തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ബാറുടമ ബിജു രമേശ്. ബാര്‍കോഴ ആരോപണത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് പിണറായിയും കോടിയേരിയും ആവശ്യപ്പെട്ടെങ്കിലും പിന്നീട് വാക്കുമാറി. പ്രതിയായിരിക്കെ ഒരു ദിവസം കെ എം മാണി പിണറായിയുടെ വീട്ടില്‍ കാപ്പി കുടിക്കാന്‍ പോയി. പിന്നാലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഫോണ്‍പോയി. മാണിസാറിന്റെ കേസ് അന്വേഷിക്കേണ്ടെന്ന്. മാണിയും പിണറായിയും ഒത്തുകളിച്ചു. ഇതില്‍ ആരെയാ വിശ്വസിക്കുക. എന്ത് വിജിലന്‍സ് എന്‍ക്വയറിയാണ് നടക്കുന്നത്. ബിജു രമേശ് ചോദിച്ചു.
രമേശ് ചെന്നിത്തല മുമ്പ് എന്തായിരുന്നു, ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എന്താണ് എന്നെല്ലാം ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. 164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന്റെ തലേദിവസം രമേശ് ചെന്നിത്തലയുടെ ഭാര്യ വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പിന്നീട് രമേശ് ചെന്നിത്തലയും തന്നെ വിളിച്ച് വര്‍ഷങ്ങളായി അടുപ്പമുള്ളതല്ലേ, ഉപദ്രവിക്കരുതെന്ന് പറഞ്ഞു കേണപേക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് താന്‍ ചെന്നിത്തലയ്‌ക്കെതിരെ രഹസ്യമൊഴി നല്‍കാതിരുന്നത് എന്നും ബിജു രമേശ് പറഞ്ഞു.
കേസുമായി മുന്നോട്ടുപോയ തനിക്ക് ന്യായവും നീതിയും ലഭിക്കുന്നില്ല. രാഷ്ട്രീയക്കാരെയെല്ലാം ഒരേ നാണയത്തിന്റെ രണ്ടു മുഖമായിട്ടല്ലാതെ, മറ്റൊരു പ്രത്യേകതയും തോന്നുന്നില്ല. താന്‍ ആരുടെയും വക്താവല്ല. താന്‍ രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ മൊഴി നല്‍കിയാല്‍ പിന്നെയും കോംപ്രമൈസ് ചെയ്യില്ലെന്ന് എന്താണുറപ്പ് എന്നും ബിജു രമേശ് ചോദിച്ചു. ഇവര്‍ പരസ്പരം കോംപ്രമൈസ് ചെയ്യുന്ന അവസ്ഥയിലാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തനിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ എജിയും ചീഫ് സെക്രട്ടറിയും അടക്കം 22 പേരാണ് ഡല്‍ഹിയില്‍ പോയത്.
ബാര്‍കോഴ കേസില്‍ അസംബ്ലിയില്‍ സിപിഎം എന്തുമാത്രം പ്രശ്‌നമുണ്ടാക്കി, ജനങ്ങളുടെ വികാരം ഇളക്കി റോഡിലിറക്കി. അവസാനം അതേ കെ എം മാണി മുഖ്യമന്ത്രിയുടെ ഒപ്പം ഭക്ഷണം കഴിച്ചതോടെ, മാണിയെ മുന്നണിയില്‍ എടുക്കാന്‍ വരെ പാര്‍ട്ടി തീരുമാനിച്ചു. സിപിഐ മാറിയാല്‍ മാണി ഉള്‍പ്പെടെ മൂന്നു എംഎല്‍എമാര്‍ മാത്രമേ വരികയുള്ളൂ. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്‍സിപിയും ഗണേഷ് കുമാറും പോയ്ക്കളയുമോ എന്നും ഭയന്നു. അല്ലാതെ ആദര്‍ശ ശുദ്ധി കൊണ്ടൊന്നുമല്ല സിപിഎം പിന്മാറിയത്.
ആദര്‍ശശുദ്ധിയൊന്നും ബാര്‍കോഴ വിഷയത്തില്‍ കണ്ടില്ല. ഒട്ടേറെ മാനസിക ബുദ്ധിമുട്ടുകളും തിക്താനുഭവങ്ങളും ഉണ്ടായി. സഹായിക്കാനായി ആരും വാക്കുപോലും പറഞ്ഞില്ല. വിജിലന്‍സ് അന്വേഷണം പ്രഹസനമായി പോകുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ എംഎല്‍എമാരും മന്ത്രിമാരുമായ 36 പേരുടെ അഴിമതിയുടെ ഫയല്‍ തന്റെ പക്കലുണ്ട്. അത് പിണറായി വിജയനെ അറിയിച്ചപ്പോള്‍ കയ്യിലിരിക്കട്ടെ എന്നാണ് പറഞ്ഞത്.
ഇക്കാര്യം ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ചപ്പോള്‍ കോടിയേരി സഖാവിന് അറിയാമെന്ന് പറഞ്ഞു. അപ്പോഴാണ് കയ്യിലിരിക്കട്ടെ എന്ന് പറഞ്ഞത്. വി എസ് ശിവകുമാറിനെതിരെ മാത്രമാണ് കേസ് ഫയല്‍ ചെയ്തത്. അത് സുപ്രീംകോടതി സ്‌റ്റേ നല്‍കിയിരിക്കുകയാണ്. ജോസ് കെ മാണി വിളിച്ചത് അടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സിന് താന്‍ എഴുതി കൊടുത്തതാണ്. അപ്പോള്‍ അന്വേഷിക്കാന്‍ അധികാരമില്ല എന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് എന്നും ബിജു രമേശ് വ്യക്തമാക്കി.
ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പിന്നീട് എഡിജിപി ശങ്കർ റെഡ്ഡിയെ കൊണ്ട് എനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മാണിയെ കൊണ്ട് ബാർ കോഴകേസ് ഞാൻ കെട്ടിച്ചമച്ചതാണ് എന്ന് പരാതിയുണ്ടാക്കിയാണ് അദ്ദേഹം അന്വേഷണം നടത്തിച്ചത്. പരാതി തന്നെ വ്യാജമാണെന്ന് പറഞ്ഞ് ആ കേസ് തള്ളിപ്പോകുകയാണ് ചെയ്തത്.
ജനങ്ങളെ കൊള്ളയടിച്ച് അതൊരു ബിസിനസാക്കി നടത്തുന്ന രാഷ്ട്രീയക്കാരെ നമ്മൾ മാറ്റി നിർത്തുകയാണ് വേണ്ടത്. അഴിമതി പുറത്തു കാണിക്കാൻ ശ്രമിച്ചതിന് എനിക്കൊരു നേട്ടവും ഉണ്ടായിട്ടില്ല നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. കൂടുതല്‍ കേസുമായി മുന്നോട്ടുപോകാനുള്ള ബാധ്യത തനിക്കില്ല. സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോകട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates