കോഴിക്കോട്: നിപ രോഗബാധിതന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. വവ്വാലിന്റെ കാഷ്ഠത്തിലും വൈറസിന്റെ സാന്നിധ്യമില്ല. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില് ഫലം നെഗറ്റീവ് ആണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് പുതുതായി ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.
കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ഒരാളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നു മന്ത്രി പറഞ്ഞു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ അഞ്ചിലെ 60 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി.
എബോള: സംസ്ഥാനത്ത് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു
എബോള എന്ന മാരക രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെയും, കേന്ദ്ര സര്‍ക്കാരിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കേരളത്തിലും തുടക്കം മുതലേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.
സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകള്‍, പ്രധാന തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ സമ്പര്‍ക്ക ചരിത്രവും, രോഗലക്ഷണങ്ങളും കൃത്യമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ യാത്രക്കാര്‍ക്ക് 21 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുകയും വീട്ടിലെത്തിയാലുടന്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിന്റെ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ ഫലമായാണ് കോട്ടയത്ത് ഒരാള്‍ക്ക് രോഗലക്ഷണം കണ്ടയുടനെ ജില്ലയിലെ ഐസോലേഷന്‍ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുകയും കൃത്യമായ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തത്. എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ നല്കാന്‍ പതിനാലു ജില്ലകളിലും ഐസൊലേഷന്‍ ചികിത്സാ കേന്ദ്രങ്ങളും, ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജമാക്കി. ആവശ്യമായ സാമഗ്രികളും ജീവനക്കാര്‍ക്ക് പരിശീലനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഇത് വരെ എബോള ബാധിത പ്രദേശങ്ങളില്‍ നിന്നും 206 യാത്രക്കാര്‍ കേരളത്തില്‍ എത്തിയത്തില്‍ 74 പേര്‍ നിലവില്‍ വീടുകളില്‍ ക്വാറന്റൈനിലാണ്. 75 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തികരിക്കുകയോ മടങ്ങി പോകുകയോ ചെയ്തിട്ടുണ്ട്. 57 പേരെ മറ്റു സംസ്ഥാനങ്ങളിലേക്ക് cross-notify ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates