കൊച്ചി: പിറവത്ത് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ബേബി വര്‍ഗീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്നെയാരും സ്‌നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ചിന്തയാണ് ബേബിയെ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് മുമ്പായി ബേബി വീടിന്റെ ഡൈനിങ് ഹാളിന്റെ ഭിത്തിയില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു.
തന്നെ ആരും സ്‌നേഹിച്ചില്ല. തനിക്ക് നീതി ലഭിച്ചില്ല, അതിനാല്‍ താന്‍ നീതി നടപ്പാക്കുന്നു എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. തന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പഠനത്തിനായി വിട്ടുകൊടുക്കണമെന്നും ചെലവുകള്‍ക്കായി രണ്ടു ലക്ഷം രൂപ വെച്ചിട്ടുണ്ടെന്നും എഴുതി വെച്ചിട്ടുണ്ട്. തന്നെ ചതിച്ച ഒരാളോടുള്ള വെറുപ്പും ശാപവചനമായി കുറിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പുതുവര്‍ഷാശംസകളും നേര്‍ന്നിട്ടുണ്ട്.
ഭാര്യയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി മറ്റൊരു മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമികവിവരം. വെട്ടേറ്റ പെണ്‍കുട്ടികള്‍ മുകളിലത്തെ നിലയിലെ മുറിയില്‍ ഓടിക്കയറി വാതിലടച്ചതാണ് രക്ഷയായത്. മുന്‍ഭാഗത്തെ കിടപ്പുമുറിയില്‍ തറയിലായിരുന്നു സ്മിതയുടെ മൃതദേഹം കിടന്നിരുന്നത്. പിന്‍ഭാഗത്തെ കിടപ്പുമുറിയിലാണ് ബേബിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഭാര്യ സ്മിതയെ കൊലപ്പെടുത്തിയശേഷം ബേബി മക്കളുടെ മുറിയില്‍ കയറി അവരെ വിളിച്ചു. അമ്മയെ ഞാന്‍ കൊന്നു. നമുക്കെല്ലാം മരിക്കാം എന്നു പറഞ്ഞ് ബേബി മൂത്തമകള്‍ ഫേബയുടെ കഴുത്തില്‍ കത്തി വെക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന ഫേബയും അനിയത്തി അന്നയും കത്തി തട്ടിമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടി. അവിടെ വെച്ച് ബേബി മക്കളെ വെട്ടി. എല്ലാവര്‍ക്കും കൂടി മരിക്കാമെന്ന് പറഞ്ഞ് കുട്ടികളുടെ ദേഹത്തും മുറിയിലും മണ്ണെണ്ണയൊഴിച്ചു.
തീ കൊളുത്തുന്നതിന് മുമ്പായി കുട്ടികള്‍ ഓടി മുകളിലത്തെ മുറിയില്‍ കയറി വാതിലടച്ചു. കുട്ടികള്‍ രണ്ടുപേരും മരിക്കാന്‍ ശ്രമിച്ചതായും അന്നയുടെ കൈത്തണ്ടയിലെ മുറിവ് സ്വയം മുറിച്ചതാണെന്നും പൊലീസ് സൂചിപ്പിച്ചു. പിന്നീട് കൂടിയ അളവില്‍ ഗുളിക കഴിച്ചു. ഇതേത്തുടര്‍ന്ന് മയങ്ങിപ്പോയ കുട്ടികള്‍ രാവിലെ എട്ടരയോടെയാണ് ഉണര്‍ന്നത്. മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ അയല്‍ക്കാരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെണ്‍കുട്ടികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗലാപുരത്ത് നഴ്‌സിങ് പഠിക്കുന്ന ഫെബയും അന്നയും ക്രിസ്മസ് അവധിക്കാണ് നാട്ടിലെത്തിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലേക്ക് പോയ ബേബി അവിടെ നിന്നും മടങ്ങിയെത്തിയശേഷമാണ് സ്മിതയെ വിവാഹം കഴിക്കുന്നത്. തിരുവാങ്കുളം മാമ കരിമാങ്കുളത്തില്‍ കുടുംബാംഗമാണ് സ്മിത. ക്രൂരകൃത്യത്തിന്റെ കാരണങ്ങളെഴുതിയ ഭിത്തിയിലെ കുറിപ്പിന് സമീപം ഫോട്ടോ അടങ്ങിയ ഒരു കവറും തൂക്കിയിട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates