തിരുവനന്തപുരം: സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസും ബാങ്കുകളും കൈകോര്‍ക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകള്‍, എടിഎം പിന്‍വലിക്കലുകള്‍, ചെക്ക് ഇടപാടുകള്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും പരസ്പരം സഹകരിക്കുന്നത്. പൊലീസ് സഹായത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കും. ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.സെക്യൂരിറ്റി /അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27 മുതല്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി പൊലീസിന്റെയും ബാങ്ക് മാനേജര്‍മാരുടേയും സംയുക്ത യോഗങ്ങള്‍ സംഘടിപ്പിക്കും. മ്യൂള്‍ അക്കൗണ്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്തു വ്യാപകമാകുകയാണ്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് തട്ടിപ്പിനു കൂടുതലായി ഇരയാകുന്നത്. ഇടപാടുകാരുടെ കെവൈസി രേഖകളും തട്ടിപ്പുകാരുടെ മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ഈ തട്ടിപ്പു നടത്തുന്നത്.
ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ യുവാക്കളെ അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഈ യുവാക്കളുടെ ആധാര്‍ അടക്കമുള്ള കെവൈസി രേഖകളും ഫോട്ടോയുമെല്ലാം അക്കൗണ്ട് തുടങ്ങാനായി ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പക്ഷേ, രജിസ്റ്റര്‍ ചെയ്യാനായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത് തട്ടിപ്പുകാരുടേതായിരിക്കും. കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ തട്ടിപ്പുകള്‍ തുടങ്ങിയവയ്ക്കാകും ഇത്തരത്തില്‍ ആരംഭിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുക. പിടിക്കപ്പെടുമ്പോള്‍ കുടുങ്ങുന്നത് അക്കൗണ്ടുകള്‍ വാടകയ്ക്കു നല്‍കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates