തൃശ്ശൂർ : തൃശ്ശൂർ പാഞ്ഞാൾ മേഖലയിൽ വീട്ടുപടിയ്ക്കൽ കൊലവിളിയോടെ നിലയുറപ്പിച്ച ഭീമൻ കാട്ടാനയെ കണ്ട് ഒരു കുടുംബം ഒന്നടങ്കം ഭീതിയുടെ നിഴലിൽകഴിഞ്ഞത് മൂന്നര മണിക്കൂറോളം. ഏത് നിമിഷവും ആന വീട് തകർത്ത് അകത്തുകയറി ആക്രമിക്കുമെന്ന അവസ്ഥയിൽ സ്വന്തം ജീവൻ പണയം വെച്ച് പുലർച്ചെ വരെ ഈ കുടുംബം ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ചൊവ്വാഴ്ചയും ആന ജനവാസ മേഖലയിൽ എത്തിയതോടെ വലിയ രീതിയിലുള്ള സുരക്ഷാ ഭീതിയിലാണ് പ്രദേശവാസികൾ. പാഞ്ഞാൾ ഉതുവടി പള്ളിക്ക് സമീപം താമസിക്കുന്ന നെയ്യൻ വർഗീസിന്റെ മകൻ പരേതനായ റിൻസന്റെ വീട്ടിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ കുടുംബത്തെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്.
ആന വീടിന് തൊട്ടുമുന്നിൽ നിലയുറപ്പിച്ചതിനാൽ പുറത്തിറങ്ങാനോ സമീപവാസികളെ ഫോണിൽ വിളിച്ച് വരുത്താനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് പുലർച്ചെ മുതൽ ആറു മണിയോടെ ആന സ്വയം സ്ഥലം വിടുന്നത് വരെ കുടുംബം വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. സമാന രീതിയിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയും വീടിന്റെ കോൺക്രീറ്റ് ചുറ്റുമതിൽ പൂർണ്ണമായും തകർത്ത് അകത്തുകയറിയ ആന പറമ്പിലെ ചക്ക, മാങ്ങ, വാഴയടക്കമുള്ള ഒട്ടനവധി കൃഷികൾ നശിപ്പിച്ചിരുന്നു. എന്നാൽ, തുടർച്ചയായി രണ്ടു ദിവസവും വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരോ മറ്റ് തദ്ദേശ അധികാരികളോ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്താൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
ആനകൾ ഇനി വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലേക്ക് കൂടി ഇറങ്ങുമോ എന്ന ഭീതിയിലാണ് ഇപ്പോൾ യാത്രക്കാരും വ്യാപാരികളും. ഇതോടെ മേഖലയിലെ രാത്രികാല ജനജീവിതവും വാഹനയാത്രകളും വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. നിലവിൽ തോന്നൂർക്കര മണ്ണാത്തിപ്പാറ മുതൽ പഴയന്നൂർ പഞ്ചായത്തിലെ തിരുമണിവരെയാണ് വനംവകുപ്പ് സൗരവേലി (സോളാർ വേലി) സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും ഈ സൗരവേലി തന്ത്രപരമായി നശിപ്പിച്ചാണ് ആനകൾ നാട്ടിലേക്ക് പ്രവേശിക്കുന്നത്. സൗരവേലി കൃത്യമായി സ്ഥാപിക്കാത്ത മറ്റ് ഇടങ്ങളിലൂടെയാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രധാനമായും ഇറങ്ങുന്നത്. വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ പൊലീസിന്റെയും വനപാലകരുടെയും സംയുക്ത രാത്രികാല പെട്രോളിംഗും പുതിയ സുരക്ഷാവേലികളും ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates