പി ജയരാജന്‍ / ഫയല്‍ ചിത്രം 
Kerala

'മനുഷ്യരുടെ ഒരിടവും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അന്യമല്ല';  കര്‍ക്കടക ബലിയില്‍ വിശദീകരണവുമായി ജയരാജന്‍

വ്യക്തിപരമായി  ആചാരങ്ങളിലൊ അനുഷ്ടാനങ്ങളിലോ പങ്കെടുക്കാറില്ല

സമകാലിക മലയാളം ഡെസ്ക്

നുഷ്യരുടെ ഒരിടവും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അന്യമല്ലെന്നും അതുകൊണ്ടുതന്നെയാണ് കര്‍ക്കടക ബലിക്ക് എത്തുന്നവര്‍ക്ക് സഹായം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് കുറിപ്പെഴുതിയതെന്നും സിപിഎം നേതാവ് പി ജയരാജന്‍. കര്‍ക്കടക വാവുബലിക്ക് എത്തുന്നവര്‍ക്ക് സഹായം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ജയരാജന്റെ കുറിപ്പ് വലിയ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം.

ജയരാജന്റെ കുറിപ്പ്: 

വിശ്വാസികള്‍ ഒത്തുചേരുന്ന പൊതു ഇടങ്ങള്‍ മതതീവ്രവാദികള്‍ക്ക് വിട്ടു നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷം. സമൂഹം സംവാദക്ഷമമാകുന്നത് ഏതു വിഷയത്തിലും നല്ലതാണ്. സംവാദം ആരോഗ്യകരമാകണം എന്നു മാത്രം.
ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനാണ്. അതില്‍ അഭിമാനിക്കുന്നു. കാരണം ഈ ലോകത്തെമ്പാടുമുള്ള മനുഷ്യരെയാണ് അത് അഭിസംബോധന ചെയ്യുന്നത്. അതോടൊപ്പം പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ എല്ലാ അറിവുകളെയും ഉള്‍ക്കൊള്ളുന്നതാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം. ചുരുക്കത്തില്‍ ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഭാഗമായ മനുഷ്യ സമൂഹത്തെക്കുറിച്ചും മാര്‍ക്‌സിസത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്.
മനുഷ്യര്‍ ലോകത്തെമ്പാടും വിവിധ രാഷ്ട്രങ്ങളുടെ അതിര്‍ത്തിക്കുള്ളിലാണ്. വേഷങ്ങള്‍, ഭാഷകള്‍, വിശ്വാസം, എന്നിവയിലെല്ലാം വിവിധ തട്ടുകളിലാണ്. മതങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു മതവും ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല. ഒട്ടേറെ അവാന്തര വിഭാഗങ്ങളും ആചാര വൈവിധ്യങ്ങളും അവയിലെല്ലാമുണ്ട്. ഇതില്‍ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന ജന വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വിത്യാസം, ആചാരാനുഷ്ഠാന വൈവിധ്യങ്ങള്‍ എന്നിവ വളരെ വിപുലമാണ്. അങ്ങിനെയിരിക്കെയാണ് അവരെയാകെ ഏകോപിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആര്‍ എസ് എസ് രംഗത്ത് വരുന്നത്. അതിന്റെയടിസ്ഥാനത്തില്‍ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം അവര്‍ പ്രഖ്യാപിക്കുന്നു. ഇതേ പോലെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ജമാഅത്തെ ഇസ്ലാമിയും മറ്റും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ മനുഷ്യന്റെ സാമൂഹ്യപുരോഗതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഓരോ രാജ്യത്തിലും വിവിധ ബോധനിലവാരത്തിലും വര്‍ഗ്ഗ നിലകളിലും വിശ്വാസങ്ങളിലുമാണ് മനുഷ്യര്‍ നിലനില്‍ക്കുന്നത്. അവയാകെ നന്നായി പരിഗണിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.
ഇത്രയും പൊതുവായി പറഞ്ഞതിനു ശേഷം ചില വിമര്‍ശനങ്ങളോട് മാത്രം പ്രതികരിക്കട്ടെ. ഓരോരുത്തരുടെയും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി അവര്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളില്‍ എത്ര മാത്രം അന്ധവിശ്വാസമുണ്ടെന്ന് പരിശോധിക്കുകയല്ല ഞാന്‍ ചെയ്തത്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന വര്‍ഗ്ഗീയ വിപത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന ദൗത്യമാണ് പുരോഗതിയാഗ്രഹിക്കുന്ന എല്ലാവരും ഏറ്റെടുക്കേണ്ടത്. അതിന് കഴിയണമെങ്കില്‍ വിശ്വാസികളെ മത ഭ്രാന്തിലേക്ക് വഴിതെറ്റിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. അവരാകട്ടെ തങ്ങളുടെ കാര്യപരിപാടി നടത്തുന്നതിന് ഒളിച്ചുവെച്ച അജണ്ടകളിലൂടെ ഇടപെടുകയാണ്. അതിനാല്‍ ഒളിച്ചുവച്ച ഇത്തരം അജണ്ടകള്‍ തുറന്നു കാണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഓരോ വര്‍ഗ്ഗീയ ശക്തിയും അവരുടെ തെറ്റായ നടപടികളെ എതിര്‍ക്കുമ്പോള്‍ തങ്ങളെ എതിര്‍ക്കുന്നതുപോലെ മറ്റുള്ള വര്‍ഗ്ഗീയ ശക്തികളെയും എതിര്‍ക്കുമോ എന്ന ചോദ്യം ഇവിടെയും കാണാനായി. അത്തരം വര്‍ഗ്ഗീയ ശക്തികളെല്ലാം പുരോഗമന വാദികള്‍ക്കെതിരെ ഒരേ ചോദ്യമുയര്‍ത്തുന്നു എന്നതാണ് ഞങ്ങളുടെ നിലപാടിലെ ശരിമ ബോദ്ധ്യപ്പെടുത്തുന്നത്.
മതവിശ്വാസികളോട് യുക്തിവാദികളില്‍ നിന്നും ഭിന്നമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടുകളെയും മതത്തിന്റെ രാഷ്ട്രീയപ്രയോഗത്തിനും നേര്‍ക്ക് ഒത്തുതീര്‍പ്പില്ലാത്ത നിലപാടെടുത്തു തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ യുക്തിവാദികളെപ്പോലെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനമായി മനുഷ്യരുടെ വിശ്വാസങ്ങളെ കാണാനും അതിനെതിരെ യുദ്ധം പ്രഖ്യാപിക്കലും കമ്യൂണിസ്റ്റുകാരുടെ വഴിയല്ല. മുതലാളിത്തം എന്ന മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥക്കു നേരെയാണ് പോരാട്ടം. അതേ സമയം ശാസ്ത്ര ചിന്തകള്‍ പ്രചരിപ്പിക്കലും ഞങ്ങളുടെ ദൗത്യമാണ്. ജയിംസ് വെബ്ബിന്റെ ടെലസ്‌കോപ്പിലൂടെ പ്രപഞ്ചത്തിന്റെ ആദ്യകാല ചിത്രം അനാവരണം ചെയ്തപ്പോള്‍ അതേക്കുറിച്ച് ജൂലൈ 13നും മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 20നും ഇതേ പേജില്‍ ഇട്ട പോസ്റ്റു കൂടി വായിക്കുക. എങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി ബോധ്യമാകും.
ഇന്ന് കര്‍ക്കിടക വാവു ബലി കഴിഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് നൂറുകണക്കിനാളുകളാണ് പിതൃതര്‍പ്പണത്തിനെത്തിയത്. കണ്ണൂരിലെ ജീവകാരുണ്യ സംഘടനയായ IRPC 4 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഇവിടുത്തെ സേവന പ്രവര്‍ത്തനം ഇത്തവണയും ഭംഗിയായി നടത്തി. ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ചാണ് ഹെല്‍പ്പ് ഡെസ്‌ക് ഇത്തവണ പ്രവര്‍ത്തിച്ചത്. എ.കെ.ജി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ശ്രീ. ഡോ. ബാലകൃഷ്ണ പൊതുവാള്‍ ആരോഗ്യ സേവനവുമായി അവിടെ എത്തി. അതോടൊപ്പം പിതൃതര്‍പ്പണത്തിനായി അവിടെയെത്തുന്നവര്‍ കടലിലിറങ്ങുമ്പോഴുള്ള കരുതല്‍ നടപടിയുടെ ഭാഗമായി ലൈഫ്ഗാര്‍ഡുമാരുടെ സേവനവും IRPC വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തി. ഇത്തരം ക്രിയാത്മക ഇടപെടല്‍ കൂടി വേണമെന്നാണ് ഈ പേജിലൂടെ അഭ്യര്‍ത്ഥിച്ചത്. ഈ പ്രതികരണം രേഖപ്പെടുത്തുന്നതിനിടയില്‍ തന്നെ സ്ത്രീകളടക്കം നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്. അനുഭവമാണല്ലോ ഏറ്റവും വലിയ അധ്യാപകന്‍. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് വേണ്ടത്.
ഇന്നാട്ടില്‍ പലതരം മത വിശ്വാസികളുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരുമുണ്ട്. അവരെല്ലാം തന്നെ മതനിരപേക്ഷമായ ഒരു സമൂഹത്തെ പ്രധാനമായിക്കാണുന്നതുകൊണ്ടാണ് ഇന്നും ഇടതുപക്ഷം കേരളം ഭരിക്കുന്നത്. വ്യക്തിപരമായി  ആചാരങ്ങളിലൊ അനുഷ്ടാനങ്ങളിലോ പങ്കെടുക്കാറില്ല. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്‍ മറ്റൊരു മനുഷ്യനെ  ശത്രു പക്ഷത്തു നിര്‍ത്തി ആക്രമിക്കുമ്പോള്‍  അവിടെ കമ്മുണിസ്റ്റുകാരുണ്ടാവും .
നമ്മുടെ നാടിനെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുത്തു കൂടാ. മനുഷ്യരുടെ ഒരിടവും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അന്യമല്ല. RSS  1971 ഡിസംബറില്‍  തലശ്ശേരിയില്‍  വര്‍ഗീയ കലാപം ആസൂത്രണം  ചെയ്തപ്പോള്‍ ഞാനടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ അതിനു തടയിടാനായി ദൃഢ നിശ്ചയത്തോടെ പ്രവര്‍ത്തിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. അന്യന്റെ വിശ്വാസം സംരക്ഷിക്കാന്‍ സി.പി.എം.ന്റെ നേതാവ് സ: യു.കെ. കുഞ്ഞിരാമന്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത് ഇക്കാലത്താണ്.
വര്‍ഗീയത നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് നമ്മുടെ പ്രതിരോധം കൂടുതല്‍ ജനാധിപത്യപരവും ആധുനികവും പക്വതയുള്ളതുമാവണം. അഭിവാദ്യങ്ങള്‍ !

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT