P Jayarajan 
Kerala

'റവാഡയുടെ നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാര്‍'; കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയെ സംബന്ധിച്ച് തീരുമാനം എടുത്തത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു.

രാഷ്ട്രീയമായി നോക്കുമ്പോള്‍ പല പൊലീസ് ഉദ്യോഗസ്ഥന്മാരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷത്തിന്റെ ഭാഗമായിട്ടുള്ള സംഘടനകള്‍ക്കുമെതിരെ എതിര്‍പ്പ് ഉയര്‍ത്തിയ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളവരുണ്ടാകാം. കൂത്തുപറമ്പ് വെടിവെയ്പിന്റെ കാര്യത്തില്‍ റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ഡിജിപി ചുരുക്കപ്പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ നിതിന്‍ അഗര്‍വാളിനെതിരെയും സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്ന് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

വെടിവെയ്പ് നടന്ന അതേ കാലത്ത് തലശ്ശേരിയില്‍ ചുമതലയുണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍, അന്ന് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷ സമയത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായ എം സുകുമാരനെ ലോക്കപ്പിലിട്ട് ഭീകരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥനാണ്. മന്ത്രി എം വി രാഘവനെ തടയാനുള്ള സമരത്തിന് നേതൃത്വം നല്‍കിയത് എം വി ജയരാജന്‍, എം സുരേന്ദ്രന്‍, എം സുകുമാരന്‍ തുടങ്ങിയവരാണ്. ലോക്കപ്പിലിട്ട് തല്ലിച്ചതച്ചതിന് സുകുമാരന്‍ കൊടുത്ത കേസിലെ പ്രതിയാണ് നിതിന്‍ അഗര്‍വാള്‍ എന്നും പി ജയരാജന്‍ പറഞ്ഞു.

അന്ന് അത്തരം സമീപനങ്ങള്‍ക്കെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അവരുടെ യോഗ്യതകള്‍ പരിശോധിച്ച് റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയത്തിന് അതീതമായ ഇത്തരം തീരുമാനങ്ങളെക്കുറിച്ച് വിവാദം ഉണ്ടാക്കുന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണ്. സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയെ സംബന്ധിച്ച് തീരുമാനം എടുത്തത്. നയപരമായ കാര്യങ്ങളാണ് പാര്‍ട്ടി തീരുമാനിക്കുക. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാരാണ് തീരുമാനിക്കുകയെന്നും പി ജയരാജന്‍ പറഞ്ഞു.

യുപിഎസ് സി കൈമാറിയ മൂന്നംഗ പട്ടികയിലുള്ള യോഗേഷ് ഗുപ്തയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഓരോരുത്തരുടേയും മെറിറ്റ് പരിശോധിക്കാന്‍ താന്‍ അധികാരത്തിന്റെ ഭാഗമായിട്ടുള്ള ആളല്ലെന്ന് പി ജയരാജന്‍ പറഞ്ഞു. ആ പട്ടികയില്‍ വന്ന രണ്ടുപേര്‍ക്കെതിരെ അന്ന് സിപിഎമ്മും ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളും എതിര്‍നിലപാട് സ്വീകരിച്ചിരുന്നു എന്നതാണ് താന്‍ ഓര്‍മ്മിപ്പിക്കുന്നതെന്നും പി ജയരാജന്‍ വ്യക്തമാക്കി.

സ്വാഗതം ചെയ്ത് വിഡി സതീശൻ

അതേസമയം റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. ഒരു മന്ത്രിയുടെ ജീവന്‍ അപകടത്തില്‍പ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് വെടിവെയ്പ് ഉണ്ടായത് എന്നും സതീശൻ പറഞ്ഞു.

CPM leader P Jayarajan reminds of Koothuparambu incident in making Ravada Chandrasekhar the state police chief.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT