Excessive PSUs Drain Kerala Finances; Experts Urge Restructuring Express Illustrations
Kerala

'പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത'; പുനഃസംഘടന വേണമെന്ന് വിദഗ്ധര്‍

നിയമനങ്ങള്‍ ഭൂരിഭാഗവും രാഷ്ട്രീയാധിഷ്ഠിതമാണെന്നും പലപ്പോഴും വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനാണ് ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

Author : അന്ന ജോസ്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ഉന്നതതല നിയമനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ അമിത ബാഹുല്യം വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ക്ക് കീഴിലായി നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, കമ്മീഷനുകള്‍ എന്നിവയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സാമ്പത്തിക ചെലവുകള്‍ ചുരുക്കാനും സ്ഥാപനങ്ങള്‍ ലയിപ്പിച്ച് പുനഃസംഘടിപ്പിക്കണമെന്ന് സാമ്പത്തിക വിദദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളും, 16 ക്ഷേമനിധി ബോര്‍ഡുകളും, 8 കമ്മീഷനുകളും, 3 വികസന അതോറിറ്റികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയിലെ നിയമനങ്ങള്‍ ഭൂരിഭാഗവും രാഷ്ട്രീയാധിഷ്ഠിതമാണെന്നും പലപ്പോഴും വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനാണ് ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പല ബോര്‍ഡുകളും കോര്‍പ്പറേഷനുകളും സമാനമായ ജോലികളാണ് ചെയ്യുന്നതെന്നും ഇത് ജോലിയിലെ ഇരട്ടിപ്പിനും ഉയര്‍ന്ന ചെലവുകള്‍ക്കും ഇടയാക്കുന്നുവെന്നും സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടര്‍ സി വീരമണി പറഞ്ഞു. 'നിരവധി അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുന്നില്ല. രാഷ്ട്രീയാക്കാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താത്പര്യങ്ങളും ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളുമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് പിന്നില്‍. ഇവയെ സംയോജിപ്പിച്ച് ഒറ്റ സ്ഥാപനമാക്കുന്നത് നികുതിപ്പണം ലാഭിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും' -അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഭിപ്രായപ്പെട്ടു. 'സംസ്ഥാനത്തുള്ള 120ലധികം പൊതുമേഖലാ സ്ഥാപനങ്ങളില്‍ 25 എണ്ണം മാത്രമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത്. ലാഭത്തില്‍ ഓടുന്നവയുടെ എണ്ണം വളരെ കുറവാണ്. ഒരേ വകുപ്പിന് കീഴിലുള്ള ബോര്‍ഡുകളും ഫെഡറേഷനുകളും ലയിപ്പിച്ച് ഒന്നാക്കിയാല്‍ അനാവശ്യ നിയമനങ്ങളും ചെലവുകളും ഒഴിവാക്കാം' -അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ രാഷ്ട്രീയ നിയമനങ്ങളും അനാവശ്യ സമിതികളും സംസ്ഥാന ധനസ്ഥിതിയെ തകര്‍ക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ ബിഎ പ്രകാശ് ചൂണ്ടിക്കാട്ടി. നഷ്ടത്തില്‍ ഓടുന്ന പല സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പണം വായ്പയായി നല്‍കേണ്ടി വരുന്നുണ്ടെന്നും ഇത് നികുതിപ്പണം പാഴാക്കിക്കളയുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Plethora of PSUs Drain on Kerala: Experts Suggest Rejig for Efficiency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

സമ്മർദം കുറയ്ക്കും, നീല ചായ ഒന്ന് പരീക്ഷിച്ചു നോക്കൂ

കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്

ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം, 'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!