പാലക്കാട്: സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി കെ ശശി. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല എന്ന് പി കെ ശശി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലണ്ടനില്‍ മാര്‍ക്‌സിന്റെ ശവകുടീരം സന്ദര്‍ശിച്ചശേഷം, അതിനു മുന്നില്‍ നിന്നെടുത്ത ചിത്രം സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതൃത്വത്തിനെതിരെ ശശിയുടെ ഒളിയമ്പ്.
'മണ്ണും മനുഷ്യനും ഈ പ്രപഞ്ചവും നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമായി തുടരും. പക്ഷേ ഇത് ആഴത്തില്‍ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു എന്നത് ഉത്കണ്ഠയുളവാക്കുന്നു. കൂടെ നില്‍ക്കേണ്ടവരേയും കൂട്ടിനിരിക്കേണ്ടവരേയും കണ്ണൂരുട്ടി പേടിപ്പിച്ച് അവരെ മൗനികളും അടിമകളുമാക്കി മാര്‍ക്‌സിസം പ്രയോഗിക്കാനാവില്ല. കള്ളിന്റേയും കഞ്ചാവിന്റേയും ഗന്ധമുള്ള പുത്തന്‍ കുപ്പായത്തിന്റെ ചുവപ്പു പോക്കറ്റുമല്ല അത്. കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള ചിറകടിയാണത്.'
'ഈ സ്പിരിറ്റിലാണ്, ഈ സ്പിരിറ്റിലാവണം മാര്‍ക്‌സിസത്തെ വായിക്കേണ്ടത്. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല. മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമാണ് അമരമാണ് നിത്യവസന്തമാണ്', പി കെ ശശി കുറിച്ചു. പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഹരിദാസനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സുരേഷ് ബാബുവിന്റെ സന്തതസഹചാരിയാണ് ഹരിദാസന്‍ എന്ന ആരോപണം ഉയർന്നിരുന്നു.
പി കെ ശശിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'ബലികുടീരത്തില്‍ നീ ഉറങ്ങുമ്പോഴും
ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു'
ലണ്ടനില്‍ WTM ല്‍ പങ്കെടുക്കാന്‍ പോയത് കടുത്ത മഞ്ഞും തണുപ്പും പ്രയാസപ്പെടുത്തുന്ന സമയത്തായിരുന്നു അവിടെ എത്തുന്നതിനു വളരെ മുന്നേ മനസില്‍ വരച്ചിട്ടതായിരുന്നു മഹാനായ മാര്‍ക്‌സിന്റെ ശവകുടീരം സന്ദര്‍ശിക്കുക എന്നുള്ളത്. അതിന് തെരഞ്ഞെടുത്തത് നവമ്പര്‍ 7 ആയത് തികച്ചും യാദൃശ്ചികം മാത്രം. മാര്‍ക്‌സിയന്‍ ആദര്‍ശം ഒരു വരട്ടുതത്വമായി കാണാതെ തികച്ചും പ്രായോഗികവല്‍ക്കരിച്ച ഒക്ടോബര്‍ വിപ്ലവത്തിന്റെ നാളില്‍ത്തന്നെ. കടുത്ത തണുപ്പില്‍ ഏറെ നേരം ആ ശവകുടീരം നോക്കി നിന്നു. മാനവ വിമോചനത്തിന് ഒരു പുതിയ ദാര്‍ശനികമുഖം നല്‍കിയ യുഗ പ്രതിഭ. ആ ദര്‍ശന വാദത്തെ ലോകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ശരിയായ നിലയില്‍ വിലയിരുത്തുന്ന ശാസ്ത്രമായി ചരിത്രത്തേയും വര്‍ത്തമാന കാലത്തേയും അതിസൂക്ഷ്മമായി വിലയിരുത്തി വര്‍ഗസമരമെന്ന സ്വപ്നത്തെ പങ്കു വച്ചതും മുതലാളിത്വത്തെ സോഷ്യലിസവും ആത്യന്തികമായി കമ്യൂണിസവും ആത്യന്തികമായി പകരം വയ്ക്കുമെന്നും ദീര്‍ഘദര്‍ശനം ചെയ്തതും മാര്‍ക്‌സിന്റെ മഹത്തായ സംഭാവനയായിരുന്നു
തീര്‍ത്തും ഒരു ശാസ്ത്രമായിത്തന്നെ രൂപം കൊടുത്ത മാനവ വിമോചന പ്രത്യയ ശാസ്ത്രത്തിന് രൂപം കൊടുക്കാന്‍ മാര്‍ക്‌സ് ഉപയോഗപ്പെടുത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തേയും , ചരിത്രത്തെപ്പറ്റിയുള്ള ഭൗതിക വ്യാഖ്യാനത്തേയും തന്നെയായിരുന്നു.
മണ്ണും മനുഷ്യനും ഈ പ്രപഞ്ചവും നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമായി തുടരും. പക്ഷേ ഇത് ആഴത്തില്‍ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു എന്നത് ഉത്കണ്ഠയുളവാക്കുന്നു. കൂടെ നില്‍ക്കേണ്ടവരേയും കൂട്ടിനിരിക്കേണ്ടവരേയും കണ്ണൂരുട്ടി പേടിപ്പിച്ച് അവരെ മൗനികളും അടിമകളുമാക്കി മാര്‍ക്‌സിസം പ്രയോഗിക്കാനാവില്ല. ഒരു കവി എഴുതിയ പോലെ വിപ്ലവം നതോന്നതയില്‍ നടന്നു വരുന്ന നായര്‍ തരുണിയല്ല. കള്ളിന്റേയും കഞ്ചാവിന്റേയും ഗന്ധമുള്ള പുത്തന്‍ കുപ്പായത്തിന്റെ ചുവപ്പു പോക്കറ്റുമല്ലത്. ക കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള ചിറകടിയാണത്. ഈ സ്പിരിറ്റിലാണ്, ഈ സ്പിരിറ്റിലാവണം മാര്‍ക്‌സിസത്തെ വായിക്കേണ്ടത്. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല.
മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമാണ് അമരമാണ് നിത്യവസന്തമാണ്.
ശശിക്ക് മറുപടിയുമായി സുരേഷ് ബാബു
പി കെ ശശിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു രംഗത്തെത്തി. 'ഇത്തരം ഫെയ്‌സ്ബുക് പോസ്റ്റുകള്‍ ഇടുന്നത് കൊണ്ടാണ് പി കെ ശശി ബ്രാഞ്ചില്‍ ഇരിക്കുന്നത്. പി കെ ശശി ഉന്നം വെയ്ക്കുന്നവര്‍ നേതൃത്വത്തിലും ഇരിക്കുന്നത്. അതാണ് അതിന് ഉത്തര'മെന്ന് ഇ എന്‍ സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates