ആലപ്പുഴ: കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികളായ 5 സുരക്ഷാ ജീവനക്കാർക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ഇപ്പോൾ നിയമപരമായ ആശ്വാസം ലഭിച്ചിരിക്കുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023 ഡിസംബറിലാണ് കേരളത്തിലുടനീളം വിവാദം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. നവകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തുവന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഇവർ ചെയ്തതെന്നും അത് ഒരു 'രക്ഷാപ്രവർത്തനം' ആയിരുന്നുവെന്നും പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ പരസ്യമായി ന്യായീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വവും അണികളും സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു.
തുടക്കത്തിൽ പോലീസ് കേസ് എടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഗൺമാൻമാർക്കെതിരെ പോലീസ് പിന്നീട് കേസെടുത്തത്. സംഭവത്തിൽ നിലവിൽ ആലപ്പുഴ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് പരിക്കേറ്റിരുന്നത്. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഏറെ ചർച്ച ചെയ്യപ്പെട്ട ഈ 'രക്ഷാപ്രവർത്തന' മർദ്ദനക്കേസ് പുനരന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പ്രതികൾ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരിക്കുന്നത്.
വിധി നിരാശാജനകമാണെന്ന് എഡി തോമസ് പ്രതികരിച്ചു. വിധി പഠിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വിധിക്കെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates