തിരുവനന്തപുരം: തിരുവനന്തപുരം: താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്ന് എനിക്ക് ക്യാപ്റ്റനെന്ന പദവി ഒരു മാധ്യമങ്ങളും നല്‍കിയില്ല. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് എന്നു പറയുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനു നല്‍കിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
നിലമ്പൂരിലെ വിജയത്തില്‍ പ്രതിപക്ഷ നേതാവിന് മുഖ്യപങ്കുണ്ട്. ഒരു തെരഞ്ഞെടുപ്പില്‍ വിജയമുണ്ടായാല്‍, പ്രതിപക്ഷ നേതാവ് ആരായാലും അദ്ദേഹത്തിന് ക്രെഡിറ്റുണ്ട്. അതില്‍ ഒരു സംശയവുമില്ല. എന്നാല്‍ താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വിജയിച്ചപ്പോള്‍, ക്യാപ്റ്റന്‍ പോയിട്ട് കാലാള്‍പ്പട പോലും എന്നെ ഒരു ചാനലോ പത്രമോ ആക്കിയിട്ടില്ല. അതിലൊന്നും പരാതി ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഒറ്റക്കെട്ടായി, കൈമെയ് മറന്നു പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ ഏതു സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയായിരുന്നു നിലമ്പൂരില്‍ വിജയിക്കുക എന്നത്. നിലമ്പൂരിലെ വിജയം വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും കരുത്തുപകരും എന്ന വിശ്വാസത്തോടെയാണ് യുഡിഎഫ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. വിജയത്തില്‍ ലീഗ് നേതാക്കള്‍ക്കും സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പി വി അന്‍വറിനെ യുഡിഎഫിനൊപ്പം സഹകരിപ്പിക്കാന്‍ താനും പി കെ കുഞ്ഞാലിക്കുട്ടിയും ശ്രമിച്ചിരുന്നു. നേതൃത്വത്തിന്റെ അറിവോടെയായിരുന്നു അതെല്ലാം. ഇടതുസര്‍ക്കാരിനെതിരെ രംഗത്തു വരുന്നവരെ കൂടെ കൂട്ടുക എന്ന യുഡിഎഫ് നയമനുസരിച്ചായിരുന്നു അങ്ങനെ ചെയ്തത്. അങ്ങനെയാണ് എം വി രാഘവനെയും കെ ആര്‍ ഗൗരിയമ്മയെയും കൂടെ കൂട്ടിയേത്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ പി വി അന്‍വര്‍ ശക്തമായ പ്രസ്താവനയുമായി രംഗത്തു വന്നതോടെ തങ്ങള്‍ക്ക് പിന്നീടൊന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമായി. അന്‍വര്‍ വിഷയത്തില്‍ താന്‍ കൂടി പങ്കെടുത്ത യുഡിഎഫ് നേതൃയോഗമാണ് തീരുമാനമെടുത്തത്. അതുകൊണ്ടു തന്നെ അന്‍വര്‍ വിഷയത്തില്‍ ഇനി യുഡിഎഫ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
'ചെന്നിത്തല ക്യാപ്റ്റൻ അല്ല മേജർ'
തന്നെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തു വന്നു. നിലമ്പൂരില്‍ ടീം യുഡിഎഫിന്റെ വിജയമാണ്. ഫലം പ്രഖ്യാപിച്ച അന്നു താന്‍ പറഞ്ഞതാണിത്. വ്യക്തികേന്ദ്രീകൃതമല്ല തെരഞ്ഞെടുപ്പു വിജയം. ടീം യുഡിഎഫാണ്. എന്നെ ക്യാപ്റ്റന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍, രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല മേജര്‍ ആണെന്നും വിഡി സതീശന്‍ പറഞ്ഞു. നിലമ്പൂരില്‍ തെരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ ഒരുപാട് പേര്‍ ശ്രമിച്ചു. യുഡിഎഫിനെ പൊളിറ്റിക്കല്‍ നരേറ്റീവ് മാറ്റാന്‍ പലവിധ ശ്രമങ്ങളുമുണ്ടായി. ഇതിനായി ഇല്ലാത്ത പല കഥകളുമുണ്ടാക്കി. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ നരേറ്റീവ് കൃത്യമായി എല്ലാ വീടുകളിലുമെത്തിച്ചു. അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും വിഡി സതീശന്‍ പറഞ്ഞു.
Ramesh Chennithala said that he had won many by-elections even when he was the opposition leader. No media made me captain at that time.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates