പത്തനംതിട്ട: കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ടെന്ന് പദ്മജ വേണുഗോപാല്‍. കെ മുരളീധരന് അത് വൈകാതെ മനസിലാകും. എല്ലാം വൈകി ചിന്തിക്കുന്നയാളാണ് തന്റെ സഹോദരന്‍. അദ്ദേഹത്തിന് വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു പദ്മജ.
കെ കരുണാകരന്റെ മകളായതുകൊണ്ട് രണ്ടാം നിരയില്‍ കസേരയില്‍ ഒരുമൂലയ്ക്ക് ഇരുത്തിയെന്നും പദ്മജ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുക വേദനിപ്പിക്കുക എന്നിവയാണ് എന്നും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ബിജെപിയിലേക്ക് തന്നെ ആകര്‍ഷിച്ചത് മോദിജിയാണെന്നും പദ്മജ പറഞ്ഞു. തന്റെ കുടുംബം ഭാരതമാണെന്ന വാക്കുകേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ അംഗമാകാന്‍ താന്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനം. ചെറുപ്പക്കാരെ വളര്‍ത്താനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നത് ആരുടെ ഭാഗത്തുനിന്നായാലും അതിനൊപ്പം നില്‍ക്കുകയെന്നത് നമ്മുടെ കടമയാണെന്ന് പദ്മജ പറഞ്ഞു.
എല്ലാവരും ചോദിച്ച ചോദ്യമുണ്ട് എന്തുകൊണ്ട് ബിജെപിയെന്ന്? ബിജെപിയെന്ന പാര്‍ട്ടിയെ ഞാന്‍ ബഹുമാനിക്കുന്നു. മോദിയെ അതില്‍ കൂടുതല്‍ സ്‌നേഹിക്കുന്നു. ഏതൊരു പാര്‍ട്ടിക്കായാലും നല്ലൊരു നായകന്‍ വേണം. ഇന്ന് കോണ്‍ഗ്രസിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാതായത് അതാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസിസി ആസ്ഥാനം പൂട്ടേണ്ടിവരും. കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടാക്കിയ എ ഒ ഹ്യം, കേരളത്തില്‍ നിന്നുപോയ മറ്റൊരാളുടെ ഫോട്ടോയും മാത്രമേ അവിടെ ഉണ്ടാകു. ഒരാള്‍ പാര്‍ട്ടി ഉണ്ടാക്കി. ഒരാള്‍ പാര്‍ട്ടി നശിപ്പിച്ചു. എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പറഞ്ഞ് വിടാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് പദ്മജ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താന്‍ പാര്‍ട്ടി വിടണമെന്ന് തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പലരും വിളിച്ചു. എന്നാല്‍ വിളിക്കാത്ത ഒരാളുണ്ട്. അത് ആരെന്ന് താന്‍ പിന്നീട് പറയും. അദ്ദേഹമാണ് തനിക്കെതിരെ കൂടുതല്‍ ചെലയ്ക്കുന്നത്. കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ട. കെ മുരളീധരന് അതു അടുത്തുതന്നെ മനസിലാകും. എന്റെ സഹോദരന്‍ വൈകി മനസിലാക്കുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തെ പറ്റി താന്‍ ഒന്നും പറയില്ല. അദ്ദേഹത്തിനുള്ള ഒരു പരവതാനി വിതച്ചാണ് താന്‍ ഇങ്ങോട്ട് പോന്നതെന്നും പദ്മജ പറഞ്ഞു.
കെ കരുണാകരന്‍ പോയതോടെ കേരളത്തിലെ ഒരു പ്രമുഖ സമുദായം കോണ്‍ഗ്രസില്‍ നിന്ന് അകന്നു. പത്തനംതിട്ടയിലെ ഒരുപ്രബല വിഭാഗം എല്‍ഡിഎഫിനൊപ്പം പോയി. ഇന്നത്തെ കാലത്ത് ജനങ്ങള്‍ക്ക് വേണ്ടത് പാര്‍ട്ടിയല്ല. വികസനമാണ്. കേരളത്തിന്റെ അടുത്ത തലമുറയ്ക്ക് എന്താണ് കിട്ടുകയെന്നതാണ് ആലോചിക്കുന്നത്. അത് ഉണ്ടാകുക മോദിയെ കൈയില്‍ നിന്ന് മാത്രമാണ്. എല്ലാ കുട്ടികളും ഇന്ത്യ വിട്ടുപോകുകയാണ്. അച്ഛനും അമ്മയും ഒറ്റയ്ക്കാകുന്ന ഗ്രാമങ്ങള്‍ ഉണ്ട് ഇവിടെ. അതൊന്നും ഇല്ലാതെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു കാലം താന്‍ സ്വപ്‌നം കാണുന്നതായും പദ്മജ പറഞ്ഞു.
യുഡിഎഫ് എന്ന പ്രസ്ഥാനം ഉണ്ടായത് എന്റെ വീട്ടിലെ ഓഫീസ് മുറിയില്‍ നിന്നാണ്. ഇന്നുളളവര്‍ അത് പറയില്ല. ഇപ്പോള്‍ ഉള്ളവര്‍ ഉണ്ടാക്കിയതെന്നാണ് അവരുടെ ഭാവം. അന്നൊക്കെ കോണ്‍ഗ്രസ് പറയുന്നതേ യുഡിഎഫില്‍ നടക്കുകയുള്ളു. ഇന്ന് അതാണോ സ്ഥിതി. ഒരു പ്രമുഖമായ സമുദായം പറയുന്നത് കേള്‍ക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തി. അതിന് താന്‍ അവരെ കുറ്റം പറയില്ല. അവര്‍ അവരുടെ പാര്‍ട്ടി വളര്‍ത്തുന്നു. പക്ഷെ കോണ്‍ഗ്രസിന്റെ ഗതികേടാണ് താന്‍ പറയുന്നത്. ആ രീതിയിലേക്ക് കോണ്‍ഗ്രസ് തരംതാണുപോയി. ഇന്നലെ പത്മിനി തോമസ് വന്നു. അത് ഒരു തുടക്കം മാത്രമാണ്. എല്ലാബൂത്തിലും ഒരാളെങ്കിലും ഉള്ള ആളാണ് താന്‍. എന്റെ എല്ലാ കഴിവുകളും ഈ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കും. തിരിച്ചുപോകാന്‍ വേണ്ടിയില്ല താന്‍ ബിജെപിയിലേക്ക് വന്നതെന്നും പദ്മജ പറഞ്ഞു.
ഏറെ അപമാനം സഹിച്ചാണ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നിരുന്നു. പല രാത്രികളിലും മീറ്റിങുകള്‍ കഴിഞ്ഞ് വന്നിരുന്ന് കരയാറുണ്ടായിരുന്നു. കാരണം അത്രയധികം പുച്ഛമാണ് സ്ത്രീകളോട് അവര്‍ക്ക്. എത്ര വലിയ ആളുടെ മക്കളായാലും പെണ്ണായാല്‍ തീര്‍ന്നു. ഇവിടെ വന്നപ്പോള്‍ അഭിമാനം കൊണ്ടോ, സന്തോഷം കൊണ്ടോ എന്താണെന്നറിയില്ല. തന്റെ കണ്ണ് നിറഞ്ഞു. എല്ലാ ഭാഗത്തും സ്ത്രീകള്‍. ഇത് മറ്റൊരുപാര്‍ട്ടിയിലും കാണാന്‍ കഴിയില്ലെന്ന് പദ്മജ പറഞ്ഞു.
ഇന്ന് കോണ്‍ഗ്രസില്‍ 50 വയസില്‍ താഴെ എത്രപേരുണ്ടാകും. യൂത്ത് കോണ്‍ഗ്രസ് മീറ്റ് നടത്തിയാല്‍ 55ഉം 60 വയസുള്ളവരാണ്. അഹങ്കാരത്തിന് മാത്രം ഒരു കുറവും ഉണ്ടായിട്ടില്ല. പണ്ട് രണ്ട് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഇന്ന് ഓരോ വ്യക്തിയും ഓരോ ഗ്രൂപ്പാണെന്നും പദ്മജ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates