N Prasanth, K M Abraham ഫയൽ
Kerala

'മുതിര്‍ന്ന ഐഎഎസ്സുകാര്‍ അഭിനവ രാജാക്കന്മാര്‍, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുന്നു'

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിനെ വിമര്‍ശിച്ച് എന്‍ പ്രശാന്ത് ഐഎഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാമിനെ ( Dr. K M Abraham ) വിമര്‍ശിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത് ( N Prasanth IAS ) . സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും ക്യാമ്പെയിന്‍ അഴിച്ച് വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേയെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ കെ എം എബ്രഹാം ഫെയ്‌സ്ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം. മുതിര്‍ന്ന ഐഎഎസ്സുകാര്‍ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്.

ചില വിരോധാഭാസങ്ങള്‍ അണ്‍സഹിക്കബിള്‍ ആയത് കൊണ്ട് ചിലതൊക്കെ ചോദിച്ച് പോകുന്നതാണ്. നീണ്ട അഞ്ച് വര്‍ഷമായി ഏഴു ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കാതിരുന്നത് നല്ലതാണോ?. കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും വിമര്‍ശിക്കുന്നത് ശരിയായ നടപടിയാണോ എന്നും പ്രശാന്ത് ചോദിച്ചു.

പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

ഡോ. കെ.എം. എബ്രഹാം സാറിനോട് ബഹുമാനം മാത്രം. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്ന 'വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച' കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹം ഇന്നലെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കണ്ട അറിവ് മാത്രം. ചില വിരോധാഭാസങ്ങള്‍ അണ്‍സഹിക്കബിള്‍ ആയത് കൊണ്ട് ചിലതൊക്കെ ചോദിച്ച് പോകുന്നതാണ് :

1. നീണ്ട അഞ്ച് വര്‍ഷമായി ഏഴു ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കാതിരുന്നത് നല്ലതാണോ? കേസുകള്‍ അനുകൂലമായോ പ്രതികൂലമായോ വേഗം തീര്‍പ്പാക്കുന്നതല്ലേ അതിന്റെ ശരി?

2. 'പുതിയ' ജഡ്ജി വന്നപ്പോള്‍ കേസ് പരിഗണിച്ച് തീര്‍പ്പാക്കുന്നത് 'വിചിത്ര'മാണോ? നല്ലതല്ലേ?

3. കോടതിവിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫേസ് ബുക്കിലൂടെയും വിമര്‍ശിക്കുന്നത് ശരിയായ നടപടിയാണോ?

4. ജഡ്ജിക്ക് പരസ്യപ്രസ്താവന നടത്തി ഈ വിമര്‍ശനങ്ങളെ എതിര്‍ക്കാനാവില്ല എന്നിരിക്കെ, ജഡ്ജിയോട് കാണിക്കുന്നത് മര്യാദയാണോ?

5. ഇത് വ്യക്തമായ കോടതി അലക്ഷ്യമല്ലേ? കോടതി വിധി പ്രതികൂലമാണെങ്കില്‍ മേല്‍ കോടതിയെ സമീപിച്ചാല്‍ പോരെ?

കേരള കേഡറിലെ ഉന്നതനായ ഡോ. ജയതിലകിന്റെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ തെളിവ് സഹിതം ഫേസ് ബുക്കില്‍ വെളിപ്പെടുത്തിയതിന് എനിക്ക് ലഭിച്ചത് സസ്‌പെന്‍ഷനാണ്. അഴിമതിയും വ്യാജരേഖ ചമയ്ക്കലും തെളിവ് നശിപ്പിക്കലുമൊക്കെ ഉന്നത ഉദ്യോഗ്സ്ഥര്‍ക്ക് ആവാമെന്നും, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിപ്പോയി എന്നത് കൊണ്ട് ഞാന്‍ മിണ്ടിപ്പോകരുത് എന്നുമാണല്ലോ അതിനര്‍ത്ഥം. അത്ര പോലും ഉരിയാടാന്‍ വിലക്കുള്ള ഈ കേഡറില്‍ നിയമാനുസരണം വിധി പ്രസ്താവിക്കുന്ന ഹൈക്കോടതി ജഡ്ജിയെ പരസ്യമായി ഫേസ് ബുക്കില്‍ വിമര്‍ശിക്കാമോ? സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയും ഫേസ് ബുക്കിലൂടെയും ക്യാമ്പെയിന്‍ അഴിച്ച് വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേ?

മുതിര്‍ന്ന ഐ.എ.എസ്സുകാര്‍ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്. ശരിക്കും വിചിത്രമായി തോന്നിയതുകൊണ്ട് ചോദിച്ച് പോകുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT