കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്. അതിജീവിതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രില്‍ന വിമര്‍ശിച്ചു. 'ഇത് കപട ധാര്‍മികതയാണ്. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാന്‍ നിങ്ങള്‍ മുന്നോട്ട് വരണം. അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളതെ'ന്നും പ്രില്‍ന ചോദിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രില്‍ന രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.
പ്രില്‍നയുടെ വാക്കുകള്‍: 'ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗര്‍ഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു ശേഷം വരുന്ന എന്ത് പ്രശ്‌നങ്ങള്‍ക്കും നമ്മുടെ സര്‍ക്കാര്‍ കൂടെ തന്നെ നിക്കും എന്നാണോ?. അത് സ്ത്രീയെ വീണ്ടും വീണ്ടും തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കും. കാരണം കൂടെ നില്‍ക്കാന്‍ ഓരോ പ്രസ്ഥാനങ്ങള്‍ കട്ടയ്ക്ക് കൂടെ ഉണ്ടല്ലോ അല്ലെ.
സ്ത്രീയും പുരുഷനും ഒരുമിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യത്തിന് പിന്നീട് പുരുഷന്‍ മാത്രം എങ്ങനെ തെറ്റുകാരന്‍ ആയി. ഈ ഗര്‍ഭം നടന്നിട്ട് നാളെത്രയായി, ഇപ്പോഴാണോ ബ്ലീഡിങ്ങിന്റെ വേദന അറിഞ്ഞു തുടങ്ങിയത്. അന്ന് ആ സംഭവം ഉണ്ടായ സമയത്ത് അയാള്‍ക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കന്‍ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അങ്ങനെ എങ്കില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ പലരേയും നിങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പാര്‍ട്ടിയിലെ ചിലര്‍ പീഡിപ്പിച്ച സ്ത്രീകള്‍ക്കെതിരെ നിങ്ങള്‍ നിലപാട് എടുക്കാത്തത് എന്തായിരുന്നു. അതും സ്ത്രീകള്‍ തന്നെയല്ലേ. അതിന്റ തീവ്രത അളന്നു കിട്ടിയില്ല എന്നാണോ? രാഷ്ട്രീയപരമായ കപട ധാര്‍മികത ആണ് ഇതെന്ന് വ്യക്തം. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാന്‍ നിങ്ങള്‍ മുന്നോട്ട് വരണം. അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിനു എന്ത് അര്‍ത്ഥമാണ് ഉള്ളത്. അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട മക്കളുടെ കൂടെ നിങ്ങള്‍ നില്‍ക്ക്. അവര്‍ക്കു നിങ്ങള്‍ നീതിമേടിച്ചു കൊടുക്ക്. സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കൂടെ നിങ്ങള്‍ നില്‍ക്ക്. ഇത് നിങ്ങള്‍ ചെയ്യുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്. ഗര്‍ഭം കഴിഞ്ഞിട്ട് കാലം എത്രയായി. സ്ത്രീയും പുരുഷനും ഒരുപോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം. സ്ത്രീയെ സേഫ് ആക്കേണ്ടതില്ല. ഇങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ക്കെതിരെയും എന്തും തൊടുത്തു വിടാന്‍ സാധിക്കും. കേസ് കൊടുത്തപ്പോള്‍ വിവാഹിത ആണെന്ന് ജനങ്ങള്‍ അറിഞ്ഞു തുടങ്ങി. ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്തൊക്കെ അറിയും എന്ന് കാണാം.' പ്രില്‍ന രാജ് പറഞ്ഞു. അതേസമയം, ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates