പിപി ദിവ്യ, എഡിഎം നവീന്‍ ബാബു ( P P Divya, Naveen Babu ) ഫയല്‍
Kerala

നവീൻ ബാബുവിന്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പി പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ ഹർജി

ഹര്‍ജി ഫയലില്‍ സ്വീകരിച്ച പത്തനംതിട്ട കോടതി ദിവ്യയ്ക്കും പ്രശാന്തനും സമന്‍സ് അയച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി. 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നവീൻബാബുവിന്റെ കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി പി ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലിൽ സ്വീകരിച്ചു.

ദിവ്യയ്ക്കും പ്രശാന്തനും കോടതി സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് ഇവർക്ക് കോടതി നിർദേശം നൽകിയിട്ടുള്ളത്. അഭിഭാഷകനായ അജിത്ത് പ്രഭാവ് മുഖാന്തരമാണ് ഹർജി ഫയല്‍ ചെയ്തിട്ടുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കുടുംബം വ്യക്തമാക്കുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂർ കലക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. അത് തെളിയിക്കാൻ അയാൾ തയ്യാറായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നവീൻബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ‘വെയ്റ്റ് വെറും രണ്ട് ദിവസം മാത്രം കാത്തിരിക്കണം’ എന്ന് പി പി ദിവ്യ പറഞ്ഞത് എന്തിനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിട്ടില്ല. നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘവും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

A petition has been filed against CPM leader PP Divya seeking compensation for the death of former Kannur ADM K Naveen Babu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT