Nilambur by-election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ചരിത്രം പ്രതീകാത്മക ചിത്രം ഫയൽ
Kerala

നിലമ്പൂരിലെ മൂന്നാം ഉപതെരഞ്ഞെടുപ്പ്, ആദ്യ രണ്ട് തവണ ജയിച്ചവർ ഇവരാണ്, കേരള ചരിത്രത്തിൽ ഇടം പിടിച്ച ആ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് അറിയാം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്ക് കേരളത്തിലെ മറ്റ് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലങ്ങളേക്കാൾ വ്യത്യസ്തമായി ചരിത്രമാണുള്ളത്.

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത് 1965 മുതലാണ്. കഴിഞ്ഞ 60 വർഷത്തെ ചരിത്രത്തിൽ മൊത്തം 16 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മണ്ഡലത്തിൽ നടന്നിട്ടുള്ളത്. ഈ 16 എണ്ണത്തിൽ രണ്ടെണ്ണം ഉപതിരഞ്ഞെടുപ്പുകളാണ്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് മണ്ഡലത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ്.

കേരള രാഷ്ട്രീയത്തിൽ നിലമ്പൂർ മണ്ഡലം പലപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ ഉപതിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പ് പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്നതാകും. ഇവിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ വളരെയധികം പ്രത്യേകതൾ ഉണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്ക് (Nilambur by-election) കേരളത്തിലെ മറ്റ് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലങ്ങളേക്കാൾ വ്യത്യസ്തമായി ചരിത്രമാണുള്ളത്. ചോരയുടെയും പകയുടെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയും കലഹത്തിന്റെയും ഒക്കെ കഥകൾ ഇതിൽ കാണാം. കഴിഞ്ഞ രണ്ട് ഉപതിരഞ്ഞെടുപ്പുകളും കേരള ചരിത്രത്തിൽ ഇടം പിടിച്ചതാണ്.

നിലവിൽ എൽ ഡി എഫ് സ്വതന്ത്രനായി ജയിച്ച പി വി അൻവർ സി പി എം നേതൃത്വവുമായി പിണങ്ങി എം എൽ എ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വർഷം ജനുവരി 13 നാണ് പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചത്. സി പി എം നേതൃത്വവും ഭരണ നേതൃത്വവുമായി തെറ്റിയ അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് എം എൽ എ സ്ഥാനം രാജിവച്ചത്. സ്വതന്ത്രനായി ജയിച്ച ശേഷം അയോഗ്യനാക്കാനാകുമെന്നും അത്തരമൊരു തീരുമാനം ഉണ്ടായേക്കാമെന്നും കരുതിയാണ് അൻവർ രാജിവച്ചതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2016 ലും 2021ലും അൻവറായിരുന്നു നിലമ്പൂരിൽ നിന്നും ജയിച്ചത്.

നിലമ്പൂർ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചത് സി പി എമ്മിലെ കെ. കുഞ്ഞാലിയായിരുന്നു. തോൽപ്പിച്ചത് കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെയും. 1967ലും കുഞ്ഞാലി ആര്യാടനെ തോൽപ്പിച്ചു. 1969 ജൂലൈ 26 ന് എതിരാളികളുടെ വെടിയേൽക്കുകയും ജൂലൈ 28 ന് കുഞ്ഞാലി മരണമടയുകയും ചെയ്തു. ഈ കേസിൽ രണ്ട് തവണ കുഞ്ഞാലിയോട് തോറ്റ ആര്യാടൻ മുഹമ്മദ് പ്രതിസ്ഥാനത്ത് വന്നു. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1970ൽ ഈ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വരുന്നത്. അതായത് മണ്ഡലം രൂപീകരിച്ച് അഞ്ച് വർഷമാകുമ്പോൾ ആദ്യ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമാണ് നിലമ്പൂർ. മാത്രമല്ല, കേരള ചരിത്രത്തിൽ ഒരു എം എൽ എ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആദ്യത്തേയായിരുന്നു. അതേതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. കുഞ്ഞാലി കൊല്ലപ്പെട്ട് ആറ് മാസം കഴിഞ്ഞ് നടന്ന ഉപതെരഞ്ഞടുപ്പ് ഫലം 1970 ഏപ്രിൽ 21 ന് പുറത്തുവന്നപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എം പി ഗംഗാധരൻ വിജയിച്ചു. സി പി എമ്മിലെ സി പി അബൂബക്കറിനെ തോൽപ്പിച്ചാണ് ഗംഗാധരൻ കന്നിയങ്കം ജയിച്ചത്.

പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നത് പത്ത് വർഷത്തിന് ശേഷം 1980 ലാണ്. അതിന് പിന്നിലുള്ള കഥയിലും കുഞ്ഞാലി വിടാതെ പിന്തുടരുന്നുണ്ട്. 1970 ലെ ഉപതെരഞ്ഞെടുപ്പിൽ അതിന് മുന്നിൽ രണ്ട് തെരഞ്ഞടുപ്പുകളിലും മത്സരിച്ച ആര്യാടൻ മുഹമ്മദിനെ മാറ്റി എം പി ഗംഗാധരനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചതും സീറ്റ് പിടിച്ചെടുത്തതും. 1977ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. എന്നാൽ കോൺഗ്രസിലെ പിളർപ്പിന് ശേഷം 1980 ൽ നിലമ്പൂരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ടി കെ ഹംസയായിരുന്നു. കോൺഗ്രസിനെ ഇടതുമുന്നണിക്ക് വേണ്ടി എതിർത്തത് ആര്യാടനൊപ്പം കോൺഗ്രസിൽ നിന്നും വിട്ട് കോൺഗ്രസ് (യു) വിൽ ചേർന്ന സി ഹരിദാസ് ആയിരുന്നു. സി. ഹരിദാസിനായിരുന്നു ജയം.

ആദ്യമായി അധികാരത്തിലെത്തിയ ഇ കെ നായാനാർ മന്ത്രിസഭയിൽ കോൺഗ്രസ് യു വിന് ( കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ടവിഭാഗം) മന്ത്രിസ്ഥാനം നൽകി. ആര്യാടൻ മുഹമ്മദ് അതിലൊരു മന്ത്രിയായി. ആര്യാടന് മത്സരിച്ച് എം എൽ എ ആകാൻ ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. ആ രാജിയിലൂടെ ഹരിദാസ് കേരള ചരിത്രത്തിൽ പ്രത്യേകത കൂടി നേടി. ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന വ്യക്തി എന്നതാണ് ആ പ്രത്യേകത. അതിന് പിന്നാലെ അദ്ദേഹം രാജ്യാസഭാംഗമായി.

ആര്യാടൻ 1980 ൽ പൊന്നാനി ലോകസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. ലോകസഭയിൽ തോറ്റ ആര്യാടനെയാണ് മന്ത്രിസഭയിലെടുത്തത്. ആര്യാടനെ തോൽപ്പിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് അന്നത്തെ യുവതുർക്കിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള പരിവേഷത്തോടെ മത്സരിക്കാനെത്തിയ മുല്ലപ്പള്ളി പക്ഷേ, ആര്യാടനോട് തോൽക്കാനായിരുന്നു വിധി.

കുഞ്ഞാലിയോട് രണ്ട് തവണ തോൽക്കുകയും സിപി എമ്മിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അതുവരെ ആര്യാടൻ മുഹമ്മദ്. സിപി എമ്മിനും തിരിച്ച് അങ്ങനെ തന്നെയായിരന്നു. കുഞ്ഞാലി വധക്കേസിൽ പ്രതിസ്ഥാനത്ത് വന്ന ആര്യാടനെതിരെ സി പി എം അതിശക്തമായ എതിർപ്പും ഉയർത്തിയിരുന്നു. ആ ആര്യാടൻ സി പി എം നേതൃത്വം നൽകുന്ന മുന്നണിയുടെ സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കാഴ്ചയായിരുന്നു അന്നത്തേത്.

ആദ്യ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കിടയിൽ പത്ത് വർഷത്തെ ഇടവേളയായിരുന്നുവെങ്കിൽ മൂന്നാം ഉപതെരഞ്ഞെടുപ്പിൽ എത്തുമ്പോൾ അത്, ഏകദേശം 45 വർഷത്തിന് ശേഷമാണ്.

ഇങ്ങനെ, ചരിത്രത്തിൽ ഇടം പിടിച്ച പ്രത്യേകതകളുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാണ് ഇതിന് മുൻപ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. രണ്ട് ഉപതെരഞ്ഞെടുപ്പിൽ ഒന്നിൽ യു ഡി എഫിനും ഒന്നിൽ എൽ ഡി എഫിനും അനുകൂലമായി വിധിയെഴുതിയതാണ് നിലമ്പൂരിന്റെ ചരിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT