KV Thomas Satheesan samakalika malayalam
Kerala

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

രാജാവ് നഗ്നനാണെന്ന് പറയേണ്ട ബാധ്യത ഉണ്ട്. സതീശന്‍ മിടുക്കനാണ്. കഴിവുണ്ട്. പക്ഷേ, ആ കഴിവ് നല്ല വഴിയിലൂടെ കൊണ്ടു പോകണം. 'ഞാന്‍ ഞാന്‍' എന്ന ഭാവം വെടിയണം

Author : SANAL DEV B

കൊച്ചി: ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്തൊരു മുഖ്യമന്ത്രിയാണ് താന്‍ എന്ന് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് വിഡി സതീശന്‍ തെളിയിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്. അവിശ്വസനീയമായ രീതിയില്‍ ആണ് സതീശന്‍ നുണകള്‍ പറയുന്നത്. സത്യസന്ധത ഇല്ലാത്ത പ്രവൃത്തികളും വിവാദങ്ങളും സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി എന്നും കെവി തോമസ് സമകാലിക മലയാളത്തോട് പറഞ്ഞു.

പിണറായി വിജയന്‍ ധിക്കാരി ആണെന്ന് കുറ്റപ്പെടുത്തിയവരില്‍ പ്രധാനി സതീശന്‍ ആയിരുന്നു. ഇന്ന് സതീശന്‍ എങ്ങിനെയാണ് പെരുമാറുന്നത്....? സര്‍ക്കാര്‍ 100 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ പിണറായി തന്നെയായിരുന്നു ഭേദം എന്ന അഭിപ്രായം ഉണ്ടായിട്ടുണ്ട്. കറുത്ത ചരിത്രമുള്ളവരാണ് സ്‌പോണ്‍സര്‍മാരായി വന്നത്. അവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളവരുടെ സഹായം തേടിയാണോ ഒരു സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതെന്നും കെവി തോമസ് വിമര്‍ശിച്ചു.

സതീശന്‍ മിടുക്കന്‍ ആണെന്ന് മാഷ് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പക്വത ഇല്ലെന്ന് വിമര്‍ശിക്കുന്നു...?

മന്ത്രിമാര്‍ വിദേശത്ത് പോയി. താന്‍ ആണ് പറഞ്ഞയച്ചത് എന്നാണ് സതീശന്‍ പറഞ്ഞത്. ടിക്കറ്റും ചെലവും എല്ലാം സ്‌പോണ്‍സര്‍ ചെയ്തത് കറുത്ത ചരിത്രമുളള ചില മുതലാളിമാരാണ്... അവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. അവരുടെ സഹായം തേടിയാണോ മന്ത്രിമാര്‍ യാത്ര പോകേണ്ടത്...? ഇതിനെ ന്യായീകരിക്കുകയും മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സതീശന് രാഷ്ട്രീയ പക്വത ഇല്ലാ എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്...? പരിചയ സമ്പന്നരായ മന്ത്രിമാര്‍ ഈ സര്‍ക്കാരില്‍ കുറവാണ്. സതീശന്‍ അപ്പോള്‍ പക്വത കാണിക്കേണ്ടേ...?

ഇവര്‍ മന്ത്രിയൊന്നും ആകാത്ത കാലത്ത് ഈ സ്‌പോണ്‍സര്‍മാരൊന്നും വന്നില്ലല്ലോ...? അപ്പോള്‍ അധികാരം കണ്ടിട്ടാണ്. അതുപോലെ സര്‍ക്കാരിന് ചെലവില്ലെങ്കില്‍ ഞങ്ങള്‍ ആരില്‍ നിന്നും സഹായം തേടുമെന്ന് പറയുന്നു... ഇതൊക്കെ ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യമാണോ..? 100 ദിവസങ്ങള്‍ കൊണ്ട് ഇത്രയും വിവാദം ഒരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സത്യസന്ധത വേണം. അച്യുതാനന്ദന്‍, കരുണാകരന്‍, ആന്റണി, ഉമ്മന്‍ ചാണ്ടി, പിണറായി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു ദുരൂഹത സതീശനുണ്ട്...

സത്യപ്രതിജ്ഞക്ക് മുന്‍പ് മൂകാംബികയില്‍ പോയി. പോയത് എവിടേക്കാ...? അദാനിയുടെ ചീഫ് എക്‌സിക്യൂട്ടീവിനെ കാണാന്‍... ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായവരില്‍ സതീശന്റെ സന്തതസഹചാരിയായ ആളും ഉണ്ടായില്ലേ? അവിശ്വസനീയമായ രീതിയില്‍ ആണ് മുഖ്യമന്ത്രി നുണ പറയുന്നത്. സര്‍ക്കാര്‍ ഭരണത്തിലേറി ചുരുങ്ങിയ കാലംകൊണ്ട് പിണറായി വിജയന്‍ ആയിരുന്നു ഭേദം എന്നുള്ള നിലയ്ക്ക് ചര്‍ച്ചകള്‍ വന്ന് തുടങ്ങി.

ജനങ്ങള്‍ക്ക് സതീശനില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണോ പറയുന്നത്..?

അതെ. ജനങ്ങള്‍ സതീശനെ വിശ്വസിക്കുന്നില്ല. അയാള്‍ പറയുന്നത് എല്ലാം നുണയാണെന്ന് ആളുകള്‍ മനസ്സിലാക്കി. അത് പറയാന്‍ തുടങ്ങി. വിവാദമായ വിമാന യാത്രയുടെ സ്‌പോണ്‍സര്‍ ഇന്ന ആളാണെന്ന് പറയാന്‍ സതീശനെന്താ മടി..? അത് പറഞ്ഞാല്‍ എന്താ കുഴപ്പം...? ഒരടിയന്തര ഘട്ടത്തില്‍ സര്‍ക്കാരിന് തന്നെ രൂപ മുടക്കി വിമാനത്തില്‍ പോകാമല്ലോ...? അതിന് പകരം ഒളിച്ചു കളി.

പിണറായി ധിക്കാരി ആണെന്ന് പറഞ്ഞു. ഇപ്പോള്‍ സതീശന്‍ ആരാണ്...? ഞാന്‍ എന്ന ഭാവം വെടിയണം. പറയുന്ന കാര്യങ്ങള്‍ ശാന്തമായി സത്യസന്ധമായി പറയണം. മുന്‍ മുഖ്യമന്ത്രി എകെ ആന്റണി തട്ടിപ്പുകാരന്‍ എന്ന് ആരും പറയില്ല, നുണയന്‍ എന്ന് ആരും പറയില്ല. ചിലപ്പോള്‍ അദ്ദേഹം പോരാ എന്ന് പറയുമായിരിക്കും. കരുണാകരന്റെ കാര്യമെടുത്താല്‍ പിണറായിയെ പോലെ കര്‍ക്കശക്കാരന്‍ എന്ന് പറയുമായിരിക്കും. ഇവരുടെയൊന്നും സത്യസന്ധതയെ ആരും ചോദ്യം ചെയ്തിരുന്നില്ല. സതീശന്റെ കാര്യത്തില്‍ അങ്ങനെ ആണോ?

യുഡിഎഫിന് ഇത്ര വലിയ വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ...?

ഇല്ല. ചെറിയ മാര്‍ജിനില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ എത്തും എന്നാണ് പ്രതീക്ഷിച്ചത്. മോശം ഭരണം ആയിരുന്നില്ല. ഒത്തിരി വികസന പ്രവര്‍ത്തനങ്ങള്‍ പിണറായി ചെയ്തിട്ടുണ്ട്. സിപിഎം നേതൃത്വം നല്‍കിയ അയ്യപ്പസംഗമത്തോടെ ആണ് സര്‍ക്കാരിന്റെ കുഴപ്പങ്ങളുടെ തുടക്കം.

ഒരു യോഗത്തില്‍ വീട്ടില്‍ പോയി പറഞ്ഞാല്‍ മതി എന്നൊക്കെ പിണറായി പറഞ്ഞതും അവമതിപ്പ് ഉണ്ടാക്കി. പിണറായിയുടേത് പ്രത്യേക സ്വഭാവമല്ലേ..? പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ 10 വര്‍ഷം മതി എന്നൊരു അഭിപ്രായം ഉണ്ടായി. ഇനി മുന്നോട്ട് പോയാല്‍ പാര്‍ട്ടി തന്നെ ഉണ്ടാവില്ലെന്ന സംശയം ഉണ്ടായി. ഇതെല്ലാം കൂടി ചേര്‍ന്നത് കൊണ്ടാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം കിട്ടിയത്.

വിഡി സതീശന്‍ എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്...?

സതീശന്‍ പ്രതിപക്ഷ നേതാവ് ആയത് പോലും രമേശിനെ വെട്ടിയിട്ടാണ്. അന്ന് വേണുഗോപാല്‍ സതീശന് ഗുരുനാഥനെ പോലെയായിരുന്നു. വേണുവിന്റെ ആളായിട്ടാണ് സതീശന്‍ നിലകൊണ്ടിരുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എംഎല്‍എമാരുടെ പിന്തുണ രമേശിനായിരുന്നു. എന്നാല്‍ സതീശന്‍ വേണുഗോപാലിനെ കൊണ്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി, പ്രതിപക്ഷ നേതാവായി.

പിന്നീട് അധികാരം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്കായി മത്സരം വേണുവും സതീശനും തമ്മിലായി. അവിടെ രമേശ് അപ്രസക്തനായി. എംഎല്‍എമാരുടെ പിന്തുണ വേണുഗോപാലിന് ആയിരുന്നെങ്കിലും പ്രധാന ഘടകകക്ഷിയായ ലീഗും സാധാരണ ജനങ്ങളും മാധ്യമങ്ങളും സതീശനൊപ്പം നിന്നു... അത് മാത്രമല്ല, വേണു മുഖ്യമന്ത്രിയായാല്‍ രണ്ട് ഉപതെരഞ്ഞെടുപ്പ് വീണ്ടും നടത്തണം. അതും സതീശന് ഗുണം ചെയ്തു. എന്നാല്‍ ഈ വണ്ടി കുലുങ്ങി കുലുങ്ങിയാണ് പോകുന്നത്. വീഴാനുള്ള കുഴികള്‍ സതീശന്‍ തന്നെ കുഴിച്ചു വെച്ചിട്ടുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖം ഇപ്പോള്‍ ആരാണ്...? സതീശനാണോ കെസിയാണോ...?

എവിടെ മുഖം...? പല മുഖങ്ങളല്ലേ ഇപ്പോള്‍ ഉള്ളത്... ഇവിടെ ഒരു ഫുള്‍ടൈം കെപിസിസി പ്രസിഡന്റിനെ വെക്കാന്‍ കഴിഞ്ഞിട്ടുണ്ടോ..? സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയാണ്. അദ്ദേഹത്തിന് ആ വകുപ്പ് അത്ര എളുപ്പമുള്ളതല്ലല്ലോ...? അതും പ്രതിസന്ധി ഘട്ടത്തിലൂടെ പോവുകയാണ്. വൈദ്യുതി പ്രതിസന്ധി മേനേജ് ചെയ്യാന്‍ പോലും സണ്ണി ജോസഫിന് കഴിയാത്തപ്പോള്‍ കെപിസിസി പ്രസിഡന്റ് എന്ന ചുമതല കൂടി എങ്ങനെ താങ്ങും..? വിവിധ കോര്‍പ്പറേഷനുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തലപ്പത്ത് ആളില്ലാത്ത അവസ്ഥ. നിയമനം നടക്കുന്നില്ല.

കര്‍ത്തയുടെ ഡയറിയില്‍ സതീശന്റെ പേരും ഉണ്ട്

പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ സതീശന്‍ ഉയര്‍ത്തിയതാണ് കര്‍ത്തയുമായി ബന്ധപ്പെട്ട ആരോപണം. ആ ഡയറി വെച്ചിട്ടാണല്ലോ പിണറായി വിജയനെതിരെ വിരല്‍ ഉയര്‍ത്തിയത്. എന്നിട്ടിപ്പോള്‍ സതീശന്‍ കാശ് വാങ്ങിയതായി തെളിഞ്ഞില്ലേ...? സതീശന്‍ മാത്രമല്ലല്ലോ... ആഭ്യന്തര മന്ത്രിയും വാങ്ങിയില്ലേ കാശ്... എന്താണ് ഇതില്‍ സര്‍ക്കാരിന്റെ സമീപനം?

പിണറായി വിജയനെയും മകളെയും ഇഡി വേട്ടയാടുകയാണോ..?

എന്താ സംശയം..? ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കണമെങ്കില്‍ പിണറായിയെ തകര്‍ക്കണം. അതാണ് ഇഡിയെ വെച്ച് നടപ്പിലാക്കുന്നത്. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടേ. പക്ഷേ, 10 കൊല്ലം ഭരിച്ചിട്ടും മൂന്നര കോടിയുടെ ആരോപണം മാത്രമാണ് പിണറായിക്ക് നേരെ വന്നത്...

സിപിഎമ്മുമായി സഹകരിച്ചത് തെറ്റായി പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ...?

ബുദ്ധിമുട്ടുള്ള കാലത്ത് കുടപിടിച്ച് എന്നെ തണലിലേക്ക് ചേര്‍ത്ത് നിര്‍ത്തിയത് പിണറായി വിജയനും എംഎ ബേബിയുമാണ്. അവരെ കൈവിട്ടുകൊണ്ടുളള ഒരു കാര്യവും ഇല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് എനിക്ക് നീതി കിട്ടിയിട്ടില്ല. ഹൈബിക്ക് വേണ്ടി മാറി കൊടുക്കണമെന്ന് പറഞ്ഞു. അതിനു ശേഷം, എനിക്കൊരു സ്ഥാനം തരണ്ടേ..? എന്നെ ഒന്നിലും അടുപ്പിക്കാതെയായി. ഒറ്റപ്പെടുത്തി.

കണ്ണൂരില്‍ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചു. മുന്‍പും ഇതുപോലെയുള്ള സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ കെസി വേണുഗോപാല്‍ എന്നെ വിളിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞു. കണ്ണൂരില്‍ കാല് കുത്തിയാല്‍ കാല് തല്ല് ഒടിക്കും എന്ന് അവിടെയുള്ള കോണ്‍ഗ്രസുകാരും പറഞ്ഞു. എന്നാല്‍ പങ്കെടുത്തിട്ട് തന്നെ കാര്യം എന്ന് ഞാനും തീരുമാനിച്ചു.

തുടര്‍ന്ന് ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ഛടക്ക കമ്മിറ്റി എന്നെ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. എന്നെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ അവര്‍ക്ക് കഴിയില്ല. അത് എഐസിസിയാണ് ചെയ്യേണ്ടത്. പിന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഉമാ തോമസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ നിന്ന എന്നെ അവര്‍ വിലക്കി. മാഷ് വരണ്ട എന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട നേതാവ് എന്നെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞ് ബിജെപിയില്‍ നിന്ന് എനിക്ക് ഓഫര്‍ വന്നു. പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതാണ്. പക്ഷേ, മെമ്പര്‍ഷിപ്പ് എടുക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു.

ആ സന്ദര്‍ഭത്തിലാണ് പിണറായി വന്നത്. മാഷ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മതി. അംഗത്വം എടുക്കേണ്ട കാര്യമില്ലെന്ന് പിണറായി പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാ. സോണിയാ ഗാന്ധിയുമായി ഇപ്പോഴും നല്ല അടുപ്പം പുലര്‍ത്തുന്നുണ്ട്.

മാഷ് അധികാര കൊതിയന്‍ ആണ് എന്ന് വിമര്‍ശനം ഉണ്ട്...?

ആര്‍ക്കാ അധികാരം വേണ്ടാത്തത്...? രാഷ്ടീയത്തില്‍ എല്ലാവരും സന്ന്യസിക്കാന്‍ വേണ്ടി വരുന്നവര്‍ ആണോ...? എന്താണ് എന്റെ സംഭാവന എന്ന് നോക്കണം. ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്ന ആളാണ് ഞാന്‍. കേരളത്തിലെ ടൂറിസത്തിന് മുഖം കൊടുത്ത ആളല്ലേ...? എറണാകുളം ജില്ലയില്‍ പാര്‍ട്ടിയെ വളര്‍ത്തിയില്ലേ...? അതല്ലേ എന്റെ സംഭാവന... എനിക്ക് അധികാര കൊതി ഉണ്ടെന്ന് തര്‍ക്കത്തിന് വേണ്ടി സമ്മതിക്കാം. ആര്‍ക്കാ അധികാര കൊതി ഇല്ലാത്തത്..? വിഡി സതീശനില്ലേ... ഈ പറയുന്നതില്‍ ആര്‍ക്കാ അധികാരകൊതി ഇല്ലാത്തത്.

അപ്പോള്‍ എന്തും പറയാം. അധികാര കൊതിവെച്ചെന്ന് പറയുന്ന എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു പരാതി എനിക്ക് എതിരെ ഉണ്ടായിട്ടുണ്ടോ....? ഫ്രഞ്ച് ചാരക്കേസ് ഉണ്ടാക്കിയത് പാര്‍ട്ടിക്കാരാ... വരുമാനത്തില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്നും വ്യാജരേഖാ കേസും എല്ലാം കെട്ടിച്ചമച്ചത് പാര്‍ട്ടിയിലുള്ള ചില നേതാക്കളാണ്... അവര്‍ക്ക് അവരുടേതായ അജണ്ട അന്നും ഉണ്ട് ഇന്നും ഉണ്ട്. ഞാന്‍ അതിനെയൊക്കെ അതിജീവിച്ച് വന്നവനാ...

രാഹുല്‍ ഗാന്ധിയാണോ പിണറായി വിജയനാണോ മികച്ച നേതാവ്...?

പിണറായി വിജയന്‍ ആര്‍ജ്ജവമുള്ള നേതാവാണ്. കര്‍ക്കശക്കാരനാണെന്നേ ഉള്ളു. നല്ല ഭരണാധികാരി ആണ്. ഞാന്‍ കെ കരുണാകരനെ പോലെ കാണുന്ന നേതാവാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ പതനത്തിന് ഒരു പരിധി വരെ കാരണക്കാരന്‍ രാഹുല്‍ ഗാന്ധി ആണ്.

രാഹുല്‍ ഗാന്ധി പുതിയ തലമുറയുടെ ആളാകാം. പക്ഷേ, കോണ്‍ഗ്രസിന്റെ പാരമ്പര്യം നോക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. നരേന്ദ്ര മോദിയെ പോലെ ഒരു നേതാവ് കോണ്‍ഗ്രസില്‍ ഇല്ലാതെ പോയതാണ് വീഴ്ചയുടെ പ്രധാന കാരണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന ആത്മകഥ ഏറെ വിവാദമായിരുന്നു. പ്രത്യേകിച്ച്, കെ കരുണാകരനെയും സോണിയ ഗാന്ധിയെയും തമ്മില്‍ തെറ്റിച്ചത് പത്മജക്ക് സീറ്റ് കൊടുക്കാത്തതിന്റെ പേരില്‍ ആണെന്നൊക്കെയുള്ള തുറന്ന് പറച്ചിലുകള്‍ കൊണ്ട്... ഇനി മറ്റൊരു പുസ്തകം മാഷില്‍ നിന്ന് പ്രതീക്ഷിക്കാമോ...?

കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതില്‍ ഒരു പ്രധാന കാരണം പത്മജക്ക് സീറ്റ് നിഷേധിച്ചത് തന്നെയായിരുന്നു. ഞാനത് തുറന്ന് എഴുതിയപ്പോള്‍ പത്മജയ്ക്ക് പിടിച്ചില്ല. ഞാനും മുരളീധരനും തമ്മില്‍ ഇപ്പോള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട്. ആ ഒരു സംഭവത്തോടെ പത്മജയും താനും തമ്മിലുള്ള ബന്ധവും വഷളായി. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്തായാലും സോണിയ ഗാന്ധിക്ക് അറിയാം. പിന്നെ പുസ്തകത്തിന്റെ കാര്യം. അത് എന്തായാലും ഉണ്ടാകും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

People lost faith in Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ

'കൈവിട്ട കളി'; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ

ചുംബിച്ചാൽ ഉത്കണ്ഠ പകരുമോ? സാധ്യത തള്ളിക്കളയരുതെന്ന് ​പഠനം

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി