ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിയമവശം ചര്‍ച്ച ചെയ്യുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. അത് മന്ത്രി സഭ പരിശോധിച്ചുവരികയാണ്. ഒരുസര്‍ക്കാര്‍ എഗ്രിമെന്റ് വച്ചതാണെന്നും അതിന്റെ ഇംപാക്ട് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി.
മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എത്രയും പെട്ടെന്ന് അവര്‍ക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയില്‍ പൂര്‍ണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂണ്‍ ആദ്യവാരത്തില്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരില്‍ക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചില കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ധവളപത്രം പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 5,580 കോടി രൂപ (25 ശതമാനം തുക) കേരളം നല്‍കിയിട്ടുണ്ടെന്നും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. നിലവില്‍ ജിഎസ്ഡിപിയുടെ 3.5 ശതമാനമാണ് കടമെടുപ്പ് പരിധിയെങ്കിലും അതില്‍ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. കിഫ്ബിയും പെന്‍ഷന്‍ഫണ്ടും വരുത്തിവെച്ച ബാധ്യതകള്‍കൂടി ഈ പരിധിയില്‍ ഉള്‍പ്പെടുന്നത് കടമെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധവളപത്രം ഇറക്കിയശേഷം ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates