രാഹുല്‍ മാങ്കൂട്ടത്തില്‍, പിടി ചാക്കോ rahul, PT Chacko facebook
Kerala

ഹൂ കെയേഴ്സ്...? 'സ്ത്രീ വിഷയ'ത്തില്‍ ആദ്യം വീണത് ചാക്കോ, കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച പീഡന വിവാദങ്ങള്‍

ഇതിനൊടുവിലാണ് സ്ത്രീപീഡനക്കേസിൽ പേര് പറയാതെ ആരോപണവിധേയനായ ഹൂ കെയേഴ്സ് ഉയർന്നുവന്നത്. വിവാദങ്ങളുടെ ഒടുവിൽ പാലക്കാട് എം എൽ എയും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡ​ന്റുമായ രാഹുൽമാങ്കൂട്ടത്തിൽ രാജിവച്ചു.

സമകാലിക മലയാളം ഡെസ്ക്

കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയർന്ന സദാചാര, പീഡന ആരോപണങ്ങളിൽ വിധേയരായ രാഷ്ട്രീയ നേതാക്കളുടെ എണ്ണം കുറവല്ല. കഴിഞ്ഞ 70 വർഷത്തിനുള്ളിൽ നിരവധി ആരോപണങ്ങൾ വിവിധ നേതാക്കൾക്കെതിരെ ഉയർന്നിരുന്നു. കുറച്ചു നാളുകളായി കേരളത്തിലെ ഒരു യുവ എം എൽ എയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ വ്യക്തതയില്ലാതെ ഉയർന്നിരുന്നു. ആരും ഇക്കാര്യത്തിൽ പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും സൂചനകളുടെ അടിസ്ഥാനത്തിൽ ഹൂ കെയേഴ്സ് എന്ന മറുപടിയുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡ​ന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഇതിനോട് പ്രതികരിച്ചു. ഇത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞു, മാധ്യമ പ്രവർത്തകയായിരുന്ന നടി ഹൂ കെയേഴ്സ് എന്ന പ്രയോ​ഗവുമായി ബന്ധപ്പെട്ട് തന്നോട് യുവനേതാവ് സ്വീകരിച്ച മോശം സമീപനത്തെ കുറിച്ച് ആദ്യം സോഷ്യൽ മീഡിയയിലൂടെയും പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും വെളിപ്പെടുത്തി. അതിന് ശേഷം പ്രവാസി മലയാളിയും സോഷ്യൽ മീഡിയയിലൂടെ രാഹുൽമാങ്കൂട്ടത്തി​ന്റെ പേര് വെളിപ്പെടുത്തി മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണം ഉന്നയിച്ചു.

കേരള രാഷ്ട്രീയത്തില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ആദ്യത്തെ ആരോപണം ഉയർന്നത്, കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന പി ടി ചാക്കോയ്ക്കെതിരെ ആയിരുന്നു. 1963 ലാണ് ആ സംഭവം ഉണ്ടായത്. 1963 ഡിസംബര്‍ എട്ടിന് പീച്ചിക്ക് പോവുകയായിരുന്ന ചാക്കോയുടെ ഔദ്യോഗിക കാര്‍ തൃശൂര്‍-വാണിയമ്പാറ റോഡില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് നിയമസഭയിലും ചര്‍ച്ചയായത്. മന്ത്രിയോടിച്ച കാര്‍ ഒരു ഉന്തുവണ്ടിയില്‍ തട്ടി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാക്കോ കാര്‍ നിര്‍ത്താതെ ഓടിച്ച് പോയി. വാഹനത്തില്‍ ചാക്കോയുടെ കൂടെയുണ്ടായിരുന്നത് നെറ്റിയില്‍ പൊട്ടു തൊട്ടൊരു സ്ത്രീയായിരുന്നുവെന്നും, അത് അദ്ദേഹത്തിന്റെ ഭാര്യയല്ലെന്നുമുള്ള വാര്‍ത്ത സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു.

PT Chacko

കൊച്ചിയിലുള്ളൊരു കോണ്‍ഗ്രസ് പ്രവര്‍ത്തക പദ്മം എസ്. മേനോനാണ് തന്റെ കാറില്‍ ഉണ്ടായിരുന്നതെന്നാണ് ചാക്കോ അവകാശപ്പെട്ടത്. പദ്മവും പത്രക്കാരോട് അങ്ങനെ തന്നെയാണ് അന്ന് പറഞ്ഞത്. പില്‍കാലത്ത് താനല്ല ആ വണ്ടിയില്‍ ഉണ്ടായിരുന്നതെന്നും മറ്റൊരു സ്ത്രീയായിരുന്നുവെന്നും പദ്മം വെളിപ്പെടുത്തി.എന്തായാലും സംഭവം കാരണം ചാക്കോയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ നിര്‍ദേശ പ്രകാരം 1964 ഫെബ്രുവരി 20 ന് ചാക്കോ രാജി വച്ചു. ശേഷം അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയ ചാക്കോ കോഴിക്കോട് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് 1964 ജൂലൈ 31 ന് 49ാം വയസില്‍ അന്തരിച്ചു. പിന്നീട് അദ്ദേഹത്തി​ന്റെ ഓർമ്മകളിൽ നിന്ന് കേരളാ കോൺ​ഗ്രസ് എന്ന പാർട്ടി രൂപീകരിക്കപ്പെട്ടു.

ഇതിന് ശേഷം കേരള രാഷ്ട്രീയത്തിൽ 1990 കളുടെ ആദ്യപകുതി വരെ ഇത്തരം സംഭവവികാസങ്ങളൊന്നുമു ണ്ടാകാതെ കടന്നുപോയി. എന്നാൽ, കേരളത്തെ ഞെട്ടിച്ച സൂര്യനെല്ലി കേസ് പുറത്തുവന്നതോടെ വീണ്ടുമൊരു ശക്തനായ കോൺ​ഗ്രസ് നേതാവ് പ്രതിസ്ഥാനത്ത് വന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിനി തന്നെ പീഡിപ്പിച്ച കൂട്ടത്തിൽ ബാജി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആളിനെ ഒരു പ്രസിദ്ധീകരണത്തിലെ പടം കണ്ട് തിരിച്ചറിഞ്ഞു. അന്ന് ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് എം പിയും കേന്ദ്രമന്ത്രിയുമൊക്കെയായ പി ജെ കുര്യനായിരുന്നു. പൊലീസ് അന്വേഷണത്തിൽ കുര്യനെ ഒഴിവാക്കി.

PJ Kurien

ഇതിന് തൊട്ടുപിന്നാലെ കേരളത്തെ ഇളക്കിമറിച്ച് ഐസ്ക്രീം പെൺവാണിഭ കേസ് ഉയർന്നു വന്നത്. അതിൽ പ്രതിസ്ഥാനത്ത് മുസ്ലിം ലീ​ഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇടതുപക്ഷ സർക്കാരി​ന്റെ കാലത്താണ് അതിന് മുമ്പ് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട കേസ് ഉയർന്നുവന്നതെങ്കിലും അത് കെട്ടടങ്ങി. പിന്നെ 2000ലെ ആ​ന്റണി സർക്കാരി​ന്റെ കാലത്ത് ഐസ്ക്രീം കേസിൽ ഇരയായ പെൺകുട്ടികളിലൊരാൾ മാധ്യമങ്ങൾക്ക് മുന്നിൽ സംഭവം വെളിപ്പെടുത്തിയതിനെ തുടർന്ന് വിഷയം വീണ്ടും കത്തിപ്പടർന്നു. ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം കെ ടി ജലീലിനോട് തോൽവിയടയുകയും ചെയ്തു.

മൂന്നാം ഇ കെ നായനാർ സർക്കാരി​ന്റെ കാലത്താണ് ഇടതുപക്ഷത്തിനെതിരെ സ്ത്രീപീഡനാരോപണം ഉയർന്നത്. മന്ത്രിയായിരുന്ന് ഡോ. എ നീലലോഹിതദാസൻ നാടാർക്കെതിരെ ഐ എ എസ് ഉദ്യോ​ഗസ്ഥയും ഐ എഫ് എസ് ഉദ്യോ​ഗസ്ഥയുമാണ് പരാതി പറഞ്ഞത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് കോടതി ഈ കേസുകളിൽ അദ്ദേഹത്തെ ശിക്ഷിച്ചു.

ഉമ്മൻചാണ്ടിക്കെതിരെ രണ്ട് തവണ സദാചാര ആരോപണങ്ങൾ ഉയർന്നു. ഒരു സ്ത്രീയുമായി അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്തു എന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ അത് താനായിരുന്നുവെന്ന് അദ്ദേഹത്തി​ന്റെ ഭാര്യ വെളിപ്പെടുത്തിയതോടെ അത് അവസാനിച്ചു. സോളാർ വിവാദകാലത്ത് നിരവധി കോൺ​ഗ്രസ് നേതാക്കൾക്കെതിരായാണ് ആരോപണം ഉയർന്നത്. ഉമ്മൻചാണ്ടി, കെസി വേണു​ഗോപാൽ, ഹൈബി ഈഡൻ,എ പി അനിൽകുമാർ, അടുർ പ്രകാശ്, സി പി എം വിട്ട് കോൺ​ഗ്രസിലും പിന്നീട് ബി ജെ പിയിലും പോയ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരയാണ് സോളാർ കേസിലെ പ്രതി ആരോപണം ഉന്നയിച്ചത്. ഇതിൽ നടന്ന അന്വേഷണത്തിനൊടുവിൽ എല്ലാവരെയും കുറ്റവിമുക്തരാക്കി.

kunjalikkutty

വി എസ് അച്യുതാനന്ദൻ സർക്കാർ ഭരിക്കുന്ന കാലത്ത് ആരോപണവിധേയനായത് മന്ത്രിയായിരുന്ന പി ജെ ജോസഫാണ്. വിമാനത്തിൽ വച്ച് നടന്ന സംഭവത്തിൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് കുറ്റവിമുക്തനായി. മഞ്ചേരിയിൽ വച്ച് ഒരു സ്ത്രീക്കൊപ്പം വീട്ടിലുണ്ടായിരുന്ന കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെയും അനാശാസ്യം ആരോപിച്ച് കേസെടുത്തു. പിന്നീട് കോടതി കേസ് റദ്ദാക്കി.

പിണറായി വിജയൻ ഒന്നാം സർക്കാരി​ന്റെ കാലത്ത് ഒരു ചാനൽ ഒരുക്കിയ ഫോൺകെണിയിൽപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നീട് അദ്ദേഹം കുറ്റവിമുക്തനായി തിരിച്ചെത്തി. ഷൊർണ്ണൂരിൽ നിന്നുള്ള സി പി എം എൽ എ എയായിരുുന്ന പി കെ ശശിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. പിന്നീട് പാർട്ടി തലത്തിൽ ശശിക്കെതിരെ നടപടി വന്നു. എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ഇതുപോലെ തന്നെ നിലവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്കെതിരെയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ​ഗോപി കോട്ടമുറിക്കലിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിലും ഇരുവർക്കുമെതിരെ പാർട്ടി നടപടികൾ ഉണ്ടായി. സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിയായ സ്വപ്ന സുരേഷ് അന്ന് സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ശ്രീരാമകൃഷ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Minister A K Saseendran

നിലവിൽ ഹൂ കെയേഴ്സ് വിവാദം കത്തിപ്പടരുമ്പോൾ കോൺഗ്രസിലെ രണ്ട് എം എൽ എമാർ സ്ത്രീപീഡനകേസിൽ പ്രതികളാണ് കോവളം എം എൽ എ ആയ എം വി​ൻസെ​ന്റ് ആണ് ഒരാൾ. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടക്കുകയും ചെയ്തു. പെരുമ്പാവൂർ എം എ. എ എൽദോസ് കുന്നപ്പള്ളിയാണ് രണ്ടാമത്തെ നേതാവ്. അദ്ദേഹവും ജാമ്യത്തിലാണ്.

ഇതിനൊടുവിലാണ് പേര് പറയാതെ ആരോപണവിധേയനായ ഹൂ കെയേഴ്സ് ഉയർന്നുവന്നത്. വിവാദങ്ങളുടെ ഒടുവിൽ പാലക്കാട് എം എൽ എയും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡ​ന്റുമായ രാഹുൽമാങ്കൂട്ടത്തിൽ രാജിവച്ചു.

The history of Kerala politicians who have been accused of moral turpitude and harassment in Kerala politics begins with former Congress leader PT Chacko.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിമിനല്‍ ഗൂഢാലോചനയിലടക്കം തെളിവില്ല; റദ്ദാക്കിയത് ദിലീപിനെതിരെയുള്ള 10 കുറ്റങ്ങള്‍

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

'ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന മറഞ്ഞു നില്‍ക്കുന്ന ഭീഷണി'; ഡ്രൈവര്‍മാര്‍ക്ക് എംവിഡിയുടെ കുറിപ്പ്

'നോട്ടീസുമായി വന്നാൽ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയത്'; ഇഡിയ്ക്കെതിരെ മുഖ്യമന്ത്രി (വിഡിയോ)

ഭൂചലനം; 10 അടി വരെ തിരമാലകൾ ഉയരാം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ് (വിഡിയോ)

SCROLL FOR NEXT