

തിരുവനന്തപുരം: ഇന്ധനവില വര്‍ധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നികുതി ഭീകരതയാണ് ഈ വിഷയത്തില്‍ നടക്കുന്നത്. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപയാണ് നികുതി ഈടാക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ പറഞ്ഞു. നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണക്കമ്പനികളല്ല. നരേന്ദ്രമോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള ത്വരയാണ് മന്ത്രി കെ എന്‍ ബാലഗോപാലിനെന്ന് ഷാഫി കുറ്റപ്പെടുത്തി. 66 ശതമാനം നികുതി ഇന്ധനത്തിന് കൊടുക്കേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ ജനങ്ങള്‍. കോണ്‍ഗ്രസിനെ പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ബിജെപി സര്‍ക്കാരിന് എതിരായ ജനരോഷം തിരിച്ചുവിടാനാണ്. ബിജെപിയെ കൂടി വിമര്‍ശിച്ചുകൂടെയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.
രണ്ടു തവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിത്. നാലു തവണയായി 600 കോടി രൂപ വേണ്ടെന്നു വെച്ച മാതൃകയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ധന വില കൂടാന്‍ കാരണം കോണ്‍ഗ്രസ് ആണെന്നത് തെറ്റായ പ്രചാരണമാണ്. ഇന്ധന വില തീരുമാനിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കോണ്‍ഗ്രസ് അധികാരം നല്‍കിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല
ഇന്ധനവില വര്‍ധന ഗുരുതരമായ പ്രശ്‌നമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ധന നികുതി കോവിഡ് കാലത്ത് സംസ്ഥാനസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ല. യുഡിഎഫ് 94 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് കൂട്ടിയത് 11 ശതമാനം മാത്രമാണ്. കേരളത്തേക്കാള്‍ കൂടുതല്‍ നികുതി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം വീതം വെക്കാത്ത വിധം നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് കേന്ദ്രം നടത്തുന്ന ഇടപെടലുകളാണ് ഇന്ധനത്തിന് ഇത്രയും വില വര്‍ധിക്കാന്‍ കാരണം. അതിനാല്‍ കേന്ദ്രത്തിനെതിരെ ഒന്നിച്ച് അണിനിരക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വിലനിര്‍ണയം എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തെങ്കിലും ക്രൂഡ് വില താഴുന്നത് അനുസരിച്ച് വില കുറയുന്നില്ല.
സംസ്ഥാനം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരിക്കലും ഇന്ധന നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ കേന്ദ്രം പലതവണയാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കൊടുക്കാതിരിക്കാനുള്ള ചില ഉപായങ്ങള്‍ പോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതായും ധനമന്ത്രി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates