തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരളത്തില്‍ പ്രതിഷേധം തെരുവിലേക്ക്. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും രുക്ഷമായി വിമര്‍ശിച്ച് ക്രിസ്ത്യന്‍ മത നേതാക്കള്‍ രംഗത്തെത്തി. കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി.
തിരുവനന്തപുരത്തു നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനു സഭാവിശ്വാസികള്‍ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് രാജ്ഭവനിലേക്കായിരുന്നു ഐക്യദാര്‍ഢ്യ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ നേതൃത്വം നല്‍കി. കറുത്ത തുണി കൊണ്ടു വാ മൂടിക്കെട്ടിയായിരുന്നു റാലി. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് ക്രിസ്തുദാസ് മറ്റു സഭാമേലധ്യക്ഷന്മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
രണ്ടു കന്യാസ്ത്രീകളെ ആറു ദിവസമായി തുറങ്കില്‍ അടച്ചതിന്റെ കാരണം പൊതുസമൂഹത്തെ ബോധ്യപ്പെടാന്‍ ഭരണ കൂടങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ പ്രതികരിച്ചു. കന്യാസ്ത്രീകളെ അകാരണമായി ജയിലില്‍ അടച്ചു, ആള്‍ക്കൂട്ടവിചാരണയാണ് അവര്‍ നേരിട്ടത്. ദുര്‍ഖിലെ സെഷന്‍സ് കോടതി കന്യാസ്ത്രീമാരുടെ ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു വിഭാഗം ആഹ്ളാദിച്ചു. ഈ കാഴ്ച സങ്കടകരമാണ്, ഇതാണോ മതേതര ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ സംഘടനകള്‍കക്കെതിരെ മുദ്രാവാക്യം മുഴക്കി കത്തോലിക്ക കോണ്‍ഗ്രസ് കണ്ണൂര്‍ കരുവഞ്ചാലില്‍ പ്രകടനം നടത്തി. ബിജെപി നേതാക്കള്‍ പതിവായി നടത്തിവരുന്ന അരമന സന്ദര്‍ശനങ്ങളെ വിമര്‍മശിച്ചായിരുന്നു മുദ്രാവാക്യങ്ങള്‍. കേക്കും വേണ്ട, ലഡുവും വേണ്ട അരമന കാണാന്‍ വരേണ്ടതില്ലെ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ രാജ്യദ്യോഹികളാക്കുന്നത് കാലം മാപ്പുതരാത്ത കാപാലികത്വമാണ്. രാജ്യത്ത് ഭരണഘടന പശു തിന്ന് പോകുന്ന ഗതികേടാണ്. ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന നാടകങ്ങള്‍ അവസാനിപ്പിക്കണം എന്നും മാര്‍ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates