കോഴിക്കോട്: മലപ്പുറത്ത് 2005-ൽ നടന്ന സിപിഎമ്മിന്റെ 18-ാമത് സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റുമായിരുന്ന എം എൻ വിജയൻ എഴുതിയ 'അരവും കത്തിയും' എന്ന ലേഖനമാണ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പാർട്ടിക്കുള്ളിലെ പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ വ്യക്തമായ ചിത്രം അവതരിപ്പിച്ചത്. എന്നാൽ, വി എസ് നയിച്ച വിഭാഗത്തിന് സമ്മേളനത്തിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ച അദ്ദേഹത്തിന്റെ എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.
എന്നാൽ, വി എന്ന കമ്മ്യൂണിസ്റ്റ് നേതാവ് അതുകൊണ്ട് പിന്മാറിയില്ല, പാർട്ടിയിലെ 'വലതുപക്ഷ വ്യതിയാനം' എന്ന് വിളിക്കപ്പെട്ട നിലപാടിനെതിരായ പോരാട്ടം തുടർന്നു. വി എസ് - പിണറായി എന്നീ രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കമായി വ്യഖ്യാനിക്കപ്പെട്ട കാലത്ത്, ഉൾപ്പാർട്ടിപോരിന് ഒരു പ്രത്യയശാസ്ത്ര മാനം നൽകിയതും പോരാട്ടത്തെ വെറും അധികാര മത്സരത്തിന്റെ തലത്തിലേക്ക് താഴ്ത്തുന്നത് തടഞ്ഞതും എം എൻ വിജയനാണ്.
"കമ്മ്യൂണിസ്റ്റുകാര്‍ സമ്മേളനം നടത്തുന്നത് ഭംഗിവാക്കുപറഞ്ഞുപിരിയാനല്ല, ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനാണ് . പ്രത്യയശാസ്ത്രസംവാദം നടത്തി കണ്ണുതെളിയിക്കാനാണ്. വിമര്‍ശനത്തിന്റെ തീയിലിട്ടുകാച്ചലും അടിക്കലുമാണ് അവിടെ നടക്കുന്നത്. അത്തരമൊരു വിമര്‍ശനത്തിന്റെ കരിമരുന്നാണ് , പാഠം പാര്‍ട്ടിക്കു നല്‍കിയത് .അതിനെ കൊല്ലനും കൊല്ലത്തിയും തമ്മില്‍ തല്ലുകൂടുന്നതിന്റെ ഒച്ചയാണ് എന്നു വിശേഷിപ്പിക്കേണ്ടത് ചിലരുടെ രാഷ്ട്രീയ താല്‍പ്പര്യമാണ്.," എംഎൻ വിജയൻ എഴുതിയ ഈ ലേഖനം പാർട്ടിക്ക് അസ്വസ്ഥയുളവാക്കി.
"കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതായാല്‍ നഷ്ടം സംഭവിക്കുക കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല, മാനവ രാശിക്കാകെത്തന്നെയാണ്... കേരളത്തിലെ ഇടതുപക്ഷ മതേതര ശക്തികൾ ആഗ്രഹിക്കുന്നത് വലിയൊരു ബഹുജന പിന്തുണയുള്ള സിപിഎമ്മിന്റെ സ്വഭാവം നഷ്ടപ്പെടരുതെന്നാണ്," അത് കൂട്ടിച്ചേർത്തു. മറ്റു പലരെയും പോലെ, സിപിഎമ്മിന്റെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് സ്വഭാവം നിലനിർത്താൻ വിഎസ് പോരാടുകയാണെന്ന് എം എൻ വിജയനും വിശ്വസിച്ചു.
ഫ്രോയിഡിയൻ ചിന്തകനായിരുന്ന എം എൻ വിജയന്റെ സിപിഎമ്മിലേക്കുള്ള യാത്ര 1985-ൽ തലശ്ശേരിയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ 'മാർക്സും ഫ്രോയിഡും' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തോടെയാണ് ആരംഭിച്ചത്. അതുവരെ, കുമാരൻ ആശാൻ, വൈലിപ്പിള്ളി, ബഷീർ, ചങ്ങമ്പുഴ തുടങ്ങിയ എഴുത്തുകാരുടെ ലോകങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്ന മനോവിശ്ലേഷണ പഠനങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.
താമസിയാതെ, അദ്ദേഹം സിപിഎമ്മിന്റെ പ്രധാന സൈദ്ധാന്തികനായി ഉയർന്നുവന്നു, കണ്ണൂരിലെ രാഷ്ട്രീയ അക്രമത്തിന്റെ ഇരുണ്ട നാളുകളിൽ പാർട്ടിയെ പിന്തുണച്ചു. വിജയൻ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റും പിന്നീട് ദേശാഭിമാനി വാരികയുടെ എഡിറ്ററുമായി. വിജയനെപ്പോലുള്ള ഒരു സിംഹത്തെ കൂട്ടിലടച്ചതാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹത്തിന്റെ സമകാലികയായ എം ലീലാവതി വിലപിച്ചു.
പക്ഷേ,ആ സിംഹം അധികനാൾ കൂട്ടിൽ മെരുങ്ങിക്കിടന്നില്ല. സിപിഎമ്മിന്റെ പ്രിയപ്പെട്ട ജനകീയാസൂത്രണ പദ്ധതിക്ക് പിന്നിൽ ഒരു കൊളോണിയൽ അജണ്ടയുണ്ടെന്ന് എം എൻ വിജയന് തോന്നി. പാർട്ടിയിലെ ഔദ്യോഗിക വിഭാഗത്തിൽ നിന്ന് പതുക്കെ മാറി എസ്. സുധീഷിനെപ്പോലുള്ളവരുടെ പിന്തുണയോടെ 'പാഠം' മാസിക ആരംഭിച്ചു, അത് സിപിഎമ്മിലെ പിണറായി വിജയൻ വിഭാഗത്തിനെതിരായ ആ പ്രത്യയശാസ്ത്ര പോരാട്ടത്തിനുള്ള വേദിയായി മാറി.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാപരമായ കർശനതയിൽ ശ്വാസംമുട്ടിയ കേരളത്തിലെ വലിയൊരു വിഭാഗം 'കാൽപ്പനിക വിപ്ലവകാരികളെ' വി.എസിനൊപ്പം അണിനിരക്കുന്നതിന് പ്രേരിപ്പിക്കുന്നതിൽ എം എൻ വിജയന്റെ ഇടപെടൽ സഹായിച്ചു. പാർട്ടിയുടെ സംഘടനാ ഘടന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. സംഘടനയും ജനങ്ങളും വിപരീത ദിശകളിലേക്ക് നീങ്ങുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. തങ്ങളുടെ ആശങ്കകൾ ആത്മാർത്ഥമായി പ്രകടിപ്പിക്കുന്ന 'ജനങ്ങളെ കുറിച്ച് കരുതലുള്ള ' ഒരാളെ, അദ്ദേഹം വി.എസ്സിൽ കണ്ടു.
ഒരുകാലത്ത് എം എൻ വിജയനും പിണറായിവിജയനും തമ്മിൽ ആഴത്തിലുള്ള സൗഹൃദം നിലനിന്നിരുന്നു.എന്നാൽ, അരവും കത്തിയും എന്ന ലേഖനത്തോടെ ആ ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട അന്ന് വൈകുന്നേരം കരിവെള്ളൂരിൽ നടന്ന കൊടിമരജാഥയിൽ പിണറായി വിജയൻ ഈ പ്രസംഗത്തിന്, സംഘടനയുടെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് അതിശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നുവെന്ന് ചില സി പി എം പ്രവർത്തകർ ഓർമ്മിക്കുന്നു. ഇതോടു കൂടിയാണ് അവർ തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തിൽ വിള്ളൽ സംഭവിച്ചതെന്നും അവർ പറയുന്നു.
അതേസമയം, എം എൻ വിജയനും വിഎസ് അച്യുതാനന്ദനുമായും ആഴത്തിലുള്ള വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. ഈ വിവാദം രൂക്ഷമായ സാഹചര്യത്തിൽ ദേശാഭിമാനി വാരികയുടെ എഡിറ്റർ സ്ഥാനം എം എൻ വിജയൻ രാജിവച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തെ, വിഎസ് ഫോണിൽ വിളിച്ചു സംസാരിച്ചു. എന്നാൽ, അവർക്കിടയിൽ നടന്ന സംഭാഷണം എന്തായിരുന്നുവെന്ന് രണ്ടുപേരും ആരോടും വെളിപ്പെടുത്തിയില്ല എന്നതിനാൽ ഇന്നും അത് ആരുമറിയാത്തകാര്യമായി തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates