തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ പ്രശ്ന പരിഹാരം കണ്ടെത്താൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്നതാണ് ലക്ഷ്യം. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് കമ്മിഷനായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ പരിശോധിക്കും. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിനുശേഷം മന്ത്രി പി രാജീവ് പറഞ്ഞു. താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചു. അവർ അത് അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.
മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ റിപ്പോർട്ട് യോഗം പരിഗണിച്ചു. ഫാറൂഖ് കോളജിനു ലഭിച്ച ഭൂമി പിന്നീട് പ്രദേശവാസികൾക്കു കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണു പരിശോധിച്ചത്. അതിനിടെ വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാല്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു.
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, മുനമ്പം സമര സമിതി പ്രതിനിധികൾ തുടങ്ങിയവർ ചര്‍ച്ചയിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates