്നുവരുമ്പോള്‍ മദ്യലഹരിയിലാണെന്ന വിവരം സമരക്കാരോട് പങ്കുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ അന്വേഷിക്ക്. അത് അന്വേഷിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാരിനുണ്ടല്ലോ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത്തരത്തിലൊരു സമരം നടക്കുമ്പോള്‍ രോഷം പ്രകടിപ്പിച്ച് ഒരാള്‍ കടന്നു വന്നത് എല്‍ഡിഎഫ് നടത്തുന്ന സമരത്തിലേക്കായിരുന്നെങ്കില്‍ എന്താകുമായിരുന്നു പ്രതികരണമെന്ന് ഒന്നാലോചിക്കണം. സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കില്‍ അനുശോചനം നടത്തേണ്ടി വന്നേനെയെന്നും സതീശന്‍ പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്ത് ട്രെയിനുകള്‍ ബോംബ് വെച്ച് തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കൊല്‍ക്കത്ത തീസിസ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി, അക്രമപരമ്പരകള്‍ തന്നെ ഇക്കാലമത്രയും സംസ്ഥാനത്തും രാജ്യത്തും നടത്തിയ നിങ്ങളാണോ എങ്ങനെ സമരം നടത്തണമെന്ന് യുഡിഎഫിനെ പഠിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇന്ധനവില വര്‍ധനയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയിക്കിടെയാണ് ജോജു വിഷയം ഉയര്‍ന്നു വന്നതും നിയമസഭയില്‍ രൂക്ഷമായ വാക്‌പോര് അരങ്ങേറിയതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates