കൊച്ചി: ന്യൂസീലന്‍ഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂര്‍ കടലിടുക്കില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാല്‍ ബാബു ജോര്‍ജിന്റെ മകന്‍ ഫെര്‍സില്‍ ബാബുവിന്റെ (36) ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2024 മേയ് ഒന്നിനാണ് ഫെര്‍സില്‍ ബാബുവും സുഹൃത്ത് ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറും (37) റോക്ക് ഫിഷിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.
തീരത്തെ പാറക്കെട്ടില്‍ നിന്നുചൂണ്ടയിട്ടപ്പോള്‍ ഇരുവരും കടലില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം. ശരത് കുമാറിന്റെ മൃതദേഹം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടെത്തി. എന്നാല്‍ ന്യൂസീലന്‍ഡ് പൊലീസ് കരയിലും കടലിലും വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ഫെര്‍സിലിനെ കണ്ടത്താനായിരുന്നില്ല.
അപകടം നടന്ന സ്ഥലത്തുനിന്ന് 2024 ഡിസംബര്‍ 24ന് ലഭിച്ച അസ്ഥികൂടം ഫെര്‍സിലിന്റേതാകാമെന്ന സംശയത്തെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ 6നാണ് പരിശോധനാഫലം വന്നത്. ഫെര്‍സിലിന്റേതാണെന്ന് സ്ഥിരീകരിച്ച വിവരം ന്യൂസീലന്‍ഡ് പൊലീസ് ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചു. ദുബായില്‍ ജോലി ചെയ്തിരുന്ന ഫെര്‍സില്‍, 2023 ജനുവരിയിലാണ് ന്യൂസീലന്‍ഡില്‍ നഴ്‌സായ തിരുവല്ല സ്വദേശിനി ആഷ്‌ലിയെ വിവാഹം കഴിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച്, പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണു അപകടം. ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ച് മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാനുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates