കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഐഎയെ പ്രേരിപ്പിച്ചിരിക്കുന്നത്. ടിജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് താമസിക്കാനും ജോലി കണ്ടെത്താനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചിരുന്നെന്നാണ് എന്‍ഐഎ വാദം.
കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്നുമാണ് എന്‍ഐഎ നിലപാട്. ഇത്തരം വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തുടരന്വേണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ വ്യാഴാഴ്ച അപേക്ഷ നല്‍കി. എന്‍ഐഎയുടെ അപേക്ഷ കോടതി സ്വീകരിച്ചു.
2010 ജൂലെ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ആയിരുന്ന പ്രൊഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. മുഖ്യപ്രതി സവാദ് ആയിരുന്നു അധ്യാപകന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സവാദ് 2024 ജനുവരി പത്തിന് കണ്ണൂരില്‍ നിന്നാണ് പിടിയിലായത്. ഷാജഹാന്‍ എന്ന വ്യാജപേരില്‍ ആയിരുന്നു ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നത്.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഫര്‍ സി എന്നയാളാണ് സവാദിന് കണ്ണൂരില്‍ സംരക്ഷണം ഒരുക്കിയത് എന്നും എന്‍ഐഎ പറയുന്നു. 2020 മുതല്‍ അറസ്റ്റിലാകും വരെ കണ്ണൂരിലെ ചാക്കാട്, മട്ടന്നൂര്‍ പ്രദേശങ്ങളില്‍ സവാദ് ഒളിവില്‍ കഴിഞ്ഞു. കൈവെട്ട് കേസിലെ 55ാം പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സവാദിനെ സഹായിച്ച സഫര്‍.
എന്നാല്‍, ഗൂഡാലോചന ആരോപിച്ച് തുടരന്വേഷണത്തിന് അനുമതി നേടിയ എന്‍ഐഎ നടപടി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates