വിഎസ്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നൽകിയ സംഭാവനയിൽ ഇങ്ങനെയൊന്ന് കൂടെയുണ്ട്

വി എസ് അച്യുതാനന്ദൻ്റെ സംഭാവനകളെപ്പറ്റി നിരവധി പേർ പറയുന്നുണ്ട്. എന്നാൽ, അധികമാരും പറയാത്ത പോയ ഒരു രാഷ്ട്രീയ സംഭാവന അദ്ദേഹം കമ്മ്യൂണിസ്റ്റ് സംഘടനാരീതിക്ക് നൽകിയിട്ടുണ്ട്. അതേക്കുറിച്ച് പറയാതെ വി എസ് എന്ന നേതാവിന്റെ സംഭാവനകൾ പൂർണ്ണമാകില്ല.
VS Achuthanandan, CPM
VS AchuthanandanBP Deepu TNIE
Updated on
4 min read

ലോകത്തൊട്ടാകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയേറ്റ കാലമായിരുന്നു 1980കളുടെ അവസാനവും 1990കളുടെ തുടക്കവും. 1991ൽ നിരവധി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊഴിഞ്ഞുവീണു, പിന്നീട് അവിടങ്ങളിൽ കണ്ടത് പലതരം ഏകാധിപത്യ പ്രവണതകളാണ്. പലയിടങ്ങളിലും ബഹുകക്ഷി വ്യവസ്ഥ നിലവിൽ വന്നു എന്നത് മറ്റൊരു കാര്യം. ഇതിന് മുൻപ് തന്നെ യൂറോപ്പിൽ യൂറോ കമ്മ്യൂണിസവും ന്യൂ ലെഫ്റ്റ് എന്നീ ധാരകളും ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ, ഇതൊന്നും ഏശാത്ത ഒരു സ്ഥലം കേരളമാണെന്ന് വേണമെങ്കിൽ പറയാം. ലോകത്ത് ബഹുകക്ഷി വ്യവസ്ഥയിലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയൊരു ജനാധിപത്യ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

മാർക്സിസം - ലെനിനിസം അടിസ്ഥാനപ്രമാണമെന്ന് അടിവരയിട്ടു പറയുന്ന പാർലമെൻ്ററി ഇടതുപക്ഷത്തിന് ശക്തിയുള്ള സ്ഥലമാണ് കേരളം. എന്നാൽ, 1950-കൾ മുതൽ തന്നെ ലെനിൻ വിമർശിച്ച പാർലമെൻ്ററി ക്രെട്ടിനിസം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ബാധിച്ചു എന്ന വിമർശനം ഇന്നും കേൾക്കുന്ന സംഘടനകളുമാണ് അവ.

വി എസ് അച്യുതാനന്ദൻ്റെ സംഭാവനകളെപ്പറ്റി നിരവധി പേർ പറയുന്നുണ്ട്. എന്നാൽ, അധികമാരും പറയാത്ത പോയ ഒരു രാഷ്ട്രീയ സംഭാവന അദ്ദേഹം കമ്മ്യൂണിസ്റ്റ് സംഘടനാരീതിക്ക് നൽകിയിട്ടുണ്ട്. അതേക്കുറിച്ച് പറയാതെ വി എസ് എന്ന നേതാവിന്റെ സംഭാവനകൾ പൂർണ്ണമാകില്ല.

VS Achuthanandan, CPM
ഈ കാശിത്തുമ്പ വിടരും, വിപ്ലവ നായകന്റെ ഓര്‍മ്മകളുമായി; വി എസിന്റെ പേരിലൊരു പൂവ്

കേരളത്തിൽ പാർലമെന്ററി ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ലെനിനിസ്റ്റ് സംഘടനാ രീതിയിൽ പ്രവർത്തിക്കുന്ന സിപി എമ്മിൽ ഇടവേളയ്ക്ക് ശേഷം ഉൾപ്പാർട്ടിസമരമെന്ന ആഭ്യന്തര കലഹത്തിന്റെ ആദ്യ വെടി പൊട്ടുന്നതും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകർച്ചയോടെയാണ്. അക്കാലത്ത് കോഴിക്കോട് നടന്ന സി പി എം സമ്മേളനത്തിൽ വി എസ് അച്യുതാനന്ദൻ സെക്രട്ടറി സ്ഥാനം ഒഴിയുന്നു, പ്രതിപക്ഷനേതാവെന്ന സ്ഥാനം ഒഴിഞ്ഞ് ഇ കെ നായനാർ സെക്രട്ടറിയാകുന്നു. വി എസ് പ്രതിപക്ഷനേതാവാകുന്നു. ഇതോടെ കേരളത്തിൽ ചില പുതിയ തുടക്കങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. സി പി എമ്മിനുള്ളിൽ പതിയെ സി ഐ ടി യു - വി എസ് എന്നീ രണ്ട് വിഭാഗങ്ങൾ രൂപപ്പെടുന്നു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെന്ന് പാർട്ടി പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുത്ത് അങ്ങനെ തന്നെ കാണാം.

ആ പ്രതിപക്ഷനേതൃകാലഘട്ടത്തിലാണ് വി എസ് അച്യുതാനന്ദൻ എന്ന കർക്കശക്കാരനായ നേതാവ് പാർലമെന്ററി സാധ്യതകളുടെ ഉപയോഗവും മാധ്യമങ്ങളുടെ സാധ്യതയും കൃത്യമായി ഉപയോഗിച്ചു തുടങ്ങുന്നത്. ഇന്നത്തെ പോലെ ചാനലുകളോ ഓൺലൈൻ മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ ഒന്നുമില്ലാത്ത കാലം. പക്ഷേ, വി എസ് അച്യുതാനന്ദൻ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ കേരളത്തിലെ പ്രധാന ചർച്ചാവിഷയമായി മാറി. പാമോലിൻ, ഇടമലയാർ, ഗ്രാഫൈറ്റ്, സൂര്യനെല്ലിഎന്നുവേണ്ട വി എസ് എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഇതിനിടയിൽ ഐ എസ് ആർ ഒ ചാരക്കേസ് വന്നെങ്കിലും വി എസ് അതിനേക്കാളേറെ ശ്രദ്ധകേന്ദ്രീകരിച്ച് നിന്നത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലായിരുന്നു. അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങളിൽ വന്ന വിഷയങ്ങൾ അദ്ദേഹവും. അതൊരു കൊടുക്കൽ വാങ്ങലായിരുന്നു.

VS Achuthandan, PinarayiVijayan, Thomas Issac,Anathalavattam Anadhan
വി എസ് അച്യതാനന്ദൻ, പിണറായി വിജയൻ, ആനത്തലവട്ടം ആനന്ദൻ തോമസ് ഐസക് എന്നിവർTNIE FILE

1996ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ജയിച്ചുവെങ്കിലും വി എസ് തോറ്റു. തോറ്റ വി എസ്, ജയിച്ച വിഎസ്സിനേക്കാൾ അപകടകാരിയായിരുന്നുവെന്ന് എതിരാളികൾ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. പാർട്ടിക്കുള്ളിൽ ലെനിനിസ്റ്റ് സംഘടനാ രീതി ഉപയോഗിച്ചു കൊണ്ട് നേടിയെടുത്ത മേൽക്കൈ. പക്ഷേ, വി എസ് അവിടം കൊണ്ട് നിർത്തിയില്ല, താൻ ഉന്നയിച്ച അഴിമതിയാരോപണങ്ങളുടെ പിന്നാലെ തന്നെ തുടർന്നു. പരാതികൾ, വിജിലൻസ് കേസുകൾ അങ്ങനെയങ്ങനെ. ഇത് ഒരുവശത്ത് നടക്കുമ്പോൾ വി എസ് മുല്ലപ്പെരിയാറിലേക്ക് യാത്രപോയി. അന്നുവരെ കേരളത്തിലൊരു രാഷ്ട്രീയ നേതാവും ഇടപെടാത്ത ഒരു വിഷയത്തിനെ വി എസ് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നു. വി എസ്സിനൊപ്പം മാധ്യമങ്ങളും പോയി. തെരഞ്ഞെടുപ്പ് കാലങ്ങളിൽ വി എസ്സിനെ എതിർത്ത മാധ്യമങ്ങൾ പോലും അദ്ദേഹം മുല്ലപ്പെരിയാർ സന്ദർശിക്കുന്ന പടം ഒന്നാം പേജിൽ അച്ചടിച്ചു. വി എസ് എന്ന നേതാവ് സംഘടനയെയും ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു കാഴ്ച, സമാന്തരമായി ഭരണകൂടത്തോട്, ഏറ്റെടുക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന സൂചന. ഇതോടെ വർഷങ്ങൾക്ക് ശേഷം മുല്ലപ്പെരിയാർ വീണ്ടും ചർച്ചാ വിഷയമായി. ഇതിനൊപ്പം തന്നെ സൂര്യനെല്ലി കേസിലെ പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കാനുള്ള പോരാട്ടത്തിൽ നിന്ന് അണുവിട വി എസ് പിന്നോട്ട് പോയില്ല.

ഇങ്ങനെ നിന്ന വി എസ് വീണ്ടും പുതിയ പോർമുഖങ്ങൾ തുറക്കുന്നത് 2001 ലാണ്. വി എസ് ജയിച്ചു. എൽ ഡി എഫ് പ്രതിപക്ഷത്തായി. മതികെട്ടാനിലെ കയ്യേറ്റത്തിനെതിരെയായിരുന്നു പ്രധാനപ്പെട്ട ഒരിടപെടൽ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വി എസ് സ്ഥലം സന്ദർശിച്ചു. അന്ന് ഇവിടെയുണ്ടായിരുന്ന സകലമാധ്യമങ്ങളും വി എസ്സിനൊപ്പം അവിടെയെത്തി. മുല്ലപ്പെരിയാർ പോലെ തന്നെ മതികെട്ടാനും പിന്നീട് കേരളത്തിലെ പ്രധാന വിഷയമായി മാറി.

വി.എസ്. സജീവമായി ഇടപെട്ട മറ്റൊരു പ്രശ്നമാണ് മുത്തങ്ങയിലെ ആദിവാസി പ്രക്ഷോഭം.

അങ്ങനെ ഓരോ വിഷയങ്ങളിലും വി എസ് ഇടപെട്ടു തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഒരു പ്രൈവറ്റ് സെക്രട്ടറിയും ഇല്ലാതെ എൽ ഡി എഫ് കൺവീനറായിരുന്നുകൊണ്ട് മുല്ലപ്പെരിയാറിൽ പോയി വി എസ് ആരംഭിച്ച യാത്ര, പിന്നീട് കേരളത്തിലെ ഓരോ പ്രദേശത്തേക്കും നീളുകയായിരുന്നു. അതിനൊപ്പം മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ടായിരുന്നു.

VS Achuthanandan, CPM
വിഎസ് എന്നും നേതാവ്, ഇന്നലെ മുഴുവന്‍ പറയാനായില്ല; കുറിപ്പുമായി പിണറായി

സി പി എമ്മിൽ സമവാക്യങ്ങളുടെ ബലാബലം മാറി, വി എസ് സംഘടനാ ചട്ടക്കൂടിന് പുറത്തു പൊതുസമൂഹത്തിൻ്റെയും പോരാളിയായി. വി എസ് സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് പുറത്തേക്ക് വളർന്നു. ബലാബലത്തിലെ തർക്കം മൂത്തപ്പോൾ സംഘടനയ്ക്കുള്ളിൽ കാറ്റും വെളിച്ചവും കയറുന്നതിനെതിരെ നിലപാടുമായി വി എസ്സിനെ അനുകൂലിക്കുന്നവർ രം​ഗത്തുവന്നു. അവർ നിലയുറപ്പിച്ചത് ലെനിനിസ്റ്റ് സംഘടനാ തത്ത്വത്തിലായിരുന്നു. എന്നാൽ, വി എസ് അപ്പോഴും ആ സംഘടനാ തത്ത്വത്തെ തലതിരിച്ചിട്ട് മുന്നോട്ട് പോകുകയായിരുന്നു. വി എസ് നേരിട്ടും അല്ലാതെയും അത്തരം ഇടപെടലുകൾ സംഭവിച്ചുകൊണ്ടിരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി 2006 ലെ സ്ഥാനാർത്ഥി നിർണ്ണയം. 2006 ലെ തെരഞ്ഞെടുപ്പിൽ വി എസ് സ്ഥാനാർത്ഥിയാകുന്നില്ലെന്ന നില വന്നപ്പോൾ പ്രതികരണവുമായി തെരുവിലിറങ്ങിയവരിൽ പാർട്ടിക്കാരും അല്ലാത്തവരുമുണ്ടായിരുന്നു. സി പിഎം നിലപാട് മാറ്റി വി എസ്സിനെ സ്ഥാനാർത്ഥിയും പിന്നീട് മുഖ്യമന്ത്രിയുമാക്കി. സാധാരണഗതിയിൽ സംഭവിക്കാത്തത് അന്ന് സി പി എമ്മിൽ സംഭവിച്ചു. ഇതുതന്നെയാണ് മുഖ്യമന്ത്രിയായിരിക്കെയും സംഭവിച്ചത്. ദേശീയ തലത്തിൽ അഴിമതിവിരുദ്ധസമരവുമായി അണ്ണാ ഹസാരെ രംഗത്തെത്തിയപ്പോൾ കേരളത്തിൽ അച്ചുഹസാരെ എന്ന് പറഞ്ഞാണ് വി എസ്സിനെ കേരളത്തിലെ മധ്യവർഗം വിശേഷിപ്പിച്ചത്. ഇതേസമയത്താണ് ഇടമലയാർ കേസിൽ ആർ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചുകൊണ്ട് സുപ്രീം കോടതി വിധി വരുന്നത്. ഇതോടെയാണ് ഈ പ്രയോഗം രൂപം കൊണ്ടത്.

മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികൾ പൊമ്പിളൈ ഒരുമൈ എന്ന സംഘടനയുണ്ടാക്കി സമരമാരംഭിച്ചപ്പോൾ പാർട്ടിയുടെ വാക്കുകളെ മറികടന്ന് വി എസ് അവിടെ എത്തി. പാർട്ടി എം എൽ എ നടത്തിയിരുന്ന സമരമൊഴിവാക്കിയാണ് വി എസ് പാർട്ടിക്കാരല്ലാത്തവർ നടത്തിയ സമരമുഖത്ത് എത്തിയത്. പരിസ്ഥിതി, അഴിമതി, സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ പലപ്പോഴും പാർട്ടി സംവിധാനത്തെ നയിച്ചു കൊണ്ടുള്ള സമരങ്ങളല്ല, സ്വന്തം നിലപാട് സ്വീകരിച്ചായിരുന്നു അദ്ദേഹം മുന്നോട്ട് പോയത്.

VS Achuthanandan, CPM
'എനിക്കൊരു കണ്ടീഷനുണ്ട്, സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം'; വിഎസിന് മുന്നില്‍ തോറ്റ പാര്‍ട്ടി

ലെനിനിസ്റ്റ് സംഘടനാരീതിയുടെ മുഖ്യതത്ത്വം പാർട്ടി തൊഴിലാളി വർഗ്ഗത്തിൻ്റെ വാൻഗാ‍ർഡാണ് എന്നതാണ്. വ്യക്തികൾ പാർട്ടിക്ക് കീഴ്പ്പെടണം. കീഴ്ഘടകങ്ങൾ ഉപരിഘടങ്ങൾക്ക് കീഴ്പ്പെടണം. ഇവയെല്ലാം അലംഘനീയമായ ലെനിനിസ്റ്റ് പ്രമാണങ്ങളാണ്. എന്നാൽ, വി എസ് ഈ പ്രമാണങ്ങളെയെല്ലാം കീഴ്മേൽ മറിക്കുന്നതാണ് ഈ സംഭവങ്ങളിൽ കാണാൻ കഴിഞ്ഞത്. പാർട്ടിക്ക് പുറത്തുപോകാൻ വി എസ്സോ, വി എസ്സിനെ പുറത്താക്കാൻ പാർട്ടിയോ ആഗ്രഹിച്ചില്ല. ഒരുപക്ഷേ പാർട്ടിയും ലെനിനിസ്റ്റ് ചട്ടക്കൂടിൽ നിന്ന് അനൗദ്യോഗികമായെങ്കിലും പുറത്തുവന്നുകാണണം. എന്തായാലും, കെ പിആർ ഗോപാലൻ, എം വി രാഘവൻ, കെ ആർ ഗൗരിയമ്മ തുടങ്ങിയവർക്കൊന്നും പറ്റാത്തതായിരുന്നു വി എസ് ഇവിടെ നടത്തിയെടുത്തത്.

ഒരുകാലത്ത് സ്റ്റാലിനിസ്റ്റ് എന്ന വിമർശനം ഏറ്റുവാങ്ങിയ വി എസ് ആണ് സംഘടനയുടെ ആരൂഢമായ ലെനിനിസ്റ്റ് സംഘടനാരീതിയെ അട്ടിമറിച്ചത്. പാർട്ടി മുറുകെ പിടിക്കുന്ന ലെനിനിസ്റ്റ് സംഘടന രീതി ജനാധിപത്യസമൂഹത്തിൽ പ്രായോഗികമാവില്ല എന്ന് പലരും വാദിച്ചിട്ടുണ്ടെന്ന് രേഖകളിൽ കാണാമെങ്കിലും പൊതുസമൂഹത്തിൽ സമ്മതി ആർജ്ജിച്ച് പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ഇത് തെളിയിച്ച അപൂർവ്വവ്യക്തിത്വമാണ് വി എസ്. അതും തന്റെ 80 - മുതൽ 98 വയസ്സുവരെയുള്ള വാർദ്ധക്യകാലത്ത് എന്നതുകൂടെ കണക്കിലെടുക്കുമ്പോഴാണ് വി എസ്സിന്റെ രാഷ്ട്രീയ സംഭാവനയുടെ ആഴം അത്ഭുതപ്പെടുത്തുന്നതാകുന്നത്.

Summary

VS Achuthanandan often moved forward on issues such as the environment, corruption, and women's issues by taking his own stand, rather than leading the party system in its struggles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com