തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണെന്നും ഇന്നത് പാലിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകള്‍ തീര്‍ക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സമഗ്രമായ പിന്തുണാ സംവിധാനങ്ങള്‍ ഇതിനായി ഒരുക്കുമെന്നത് ഈ സര്‍ക്കാര്‍ നല്‍കുന്ന വെറും വാഗ്ദാനമല്ല, മറിച്ച് ആ മനുഷ്യര്‍ക്ക് നല്‍കുന്ന കരുത്തുറ്റ ഉറപ്പാണ്.
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്തികയില്‍ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. ഇന്ന് ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates