പൊറോട്ടയും ബീഫും 
Kerala

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയോ? ഗ്രേവി വേറെ ചോദിക്കണ്ട, പ്രശ്‌നമാണ് ഭായി!

എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റെസ്റ്ററന്റിനെതിരെ നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റെസ്റ്ററന്റിനെതിരെ നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.

പരാതിക്കാരനും സുഹൃത്തും 2024 നവംബര്‍ മാസത്തിലാണ് എതിര്‍കക്ഷിയുടെ റെസ്റ്ററന്റില്‍ ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടര്‍ന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.

ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍, സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്റ്ററന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം - സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍, ഗ്രേവി നല്‍കേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കില്‍ കരാറിലൂടെയോ ബാധ്യത എതിര്‍കക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാല്‍, പൊറോട്ടയും ബീഫ് നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നല്കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടല്‍ ഉടമയ്‌ക്കെതിരായ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT