Chinoos Chilanka MISA actress 
Kerala

'കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു, അതിൻറെ തെളിവാണ് ഈ കാണുന്നതെല്ലാം': ചിനൂസ് ചിലങ്ക

ഡിവൈഎഫ്ഐ വേദിയിലെ 'മിസ' നാടക വിവാദത്തിലും സൈബർ അധിക്ഷേപങ്ങളിലും നിലപാട് വ്യക്തമാക്കി അഭിനേത്രി ചിനൂസ് ചിലങ്ക സമകാലിക മലയാളത്തോട്

Author : ലക്ഷ്മി ആതിര

ഡിവൈഎഫ്വൈ സംസഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിലെ ഒരു രംഗം അടർത്തിയെടുത്ത് അശ്ലീലച്ചുവയുള്ള ഗാനം ചേർത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഉയർന്ന വിവാദത്തോടെ നാടകത്തിന്റെ രാഷ്ട്രീയവും കലാകാരിയുടെ സ്വാതന്ത്ര്യവും വീണ്ടും ചർച്ചയാകുകയാണ്. അടിയന്തരാവസ്ഥാ കാലത്തെ രാഷ്ട്രീയ അടിച്ചമർത്തലും സ്നേഹലത റെഡ്ഡിയുടെ ജയിൽ അനുഭവങ്ങളും പ്രമേയമാക്കിയ നാടകം, ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ അതിന്റെ കാഠിന്യത്തോടെ തന്നെ അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

നാടകത്തിലെ അഭിനയരംഗം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതിലൂടെ താൻ ഉയർത്തുന്ന രാഷ്ട്രീയത്തോടുള്ള എതിർപ്പാണ് മറനീക്കി പുറത്തുവന്നിട്ടുള്ളതെന്ന് അഭിനേതാവായ ചിനൂസ് ചിലങ്ക സമകാലിക മലയാളത്തോട് പ്രതികരിച്ചു. തന്റെ വസ്ത്രത്തെയും അഭിനയത്തെയും കേന്ദ്രീകരിച്ച് നടക്കുന്ന സൈബർ ആക്രമണത്തെയും വൈകിയെത്തിയ സാംസ്കാരിക പിന്തുണയെയും അവർ വിമർശിക്കുന്നു. അതേസമയം, വിവാദത്തിന് പിന്നാലെ ഡിവൈഎഫ്ഐ വീണ്ടും ‘മിസ’യ്ക്ക് വേദിയൊരുക്കുന്നത് കലാകാരിയോടുള്ള ഐക്യദാർഢ്യമായും നാടകം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമായുമാണ് അവർ കാണുന്നത്.

താങ്കൾ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിലെ ഒരു ഭാഗം വെട്ടിയെടുത്ത് വികലമായി ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. എന്താണ് ഈ അവസരത്തിൽ പറയാനുള്ളത്?

‘മിസ’ ആദ്യമായിട്ടല്ല ഞങ്ങൾ അവതരിപ്പിക്കുന്നത്. വിവാദമായ അവതരണം ഞങ്ങളുടെ ഒമ്പതാമത്തെ വേദിയായിരുന്നു. ഇതിനുമുമ്പ് ഡിവൈഎഫ്ഐയുടെ ജില്ലാ സമ്മേളനങ്ങളിലും കർഷക സംഘത്തിന്റെ വേദികളിലും മറ്റ് പൊതുവേദികളിലും ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ‘മിസ’ പറയുന്നത് കൃത്യമായ രാഷ്ട്രീയമാണ്. അത് തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയാണ്. 1975ലെ അടിയന്തരാവസ്ഥാ കാലം മുതൽ 2026ലെ ബിജെപി ഭീകരത വരെ അതിൽ വിഷയമാകുന്നുണ്ട്. 1975ലെ അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി സർക്കാർ ചോദ്യം ചോദിക്കുന്നവരെ തടവിലാക്കാൻ കൊണ്ടുവന്ന ഒരു ആക്ടാണ് മിസ.

താങ്കളുടെ വസ്ത്രമാണ് സൈബർ ഇടങ്ങളിലെ പ്പോഴത്തെ പ്രശ്നം. ഒരു കലാകാരി എന്ന നിലയിൽ ഈ സൈബർ ആക്രമണത്തെ എങ്ങനെയാണ് നോക്കികാണുന്നത്?

ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആയുധം അവരുടെ ശരീരവും ശബ്ദവുമാണ്. ഇപ്പോൾ പുറത്തുവന്ന ക്ലിപ്പിൽ നിങ്ങൾക്ക് എന്റെ പ്രകടനത്തിന്റെ ശരിക്കുമുള്ള ശബ്ദം കേൾക്കാൻ കഴിയും. എന്നാൽ അതിലേക്ക് അശ്ലീലച്ചുവയുള്ള ഗാനം കൂട്ടിച്ചേർത്ത് ആ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഈ വീഡിയോ ആദ്യം എഡിറ്റ് ചെയ്തവർ അതിന്റെ ശരിക്കുമുള്ള അവതരണം കേട്ടതായിരിക്കുമല്ലോ. അപ്പോൾ എന്റെ വസ്ത്രമല്ല, പക്ഷേ ഞാൻ ഈ നാടകത്തിലൂടെ പറഞ്ഞ രാഷ്ട്രീയമാണ് വിഷയം. എന്റെ രാഷ്ട്രീയം കൊള്ളേണ്ടതാണ് എന്നതിന്റെ തെളിവാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

MISA poster

നിലവിൽ വലതുപക്ഷ രാഷ്ട്രീയത്തോട് അടുത്തുനിൽക്കുന്ന പല പ്രമുഖ സാംസ്കാരിക പ്രവർത്തകരും താങ്കൾക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ അവരുടെ പിന്തുണ രേഖപ്പെടുത്തുന്നുണ്ടല്ലോ. ഈ വൈകിവന്ന പിന്തുണയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

രാഷ്ട്രീയത്തിനുപരിയായി എനിക്ക് ഇപ്പോൾ സമൂഹത്തിൽ ഒരു സ്വീകാര്യതയുണ്ട്. ഇപ്പോൾ എങ്കിലും പ്രതികരിച്ചില്ലെങ്കിൽ പിന്നീട് ഇവർക്കെതിരെ ചോദ്യങ്ങൾ വരുമെന്ന ഉത്തമബോധ്യത്തോടെയാണ് ഇത്തരത്തിലുള്ള ആളുകൾ പിന്തുണ രേഖപ്പെടുത്തിയിരിക്കുന്നത്. അല്ലെങ്കിൽ നേരത്തെ തന്നെ ഇവർക്ക് എന്നെ പിന്തുണയ്ക്കാമായിരുന്നു.

ഒരു സാധാരണ മനുഷ്യന് ഈ വീഡിയോ കാണുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ എന്റെ സഹപ്രവർത്തകർക്കും കലാകാരന്മാർക്കും കൃത്യമായി അറിയാവുന്ന കാര്യമാണ് ഒരു അഭിനേതാവ് തന്റെ ശരീരവും ശബ്ദവും മനസ്സും കൊണ്ടാണ് ഒരു കഥാപാത്രത്തെ പൂർണമാക്കുന്നതെന്നത്. എന്നിട്ടും അവർക്കാർക്കും ആദ്യഘട്ടത്തിൽ അവരുടെ രാഷ്ട്രീയം മാറ്റിവച്ച് എന്നെ പിന്തുണയ്ക്കാൻ സാധിച്ചില്ല. ഈ വൈകിയ വേളയിലെ അവരുടെ പിന്തുണ അപ്രസക്തമാണ്.

‘മിസ’ വീണ്ടും ഡിവൈഎഫ്ഐയുടെ വേദിയിൽ എത്തുകയാണല്ലോ. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഒരു കലാകാരിയോടുള്ള ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യമായാണ് ഈ വേദിയെ ഞാൻ കാണുന്നത്. ഈ നാടകം സംസാരിക്കുന്ന രാഷ്ട്രീയം കൂടുതൽ ആളുകളിലേക്ക് എത്തിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. പിന്നെ, ഇത്രയും അശ്ലീലമായി നവമാധ്യമങ്ങളിൽ വീഡിയോ ഇടുന്ന മുഖമില്ലാത്ത സൈബർ ഗുണ്ടകൾക്കുള്ള ഒരു അടിയായാണ് ഞാൻ ഇതിനെ കാണുന്നത്.

Actor Chinoos Chilanka speaks on the cyber attack against the drama 'Misa', clarifying that opponents fear the politics conveyed rather than the costume

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കള്ളൻ വിജയൻ' ലേഖന വിവാദം: കെആർ അജയൻ ദേശാഭിമാനിയിൽനിന്ന് രാജിവച്ചു

മോഡല്‍ പ്രീ സ്‌കൂളുകളില്‍ ടീച്ചര്‍, ആയ തസ്തികകളില്‍ ഒഴിവ്

ഇത് നിവിനോണം! ഓരോ സീനിലും കോമഡി, മമിതയും സൂപ്പർ; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യ പ്രതികരണം

വിഴിഞ്ഞത്ത് അവസരം; കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ഒഴിവ്, അഭിമുഖത്തിലൂടെ നിയമനം

അസിഡിറ്റി വിട്ടുമാറുന്നില്ലേ? അത്താഴത്തിന്റെ സമയം ഒന്ന് മാറ്റിപ്പിടിച്ചാലോ