ഫയല്‍ ചിത്രം 
Kerala

മോഫിയയുടെ മരണം: പൊലീസിന്റെ വീഴ്ച അന്വേഷിക്കും; ബന്ധുക്കളെ കാണുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

യുവതി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭർത്താവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍. മോഫിയയുടെ വീട്ടില്‍ പോയി ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് മോഫിയ പര്‍വീണ്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നുവെന്നും സതീദേവി വ്യക്തമാക്കി. 

ഈ മാസം 17 നാണ് മോഫിയ വനിതാ കമ്മീഷന് പരാതി നല്‍കിയത്. വിഷയത്തില്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിക്ക് നീതിരഹിതമായ തരത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും നിര്‍ദേശം നല്‍കിയതായി സതീദേവി പറഞ്ഞു. 

അതേസമയം യുവതി ജീവനൊടുക്കിയ സംഭവം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റുമെന്നും എസ്പി അറിയിച്ചു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. 

ആലുവ എടയപ്പുറം സ്വദേശിനിയായ മോഫിയ പര്‍വീണ്‍ ആണ് ആത്മഹത്യ ചെയ്തത്. 21 കാരിയയാ മോഫിയ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഇന്നലെ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെയുള്ള പരാതിയില്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മൊഫിയയെ ഒത്തു തീര്‍പ്പിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഭര്‍ത്താവിനെ അടിച്ചതായും പൊലീസ് പറയുന്നു. സ്‌റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. 

എന്നാല്‍ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൈല്‍ എന്നയാളെയാണ് മൊഫിയ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സുഹൈല്‍ മോഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസയക്കുന്നതെന്ന് കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. ഇതും പരാതിയായി പൊലീസിന് നല്‍കിയിരുന്നു. 

എന്നാല്‍ ഗാര്‍ഹികപീഡനം അടക്കം ഒരു പരാതിയും പൊലീസ് കാര്യമായി എടുത്തില്ലെന്ന് മോഫിയ പര്‍വീണിന്റെ അച്ഛന്‍ പറയുന്നു. മോശമായി പെരുമാറിയ സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ ഒരു അന്വേഷണത്തോടും സഹകരിക്കില്ലെന്നും മോഫിയയുടെ കുടുംബം വ്യക്തമാക്കി. യുവതി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭർത്താവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT