എം വി ജയരാജന്‍/ഫയല്‍ ചിത്രം 
Kerala

'ശവംതീനി പ്രയോഗത്തിന് അനുയോജ്യന്‍ സുധാകരന്‍'; ധനരാജിന്റെ കടം പാര്‍ട്ടി വീട്ടും: എം വി ജയരാജന്‍

ധനരാജ് ഫണ്ടില്‍ നിന്ന് നയാ പൈസപോലും ആരും അപഹരിച്ചിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന് പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുള്ള കടം പാര്‍ട്ടി വീട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ധനരാജ് ഫണ്ടില്‍ നിന്ന് നയാ പൈസപോലും ആരും അപഹരിച്ചിട്ടില്ല. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാര്‍ട്ടിക്കില്ലെന്നും എംവി ജയരാജന്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ സംബന്ധിച്ച് പയ്യന്നൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് എം വി ജയരാജന്റെ വിശദീകരണക്കുറിപ്പ്. 

രക്തസാക്ഷികളുടെ ഫണ്ടില്‍ തിരിമറി നടത്തുന്നത് ശവം തിന്നുന്നതിന് തുല്യമാണെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താനവയ്ക്കും എം.വി.ജയരാജന്‍ മറുപടി നല്‍കി. ശവം തിന്നുന്നതും ഫണ്ട് അടിച്ചുമാറ്റുന്നതും കോണ്‍ഗ്രസാണെന്ന് ജയരാജന്‍ പറഞ്ഞു.

'ശവംതീനി' എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യന്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായ കെ.പി.സി.സി പ്രസിഡന്റാണ്. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയെ വധിക്കാനായി തന്റെ അനുയായിയും 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍പെടുന്നയാളുമായ ഫര്‍സീന്‍ മജീദിനെ ആകാശയാത്രയ്ക്കയച്ചതിന്റെ പിന്നിലും കെ.പി.സി.സി പ്രസിഡന്റാണെന്ന ആക്ഷേപം ഉയര്‍ന്നുവരികയുണ്ടായി. 1995ല്‍ ഇ.പി. ജയരാജനെ വെടിവച്ചു കൊല്ലാന്‍ തോക്കും പണവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് കെ സുധാകരന്‍ ആയിരുന്നു എന്ന് പോലീസ് പിടിയിലായ പ്രതികള്‍ തന്നെ പറഞ്ഞ കാര്യമാണ്.-ജയരാജന്‍ പറഞ്ഞു. 

നാല്‍പ്പാടി വാസു കൊലക്കേസിലെ പ്രതി സുധാകരനാണെന്ന് മട്ടന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സാക്ഷ്യപ്പെടുത്തുന്നു. സേവറി ഹോട്ടല്‍ തൊഴിലാളി നാണുവിനെ വധിച്ചതും കോഓപ്പറേറ്റീവ് പ്രസ്സില്‍ വി. പ്രശാന്തനെയും, ചൊവ്വ കോഓപ്പ്. റൂറല്‍ ബേങ്കില്‍ സി. വിനോദനെയും വെട്ടി നുറുക്കിയതും പരേതനായ ടി.കെ ബാലന്റെ വീട്ടിനു നേരെ ബോംബെറിഞ്ഞതും മകന്‍ ഹിതേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതും സുധാകരന്റെ ഗുണ്ടാപ്പടയുടെ അക്രമത്തിന്റെ ഫലമായിരുന്നു.

ഡി.സി.സി അംഗവും ഓട്ടോറിക്ഷ തൊഴിലാളിയുമായിരുന്ന പുഷ്പരാജനെ വെട്ടി നുറുക്കിയതിന്റെ പിന്നിലും മറ്റാരുമായിരുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരെ ആയുധം കാട്ടിയും ഭീഷണിപ്പെടുത്തിയും സ്ഥാനം നേടിയ നേതാവാണ് കെ സുധാകരനെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞകാര്യം ആരും മറന്നിട്ടില്ല.

ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് എന്ന ആരോപണം കോണ്‍ഗ്രസ്സുകാര്‍ തന്നെ നേരത്തെ നിരവധി സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ചതാണ്. വിദേശത്തു നിന്നടക്കം പണം സമാഹരിച്ചിട്ടും പയ്യന്നൂരിലെ സജിത്ത്‌ലാലിന്റെ കുടുംബത്തിന് നല്‍കിയത് കേവലം 25,000 രൂപ മാത്രമായിരുന്നു എന്ന് ആക്ഷേപം ഉന്നയിച്ചത് മുന്‍ ഡി.സി.സി പ്രസിഡന്റാണ്. ഈ ആക്ഷേപം ഉന്നയിച്ചതു കൊണ്ടാണ് പി രാമകൃഷ്ണന് ഡി.സി.സി ഓഫീസിലെ കൊടിമരച്ചുവട്ടില്‍ ഒരു ദിവസം മുഴുവന്‍ കുത്തിയിരിക്കേണ്ടി വന്നത്. കാപ്പാട് വസന്തന്‍ കുടുംബസഹായ ഫണ്ട് പിരിച്ചിട്ടും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന ആക്ഷേപം ഉന്നയിച്ചത് ബന്ധുക്കളാണ്.

ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍ വിലയ്ക്കു വാങ്ങാന്‍ രൂപീകരിച്ച കരുണാകരന്‍ സ്മാരക എജുക്കേഷണല്‍ സൊസൈറ്റിയുടെ പേരില്‍ വിദേശത്തു നിന്നും പിരിച്ച 17 കോടി രൂപ കാണാനില്ലെന്ന് മാത്രമല്ല സ്‌കൂള്‍ വാങ്ങിയിട്ടുമില്ല. പിരിച്ച പണം എവിടെയെന്ന് ഡി.സി.സി യോഗത്തില്‍ പലരും ചോദ്യമുന്നയിച്ചു. ആരോപണം ഉന്നയിച്ച ചിലര്‍ ഇപ്പോള്‍ ഡി.സി.സി. യില്‍ നിന്നും പുറത്താക്കപ്പെട്ടു. കെ.എം ഷാജിയെ പോലെ മണിമാളിക നടാലില്‍ പണിത കെ.പി.സി.സി പ്രസിഡന്റിനെതിരെ ആരോപണമുന്നയിച്ചത് സി.പി.എംകാരനല്ല. സ്വന്തം പാര്‍ട്ടിക്കാരനാണ്. ഡി.സി.സി ഓഫീസിന് വേണ്ടി വിദേശത്തു നിന്നും സമാഹരിച്ച തുക എന്തു ചെയ്തു എന്ന ചോദ്യവും ചില കോണ്‍ഗ്രസ്സ് നോതാക്കള്‍ ഉന്നയിക്കുകയുണ്ടായി.

പിണറായി വിജയനെ 'പട്ടി' എന്നാക്ഷേപിച്ച കെ സുധാകരന്‍ മറ്റൊരു കുറ്റവും പറയാനില്ലാത്ത ആളാണ് കമ്മ്യൂണിസ്റ്റുകാരനെന്നു പറയുമ്പോള്‍ അവസരവാദിയായ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ മനോനിലയെ കുറിച്ചാണ് ജനങ്ങള്‍ ചിന്തിക്കുക. കൊലപാതക രാഷ്ട്രീയത്തിന്റെയും ഫണ്ട് വെട്ടിപ്പിന്റെയും അപ്പോസ്തലനാണെന്ന ആരോപണത്തെ നേരിടുന്ന ഒരു നേതാവില്‍ നിന്നും സി.പി.എമ്മിന് പഠിക്കാനൊന്നുമില്ല.

ജാഗ്രതക്കുറവെന്നതിന് കെ.പി.സി.സി പ്രസിഡണ്ടിന്റെ നിഘണ്ടുവില്‍ 'അടിച്ചുമാറ്റലാണെങ്കില്‍' അതിന് സി.പി.എം നെ കുറ്റപ്പെടുത്തേണ്ട. സ്വന്തം ചെയ്തികള്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്ന ശീലം കെ.പി.സി.സി പ്രസിഡന്റിനുണ്ട്. കള്ളപ്പണം വെള്ളപ്പണമാക്കിയ കേസ്സില്‍ പ്രതികളായത് സ്വന്തം പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാക്കളാണ്.

കേരളത്തിലെ എം.പിമാരെല്ലാം അടിയന്തിരമായും ഡല്‍ഹിയിലെത്തണമെന്ന സന്ദേശം ഹൈക്കമാന്റ് നല്‍കിയത് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭീതിയിലാണ്. സി.പി.എമ്മിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോ എന്ന് അന്വേഷണം നടത്തുന്ന കെ.പി.സി.സി പ്രസിഡന്റ് സ്വന്തം നേതാക്കളെ അഴിമതി കേസ്സില്‍ നിന്ന് രക്ഷിക്കാനാവുമോ എന്ന് ആദ്യം നോക്കുന്നതായിരിക്കും നല്ലത്. സി.പി.എം വിരുദ്ധ അപസ്മാരമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പ്രകടമാവുന്നത്. സി.പി.എം നെ തകര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഇക്കൂട്ടരുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയുക തന്നെ ചെയ്യും.-ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

SCROLL FOR NEXT