തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും പൊലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിനു മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് പൊലീസ് പിൻവാങ്ങിയത്.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും ഇനി നൽകുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നൽകുക. സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ജില്ലാ പൊലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം.
മതിയായ കാരണങ്ങളുണ്ടെങ്കിൽ, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാലുടൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.
അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും.
ചില രാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കുവൈറ്റിൽ ജോലിക്ക് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണൽ പാസ്പോർട്ട് ഓഫീസിൽ നിന്ന് ഇതു നൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates